മട്ടാഞ്ചേരി: പദ്ധതികള്‍ പലത് വന്നിട്ടും ചേരികളിലെ പാര്‍പ്പിട ജീവിതത്തിന് മട്ടാഞ്ചേരിയില്‍ മാറ്റമുണ്ടായില്ല. മാറ്റമില്ലാത്ത ദുരിത-ദുരന്ത ജീവിതത്തിലെ ദിനങ്ങള്‍ തള്ളിനീക്കുകയാണ് രാജകീയ പൈതൃകനഗരിയിലെ ചേരിനിവാസികള്‍. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ ജീവിതവും, ചേരികളുടെ ചരിത്രവും കണ്ടും കേട്ടുമറിഞ്ഞ് അന്തര്‍ദേശീയ തലത്തില്നിന്ന്പോലും സഹായ ഹസ്തങ്ങളുടെ കോടികളെത്തിയിട്ടും മട്ടാഞ്ചേരിയിലെ അരലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന അന്‍പതിലേറെ ചേരികള്‍ ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്.
കല്‍ക്കത്തയിലെയും, മുംബൈയിലെയും വന്‍കിട ചേരികളുമായി താരതമ്യം ചെയ്താല്‍ കൊച്ചിയിലെ ചേരി ജീവിതം നരകതുല്യമായാണ് വിലയിരുത്തുന്നത്. ചെറിയ കുട്ടിമുതല് വൃദ്ധ ജനങ്ങള്വരെയുള്ള ചെറുതും വലുതുമായ കുടുംബങ്ങളുടെ തലചായ്ക്കാനിടമാണ് മട്ടാഞ്ചേരിയിലെ ചേരികളിലെ മുറികള്‍. അടുക്കളയും, കുളുമുറിയും, അതിഥി മുറിയുമെല്ലാമടങ്ങുന്ന അഞ്ച്-എട്ട് മുറികെട്ടിടത്തില് അഞ്ച് കുടുംബങ്ങള്‍ വരെയാണ് താമസിക്കുന്നത്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലായി 52 ഓളം ചേരികളുണ്ടെന്നാണ് സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടുന്നത്. സ്വാതന്ത്രത്തിന് മുമ്പുള്ള കാലഘട്ടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങളായുള്ള ചേരികെട്ടിടങ്ങളില് കാലാന്തരത്തിലുയര്ന്ന കുടുംബാംഗങ്ങളും ചേരുന്നതോടെ ജീവിതം നരകതുല്യമായും ദുരിതപുര്ണമായും മാറുകയാണെന്ന്. ചേരിനിവാസികളും പറയുന്നു. പല കെട്ടിടങ്ങളും വാടകകെട്ടിങ്ങളായതിനാല് ഉടമസ്ഥാവകാശമുള്ള ട്രസ്റ്റുകളും, ഉടമകളും കുറഞ്ഞ വാടക നിരക്ക് മൂലം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. ഇത് മൂലം കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാകുകയും തകരുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമാണെന്ന് മഹാജന്വാടിയിലെ സൈനബ പറഞ്ഞു. 2010ല്‍ തകര്‍ന്നു വീണ അശ്തജ് കോളനികെട്ടിടത്തിന്റെ പുനര്‍നിര്‍മാണം പോലും ഇന്നും ഇഴഞ്ഞുനീങ്ങന്നത് ഭരണകേന്ദ്രങ്ങളുടെ ചേരിനിവാസികളോടുള്ള അവഗണനയും ആലംഭാവവുമാണ് പ്രകടമാകുന്നതെന്ന് രോഷത്തോടെ ചേരിനിവാസികള്‍ പറയുന്നു.
ചേരിനിര്‍മാര്‍ജനം പുനരുദ്ധാരണത്തിന്റെ പേരില്‍ ഓരോഘട്ടങ്ങളിലും വിദേശ സഹായത്തിന്റെ പേരില്‍ പഠനങ്ങളും, ചിത്രങ്ങളും, സര്‍വ്വേകളും, പദ്ധതികളും തയ്യാറാക്കുന്ന ഭരണസിരാകേന്ദ്രങ്ങള്‍ മുന്നണിരാഷ്ട്രീയ വ്യത്യാസമില്ലാതെ മട്ടാഞ്ചേരിയിലെ ചേരി പുനരുദ്ധാരണത്തില്‍ മലക്കം മറിയുകയാണ് ചെയ്യാറെന്ന് ചേരി നിവാസികള്‍ പറഞ്ഞു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: