വാഷിംഗ്ടണ്‍: ബംഗാസിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്ക ലിബിയക്കുള്ളില് സൈനിക നടപടിക്കൊരുങ്ങുന്നു. ആക്രമണത്തിന്റെ സൂത്രധാരന്മാരെ പിടികൂടുന്നതിന്റെ ഭാഗമായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ലിബിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ ലിബിയന്‍ അധികൃതരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തുകയുള്ളു എന്ന് ഒരുയര്‍ന്ന അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ലിബിയയിലെ സംശയിക്കപ്പെടുന്ന ഭീകരസംഘടനകളുടെ ആശയവിനിമയസംവിധാനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ബംഗാസിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണം ആസൂത്രിതവും കരുതിക്കൂട്ടിയുള്ളതുമായിരുന്നെന്ന് യുഎസ് ഇന്റിലജന്‍സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലിബിയയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് കരുതുന്നത്.
ഇസ്ലാം വിരുദ്ധ സിനിമയുടെ പേരില്‍ പ്രകോപിതരായ ഒരു കൂട്ടമാളുകള്‍ കഴിഞ്ഞ മാസം 11 നാണ് ബംഗാസിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ചത്. ലിബിയയിലെ യുഎസ് അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ മൂന്ന് അമേരിക്കക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാസി ആക്രമണവുമായി ഭീകരസംഘടനയായ അല്‍ ഖ്വയ്ദക്കുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ലിബിയയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ അക്രമം വളര്‍ത്തി ഭീകരസംഘടനകള്‍ വളരുന്നതായി അവര്‍ സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ചയിലും ഭീകരസംഘടനകള്‍ അവരുടെ മേഖല വിസ്തൃതമാക്കുന്നതില് ഹിലരി ആശങ്ക അറിയിച്ചിരുന്നു.
ഭീകരസംഘടനകള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാരസംഘന സിഐഎയും ജോയിന്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: