സൃഷ്ടിസ്ഥിതിവ്യാപാരസീമയില് ഒതുങ്ങുന്നതാണ് ഈശ്വരശക്തി എന്ന് കരുതുന്നത്. ദിവ്യജ്ഞാനത്തിലൂടെയും ദിവ്യപ്രേമത്തിലൂടെയും കൈവരുന്ന ശക്തി ശാരീരികമാവാം മാനസികമാവാം, ആദ്ധ്യാത്മികമാവാം. എല്ലാ ശക്തികളുടെയും ഉറവിടമായ ജഗന്മാതാവിനെ സമീപിക്കുക. ആ ദേവിയോടുള്ള സ്നേഹം നിങ്ങള്‍ക്ക് അനന്തശക്തി നല്‍കും നിങ്ങള്‍ അമ്മയുടെ കൈയിലെ ഒരു ഉപകരണം മാത്രം, എന്നാല്‍ ഉപകരണവും പ്രവര്‍ത്തിക്കുന്നു; ഓര്‍ക്കുക – ഉപകരണമെന്ന നിലയില്‍ നിലയില്‍ നിങ്ങളുടെ ശക്തി അനന്തമാണ്.
ജഗന്മാതാവ് നിങ്ങളില്‍ വര്ത്തിക്കുന്നപോലെ എല്ലാവരിലും വര്‍ത്തിക്കുന്നു – അങ്ങനെ ചിന്തിക്കുക; അല്ലെങ്കില്‍ ഇന്നത്തെ സ്നേഹം നാളത്തെ വെറുപ്പായി മാറും. നമ്മുടെ സ്നേഹത്തോടൊപ്പം വെറുപ്പും ഉണ്ട്. ഇത് സ്നേഹത്തിനുവേണ്ടിയുള്ള സ്നേഹമായിരിക്കണം. തുടക്കത്തില്‍ ഈ ഭാവന സാദ്ധ്യമല്ലെങ്കില്‍ കച്ചവടമനോഭാവമെങ്കിലും ഉണ്ടായിരിക്കണം. പിന്നെ, കിട്ടുന്നതിലധികം കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരവസ്ഥ വന്നുചേരും. അവനവനെപ്പറ്റി തീരെ ചിന്തിക്കാതാവുന്നതാണ് ഏറ്റവും ഉയര്‍ന്ന അവസ്ഥ. അപ്പോള്‍ നാം യാതൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുകമാത്രം ചെയ്തുകൊണ്ടിരിക്കുന്നു.
പരമാത്മാവായ ഈശ്വരനോടുള്ള സ്നേഹം വര്‍ധിപ്പിക്കുക, അപ്പോള്‍ അന്യരോടുള്ള സ്നേഹം വര്‍ധിക്കും. ജഗന്മാതാവ് നമ്മെ എല്ലാവരെയും പരസ്പരം ബന്ധിക്കുന്നു. ആദ്യം വ്യക്തിഗതമായ സ്നേഹം. പിന്നെ ക്രമേണ, നാം ആത്മസ്വരൂപികളാണ്, അനന്ത ചൈതന്യത്തിന്റെ അംശങ്ങളാണ് എന്നനുഭവിക്കുന്നു. എപ്പോള്‍ മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം മാറുന്നു. മാനുഷികസ്നേഹത്തിന്റെ സ്ഥാനത്ത് ആത്മൈക്യം വന്നുചേരുന്നു. ആസക്തിക്കുപകരം സ്വാതന്ത്ര്യം കൈവരുന്നു. സ്വാര്‍ത്ഥത്തിന്റെ സ്ഥാനത്ത് സേവനം വരുന്നു. ഈ സ്നേഹത്തെ വര്‍ധിപ്പിക്കുക, അത് അന്യരില്‍ ചൊരിയുക, അന്യരോട് മാന്യമായി പെരുമാറുക. എല്ലാവരിലുമുള്ള ദിവ്യചൈതന്യത്തെ സ്മരിക്കുക, കുടുംബത്തിന്റെയും മിത്രങ്ങളുടെയും സ്നേഹം സ്വാര്ത്ഥപരമാണ്. അത് ഐശ്വരമായ അനന്തപ്രേമത്തിന്റെ ഒരു കണികമാത്രമാണെന്നറിയുക. അതിനെ ഈശ്വരപ്രേമവുമായി ബന്ധുക്കളിലും മിത്രങ്ങളിലും, നിങ്ങളെ ഇഷ്ടമില്ലാത്തവരില്പ്പോലും, വര്‍ത്തിക്കുന്ന പരമേശ്വരനെ വന്ദിക്കുക. സ്വാര്‍ത്ഥമില്ലാതെ ഏവരെയും സ്നേഹിക്കാന്‍ ശ്രമിക്കുക.
നല്ലതും ചീത്തയുമായ എല്ലാ ആഗ്രഹങ്ങള്‍ക്കും ചോദനകള്‍ക്കും അതീതമായ ഒരു ബോധതലത്തിലേക്ക് നാം ഉയരണം. നല്ല വികാരത്തില്‍നിന്ന് ചീത്ത വികാരത്തിലേക്ക് വളരെ കുറച്ചുദൂരമേ ഉള്ളൂ എന്ന് സദാ സ്മരിക്കുക. വികാരങ്ങളെ നിയന്ത്രണാധീനമാക്കി അവയെ അദ്ധ്യാത്മപഥത്തിലേക്ക് തിരിച്ചുവിടാന്‍ പഠിക്കുക. വേറൊരാളോടുള്ള സ്നേഹത്തെ ഭൗതികതലത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഒരാളെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ ആളെ അസംഗനായി സേവിക്കാന്‍ ശ്രമിക്കുക. അതു സാധിക്കുന്നില്ലെങ്കില്‍ പിന്മാറി ആ ആള്‍ക്കുവേണ്ടി നിശബ്ദം പ്രാര്‍ത്ഥിക്കുക. കുറെ മനഃശുദ്ധി കൈവന്ന സാധകന്മാര് തങ്ങളുടെ ആഗ്രഹങ്ങളെ പ്രകടിപ്പിക്കുന്നതില്‍ അത്യധികം കരുതിയിരിക്കണം; മൃദുലവികാരങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
മനസിനെ സദാ നിരീക്ഷിക്കണം. ദൈനംന്ദിനജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ അത് അശ്രദ്ധമാണെങ്കില് ധ്യാനത്തിലും അത് അശ്രദ്ധമാവാതിരിക്കില്ല. ധ്യാനിക്കാനിരിക്കുമ്പോള്‍ നമുക്ക് പുതിയൊരു മനസ് ലഭിക്കുന്നില്ല. അത് ആ പഴയ മനസുതന്നെയാണ്. മറ്റ് സമയത്തൊക്കെ അത് അലഞ്ഞുനടക്കുകയാണെങ്കില് ധ്യാനിക്കുമ്പോള്‍ അത് ശാന്തമാവുമെന്നെങ്ങനെ പ്രതീക്ഷിക്കാം? ഈശ്വരസ്നേഹവും ഈശ്വരസേവയില്‍ താല്പര്യവും എത്രമാത്രമുണ്ടോ അത്രയുംകണ്ട് സാധന സ്ഥിരവും ഫലപ്രദവുമായിത്തീരുന്നു.
കര്‍മ്മനിരതനാണെങ്കിലും മനസ്സ് ലൗകികവസ്തുക്കളുടെ പിന്നാലെ ഓടാന്‍ നോക്കുകയാണെങ്കിലും, ഏതെങ്കിലും വിധത്തില്‍ ഈശ്വരനെ അകത്തുകടത്തുക. ഈശ്വരപ്രേമം മാത്രമാണ് പുഷ്ടിപ്പെടുത്തേണ്ടത്, നിരന്തരാഭ്യാസംകൊണ്ട് അത് സാധിക്കും. ഇപ്പോഴുള്ളതിനേക്കാള്‍ മനസിന്റെ വലിയൊരു ഭാഗം ഉണര്‍ത്തി ബോധമയമാക്കിത്തീര്ക്കണം. ഈശ്വരനെ നിങ്ങളുടെ ജീവിതത്തിന്റെ ധ്രുവനക്ഷത്രമാക്കുക.
ഈശ്വരനെ സ്നേഹിക്കുവാന്‍ കഴിയാത്ത ആള്‍ക്ക് വാസ്തവത്തില്‍ അദ്ധ്യാത്മജീവിതം സാദ്ധ്യമല്ല. ആദ്ധ്യാത്മജീവിതത്തിലെ ഏറ്റവും വലിയ സിദ്ധി മാനുഷ്കസ്നേഹത്തെ ഈശ്വരസ്നേഹമാക്കി മാറ്റുകയാണ്. ഏറ്റവും താണ ആസക്തിയില്പോലും ശുദ്ധസ്നേഹത്തിന്റെ ഒരു ഘനകേന്ദ്രമുണ്ട്. പുറത്തെ അശുദ്ധി ദഹിച്ചുപോയാല് ശുദ്ധസ്നേഹം ബാക്കിനില്ക്കും.
എന്തെങ്കിലും കാരണംകൊണ്ട് ഒരു മനുഷ്യജീവി നമ്മെ ഉപേക്ഷിക്കുകയാണെങ്കിലും ഈശ്വരന് അങ്ങനെ ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്ന് നിശ്ചയമായും അറിയുക. കാരണം ഭഗവാന് കൃഷ്ണന് പറയുന്നതുപോലെ, നാം ഈശ്വരന്റെ ഒരു സനാതനാംശമാണ്. നിങ്ങളുടെ സ്നേഹം മുഴുവന്‍ ഈശ്വരനിലേക്ക് തിരിച്ചുവിടുക. ഈശ്വരസ്നേഹത്തിലൂടെ അന്യരെ സ്നേഹിക്കാന്‍ പഠിക്കുക. അതായത് മറ്റുള്ളവരെ സ്നേഹിക്കേണ്ടത് വ്യക്തിയില്‍ അധിഷ്ഠിതമായ സ്നേഹത്തിലൂടെയല്ല, ഈശ്വരനുവേണ്ടിയാണ്. ഈശ്വരന് മനുഷ്യനോടുള്ള ശുദ്ധസ്നേഹത്തിന്റെ ഒരംശം നമുക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തിലും ഉണ്ടായിരിക്കണം.
യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: