തലസ്ഥാന നഗരിയില്‍ കോളറാ ബാധിതരെ കണ്ടെത്തി എന്ന വാര്‍ത്ത ആരോഗ്യവളര്‍ച്ചയില്‍ അഭിമാനിച്ചിരുന്ന കേരളത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇത് അടിവരയിടുന്നത് അഭ്യസ്ത കേരളത്തിന്റെ ആരോഗ്യനിരക്ഷരത മാത്രമല്ല, ചികിത്സാരംഗത്തെ കാര്യക്ഷമതയില്ലായ്മയും ജനങ്ങളുടെ അസ്തമിച്ച ശുചിത്വബോധവും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ആരോഗ്യരംഗത്ത് പ്രകടിപ്പിക്കുന്ന അനാസ്ഥയുമാണ്. കോളറാ ബാധിത പ്രദേശങ്ങളില്‍ ലഭിച്ചിരുന്ന കുടിവെള്ളത്തില്‍ പുഴുക്കള്‍പോലും കണ്ടെത്തപ്പെട്ടിരുന്നു. കോളറ മാത്രമല്ല, സംസ്ഥാനത്തുനിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന മന്ത്, മലേറിയ, ടൈഫോയ്ഡ് മുതലായവയും നൂതന ശ്രേണിയിലുള്ള ഡെങ്കിപ്പനി, പന്നിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം മുതലായവയും കേരളത്തില്‍ ഇന്ന് വ്യാപകമാണ്.
വിഴിഞ്ഞത്തെ മത്സ്യബന്ധന തൊഴിലാളി മേഖലയിലെ ഒരു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടത്. കോളറാ ബാധ തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലെ ആദിവാസി ഊരുകളിലും കോളറ പടര്‍ന്നുപിടിക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. ആലപ്പുഴയിലും കോട്ടയത്തും രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കോട്ടയം ആലപ്പുഴ നഗരങ്ങള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് പരിസരം മലിനീകരണത്തിന്റെ മകുടോദാഹരണമാണല്ലൊ.
കേരളം ഈ വിധം രോഗഗ്രസ്തമാകുമ്പോഴും ആരോഗ്യരംഗം ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പോലും പെടുന്നില്ല എന്ന വസ്തുത വെളിപ്പെടുന്നത് വിളപ്പില്‍ ശാലയിലും തൃശ്ശൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലും ഇന്നും നിര്‍ബാധം മാലിന്യം തള്ളപ്പെടുന്നു എന്ന വസ്തുതയാണ്. മാലിന്യം തന്നെയാണ് കുടിവെള്ള മലിനീകരണം സൃഷ്ടിച്ച് വിവിധതരം രോഗങ്ങള്‍ക്ക് വഴിതുറക്കുന്നത്. കേരളത്തില്‍ ഇന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ ആശുപത്രികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അവയില്‍ രോഗികള്‍ക്ക് ക്ഷാമം വരാതെയിരിക്കുവാനുള്ള ആസൂത്രിത നീക്കമാണോ ഈ ആരോഗ്യ രംഗത്തെ അലംഭാവം എന്ന സംശയംപോലും ഉയര്‍ത്തുന്നതാണ് ഇതെല്ലാം. ലോകപ്രശംസ പിടിച്ചുപറ്റിയിരുന്ന ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരള മോഡല്‍ ആണ് ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്. മലീമസമാകുന്ന കേരളാന്തരീക്ഷം പോലും ദുര്‍ഗന്ധ പൂരിതമാണ്. ഇവിടത്തെ കാറ്റിലെ സുഗന്ധം എന്നോ അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളമൊട്ടാകെ കടയടപ്പ് സമരം ശക്തമായ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള് ഇന്ന് പ്രവര്‍ത്തിച്ച് ജനസേവനം നടത്തുമ്പോള്‍ ഇവിടെ കാറ്റിന് മദ്യഗന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: