ജീവന് രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. ജീവന് രക്ഷാ മരുന്നുകളുടെ വില നിര്‍ണയ രീതി മാറ്റാന്‍ പാടില്ലെന്നും അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി വിജ്ഞാപനം ചെയ്യുന്ന തീയതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും കൂടുതല്‍ അവശ്യമരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അവശ്യമരുന്നുകളുടെ വില ഉയര്‍ന്നാല്‍ ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ എല്ലാം വിറ്റ് മരുന്നുവാങ്ങുക എന്ന സ്ഥിതിയിലേക്ക് രോഗികള്‍ എത്തുമെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മരുന്നുവില നിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട കോടതി 1999 ജൂലൈ 13 മുതല്‍ നിലവിലുള്ള ഒരു വിജ്ഞാപനത്തിലും ഭേദഗതി വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. മരുന്നു വിപണിയില്‍ 60 ശതമാനം വില്‍പ്പനയും 348 ആവശ്യമരുന്നുകളുടേതാണ്. 74 മരുന്നുകളാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വില നിയന്ത്രണ പട്ടികയിലുള്ളത് മരുന്നുവില നിയന്ത്രണനയം മരുന്നുകളുടെ വിലക്കയറ്റത്തിന് വഴിവയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ തന്നെ മരുന്നുവിലയില്‍ ഒരു സ്ഥിരതയും ഇല്ല. ഡോക്ടര്‍മാരും ഡ്രഗ് കമ്പനികളും ഫാര്‍മസി ലോബിയും നിയന്ത്രിക്കുന്ന മരുന്നുകമ്പോളമാണ് ഇന്ന് നിലവിലുള്ളത്. ബ്രാന്‍ഡഡ് മരുന്നുകളുടെ കാലഘട്ടത്തില്‍ ഒരേ മരുന്ന് പല ബ്രാന്‍ഡഡ് പേരുകളിലും ഫാര്‍മസികളില്‍ ലഭ്യമാണ്.
രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ മുതലായവ ഇന്ന് ജീവിത ശൈലി രോഗങ്ങളായി മാറിയിരിക്കുന്നു. ഈ രോഗങ്ങളുടെ ചികിത്സാ ചെലവ് വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്. ഉല്‍പ്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നുവില നിശ്ചയിച്ചിരുന്ന സംവിധാനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 348 മരുന്നുകള്‍കൂടി ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റിയുടെ പട്ടികയില്‍ പെടുത്താന്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ചിരുന്നു. ഈ രീതി മരുന്നുവില വര്‍ധിക്കാന്‍ വഴി തെളിച്ചേക്കാം. ഇപ്പോള്‍ തന്നെ കേരളത്തില്‍ യഥാര്‍ത്ഥ വിലയല്ല, മാക്സിമം റിട്ടേയില്‍ പ്രൈസ് അഥവാ എംആര്‍പിയായി രേഖപ്പെടുത്തുന്ന വിലയാണ് സേവനലക്ഷ്യമിടുന്ന ആശുപത്രികള്‍പോലും രോഗികളില്‍ നിന്നും ഈടാക്കുന്നത്. മരുന്നു വില വര്‍ധിച്ച് ഒരാളുടെ മാസ ശമ്പളത്തേക്കാള്‍ അധികമാകുമ്പോള്‍ മൃതശരീരം മറവ് ചെയ്യുന്നതാണ് കുറച്ചുകൂടി ചെലവ് കുറവെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഡീസല്‍ പെട്രോള്‍ വില വര്‍ധനാധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടിയുടെ ദുരന്തഫലം അനുഭവിക്കുന്ന ജനതയ്ക്ക് മരുന്നുവില നിയന്ത്രിക്കുന്നതിലുള്ള കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: