കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും സിലിണ്ടറുകളുടെ വിതരണത്തില്‍ വരുത്തുന്ന കാലതാമസത്തിലും അപകടങ്ങളുടെ കാര്യത്തില്‍ ഐഒസി കമ്പനി കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച് ഒക്ടോബര്‍ നാലിന് പനമ്പിള്ളി നഗറിലുള്ള ഐഒസി ഓഫീസിലേക്ക് എഡ്രാക്കിന്റെ നേതൃത്വത്തില്‍ റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും വീട്ടമ്മമാരും മാര്‍ച്ച് നടത്തും.
കുടുംബ ജീവിത ചെലവുകളെ അട്ടിമറിക്കുന്ന വിലക്കയറ്റത്തിനിടയാക്കുന്ന നടപടികളുമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മത്സരിച്ചു നീങ്ങുന്നതില്‍ എഡ്രാക്കിന്റെ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത പ്രതിവര്‍ഷം ആറ് എണ്ണമായി പരിമിതപ്പെടുത്താനും ബാക്കി വേണ്ടിവരുന്നവക്ക് വളരെ ഉയര്‍ന്ന വില നല്‍കണമെന്നും നിശ്ചയിക്കുന്നതിന് ചുരുങ്ങിയത് 50 ശതമാനം വില കൂട്ടുന്നതിന് തുല്യമാണ്. പുറമെ ഡീസല്‍ വില വര്‍ധിപ്പിച്ചതിന്റെ ഭാഗമായുള്ള തുടര്‍ വിലക്കയറ്റം അരിമുതല്‍ എല്ലാ പലവ്യഞ്ജനങ്ങളുടേയും പച്ചക്കറി, മത്സ്യം തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലകള്‍ ഗണ്യമായി വര്‍ധിക്കുന്നതിനിടയാക്കി. ഇതിന് പുറമെയാണ് വൈദ്യുതി നിരക്കില്‍ വീണ്ടും വീണ്ടും വര്‍ധനവ് വരുത്തുന്നത്. ബസ് ചാര്‍ജും പാല് വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ലോഡ്ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതെല്ലാം വീട്ടമ്മമാരായ സ്ത്രീകളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്.
സിലിണ്ടറുകള്‍ ബുക്ക് ചെയ്താല്‍ രണ്ടു മാസത്തിലേറെ കഴിഞ്ഞാലും കിട്ടാത്ത അവസ്ഥയാണ്. ബുക്ക് ചെയ്താല്‍ 21 ദിവസത്തിനകം സിലിണ്ടര്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എഡ്രാക്ക് പ്രതിനിധികളോട് ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരിക്കല്‍പോലും ഐഒസി അധികൃതര്‍ വാക്കുപാലിച്ചിട്ടില്ല. സമീപകാലത്തുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറികളുടെ കാരണങ്ങളും ഐഒസി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാളുകളിലുണ്ടായ ടാങ്കര്‍ ദുരന്തവും ഉദയംപേരൂര്‍ ബോട്ടിലിംഗ് പ്ലാന്റിലുണ്ടായ അപകടവും അവരുടെ നിരുത്തരവാദപരമായ നിലപാടുകള്‍ ശക്തമായി വെളിപ്പെടുത്തുന്നു. ഇതെല്ലാം പറഞ്ഞാണ് ബുക്ക് ചെയ്തവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ നല്‍കാതിരിക്കുന്നത്. ഈ പ്രശ്നത്തില്‍ അതിഗൗരവത്തോടെ ഇടപെട്ട് സിലിണ്ടര്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്ന് എറണാകുളം ജില്ലാ കളക്ടറോടും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് പി.രംഗദാസപ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: