രാജ്യത്തെ എല്ലാ സ്കൂളുകളിലും ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കുള്ള ശൗചാലയങ്ങള്‍ ആറുമാസത്തിനകം സജ്ജീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്‍വയോണ്‍മെന്റല്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സ്വാഗതാര്‍ഹമായ ഉത്തരവ്. ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടപടി എടുക്കും. ആറുവയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീംകോടതി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ഇത് പ്രായോഗികമാക്കാന്‍ സാധ്യമാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്കൂളുകളിലേയ്ക്ക് കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല എന്നും കോടതി പ്രസ്താവിച്ചു. കക്കൂസില്ലാത്ത കാരണമാണ് കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ സ്കൂളില്‍ വിടാത്തത് എന്ന് സര്‍വേകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെയില്‍ഡ് റൈറ്റ്സ് ആന്റ് യു എന്ന സംഘടന നടത്തിയ സര്‍വേയില്‍ 44 ശതമാനം സ്കൂളുകളില്‍ ഒഴികെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കക്കൂസുകള്‍ ഇല്ല. 11 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ സംഖ്യ 2009 ല്‍ 6.5 ശതമാനമായിരുന്നെങ്കില്‍ 2010 ല്‍ അത് 5.9 ശതമാനമായി നിലനില്ക്കുന്നു.
ഇന്ത്യയില്‍ 8.3 കോടി പെണ്‍കുട്ടികളാണ് 11 വയസ്സിനും 18 വയസ്സിനും ഇടയില്‍ ഉള്ളത്. അതായത് ഇന്ത്യയിലെ സ്ത്രീജനസംഖ്യയുടെ 17 ശതമാനം. സെക്കന്ററി എഡ്യുക്കേഷന്‍ തലത്തിലാണ് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നത്. പ്രത്യേക ശൗചാലയം ഇല്ലാത്തതാണ് ഇതിനൊരു പ്രധാന കാരണം. പെണ്‍കുട്ടികള്‍ വിവിധതരം പീഡനം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക കക്കൂസുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നാണ് സിആര്വൈയുടെ പഠനം വ്യക്തമാക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പറഞ്ഞ ഒരു വസ്തുത സ്ത്രീശാക്തീകരണം താഴേത്തട്ടില്‍നിന്ന് തുടങ്ങണം എന്നാണ്. അതിന് വിദ്യാഭ്യാസം അനിവാര്യമാണല്ലോ. സര്‍ക്കാരുകള്‍ സ്കൂളില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങള്‍ വിവിധ മേഖലകളില്‍ തുടരുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ വെള്ളം, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക കക്കൂസുകള്‍ മുതലായവ നടപ്പാക്കിയില്ലെങ്കില്‍ ഇത് പ്രായോഗിക തലത്തില്‍ എത്തുകയില്ല. എഡ്യുക്കേഷന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സില്‍ 92 ശതമാനം സാക്ഷരരായുളള കേരളത്തിലും 7.85 ശതമാനം കൊഴിഞ്ഞു പോകുന്നു. 41.30 ശതമാനം പ്രൈമറി സ്കൂളുകളില്‍ ശൗചാലയങ്ങളില്ല.
യുപി തലത്തിലും 83 ശതമാനം സ്കൂളുകളില്‍ മാത്രമാണ് കക്കൂസുകള്‍ ഉള്ളത്. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഉപയോഗിക്കാനുള്ള ശൗചാലയങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ എയ്ഡഡ് മേഖലയില്‍ പോലും സ്കൂളുകളില്‍ പ്രത്യേക ശൗചാലയങ്ങള്‍ ഇല്ല. എറണാകുളത്തെ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്ക്കൂളില്‍ ഇ-ടോയ്ലറ്റ് സ്ഥാപിച്ച് കേരളം റെക്കോര്‍ഡിട്ടെങ്കിലും ശൗചാലയ ലഭ്യതയില്‍ കേരളവും പിന്നില്‍ തന്നെയാണ്. 57.17 ശതമാനം സ്കൂളുകളില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ച് ശൗചാലയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 78.37 ശതമാനം പ്രൈമറി സ്കൂളുകളിലും പൊതു ശൗചാലയങ്ങള്‍ മാത്രാണ് നിലവിലുള്ളത്. സമയബന്ധിതമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെടാത്തതിനാലാണ് ഈ കൊല്ലം മാര്‍ച്ച് 31 നകം എല്ലാ സ്കൂളുകളിലും സ്ഥിരം കക്കൂസ് നിര്‍മിക്കുന്നതിന് സംസ്ഥാന സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം അത് ശുചിയായി സംരക്ഷിക്കുന്നതിനുള്ള പരിശീലനം കൂടി കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: