ടെഹ്റാന്: യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദ്. അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടയിലാണ് ആണവപ്രശ്നത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്ന് ടെഹ്റാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നെജാദ് പ്രഖ്യാപിച്ചത്.
ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് ആണവഇന്ധനം നിര്‍മ്മിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ യുറേനിയം നല്കാന് തയ്യാറായാല്‍ സമ്പുഷ്ടീകരണം നിര്‍ത്താന്‍ തയ്യാറാണെന്നും നെജാദ് പറഞ്ഞു. ആണവപ്രശ്നത്തില്‍ അമേരിക്കയുമായി നേരിട്ട് സംവാദത്തിന് തയ്യാറാണ്. നിബന്ധനകളോടെ നേരിട്ടുള്ള സംവാദം സാധ്യമാണ്. എന്നാല്‍ ചര്‍ച്ചയില്‍ നിബന്ധനകളുണ്ടാകണമെന്ന് താന്‍ കരുതുന്നില്ല. പരസ്പരബഹുമാനത്തോടും സത്യസന്ധതയോടും വേണം ചര്‍ച്ച നടത്തേണ്ടെതെന്നും നെജാദ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ നിലവിലുള്ള സാഹചര്യം തുടരുമെന്ന് താന്‍ കരുതുന്നില്ലെന്നും നെജാദ് വ്യക്തമാക്കി.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റ് പറ്റിയെന്നും അവര്‍ സ്വയം തിരുത്തണമെന്നും നെജാദ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ചുമത്തുന്ന സാമ്പത്തിക യുദ്ധമാണ് ആണവവിഷയത്തിലുള്ള സമ്മര്‍ദ്ദം. ഇറാന് ആവശ്യമായ വിദേശനാണ്യകരുതലുണ്ടെന്നും ഇറാന് പ്രസിഡന്റ് വ്യക്തമാക്കി. ഇറാന് കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ താഴുന്നതിനിടെയായിരുന്നു നെജാദിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ശതമാനത്തിലധികം ഇടിവാണ് ഇറാന് കറന്‍സിയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ ഇറാനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനായിരുന്നു നെജാദ് ടെഹ്റാനില്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്.
അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചക്ക് അനുകൂലമായി സംസാരിച്ച നെജാദിനെതിരെ ഇറാനില്‍ വിമര്‍ശനമുയര്‍ന്നു. സാമ്പത്തിക വിദഗ്ദ്ധരും നെജാദിനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അറിയാത്ത വ്യക്തി പദവിയില്‍ തുടരുന്നത് അനുവദിക്കരുതെന്നായിരുന്നു ടെഹ്റാന് ചേമ്പര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: