ആലുവ: വര്‍ദ്ധിച്ചുവരുന്ന മതനിന്ദകള്ക്കെതിരെ മതമൈത്രി സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതവിശ്വാസികളുടെ സൗഹൃദ കൂട്ടായ്മ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച ആലുവായില്‍ നടത്തുന്നു. ബിഷപ്പ് തോമസ് ചക്യത്തു ചെയര്‍മാനും, പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും പി.എസ്.സി. ചെയര്മാന് ഡോ.കെ. എസ്. രാധാകൃഷ്ണനും വൈസ് ചെയര്മാന്മാരും, അഡ്വ. ജോസ് വിതയത്തില്‍ കണ്‍വീനറുമായ മതമൈത്രി സമിതിക്ക് പെരുമ്പാവൂര്‍, കാലടി, പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ പ്രദേശിക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മതമൈത്രി ഊട്ടി ഉറപ്പിക്കാനും, വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും മതസൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുമുളള ക്രിയാത്മക പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് മതമൈത്രി സമിതിയുടെ ലക്ഷ്യം. വിവിധ മതങ്ങളുടെ ആഘോഷങ്ങള്‍ സംയുക്തമായി നടത്തി മാതൃക കാട്ടാനും സമിതിക്ക് ഉദ്ദേശമുണ്ട്.
ബിഷപ്പ് തോമസ് ചക്യത്തിന്റ അദ്ധ്യക്ഷതയില്‍ ആലുവ ജീവസില് കൂടിയ മതമൈത്രി സമ്മേളനത്തില്‍ ഫാ. അഗസ്റ്റിന് തോട്ടങ്കര, അഡ്വ. ജോസ് വിതയത്തില്‍, വി.എ. അഷറഫ്, ടി.ബി. ഹാഷിം, എം.പി. ഫൈസല്‍ അഷരി, ഫ്രാന്‍സിസ് പോള്‍, ബോബി കരീം, ജോസി. പി. ആന്‍ഡ്രൂസ്, എ.കെ മുഹമ്മദാലി, സി.വി. അനില്‍കുമാര്‍, എം.എന്‍. സത്യദേവന് എന്നിവര്‍ പ്രസംഗിച്ചു.
ഒക്ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച വൈകീട്ട് നാലര മണിക്ക് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് എസ്,.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് സി.വി. അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിഷപ്പ് തോമസ് ചക്യത്ത്, അദ്വൈതാശ്രമ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആലുവ മസ്ജിദുല്‍ അന്‍സാര്‍ ഇമാം ഫൈസല്‍ അഷരി എന്നിവരുടെ നേതൃത്വത്തില്‍ സൗഹൃദ സന്ദേശ യാത്ര നടത്തും. ആലുവ ജീവസ്സ് കേന്ദ്രം, ആലുവ ടൗണ്‍ ജുമാ മസ്ജിദ്, സെന്റ് ഡൊമനിക് ദേവാലയം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം ആലുവ അന്‍സാര്‍ മസ്ജിദില്‍ സന്ദേശ യാത്ര സമാപിക്കും. ടി.ബി. ഹാഷിമിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കൂട്ടായ്മയില്‍ പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സമാപന സന്ദേശം നല്‍കും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ട പ്രതിനിധികള്‍ സൗഹൃദ സന്ദേശയാത്രയെ അനുധാവനം ചെയ്യുമെന്ന് കണ്‍വീനര്‍ അഡ്വ. ജോസ് വിതയത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: