തൃപ്പൂണിത്തുറ: നഗരത്തില്‍ വന്‍ ഗതാഗത കുരുക്കിന് വഴിയൊരുക്കിക്കൊണ്ട് മിനി ബൈപാസില്‍ ഇന്ന് മുതല്‍ വാഹനങ്ങളില്‍ ടോള്‍ പിരിക്കും. ഗാന്ധിസ്ക്വയറില്‍ നിന്ന് 2.5 കിലോ മീറ്റര്‍ വരുന്ന ബൈപാസില്‍ തട്ടപ്പിള്ളിക്കാട്ട് പുഴക്ക് മീതെ പണിതിട്ടുള്ള പാലത്തിലാണ് ടോള്‍ പിരിക്കുന്നത്. അഞ്ച് കോടിയില്‍ താഴെ ചെലവ് വന്നിട്ടുള്ള പാലത്തിനും അപ്രോച്ച് റോഡിനും കൂടി പത്ത് കോടി ചെലവായെന്ന ന്യായം പറഞ്ഞാണ് ആസൂത്രിത നീക്കത്തിലൂടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഓട്ടോറിക്ഷ മുതല്‍ മിനിലോറി-ബസ് എന്നിവയടക്കമുള്ള വാഹനങ്ങള്‍ക്കാണ് ടോള്‍ നല്‍കേണ്ടത്. പൊതുമരാമത്ത് റോഡ് വിഭാഗമാണ് ഇപ്പോള്‍ ടോള്‍ പിരിക്കുക. വൈകാതെ ടോളില്നിന്നുള്ള വരുമാനം വിലയിരുത്തിയശേഷം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, മിനി ബൈപാസില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
തൃപ്പൂണിത്തുറ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മിനി ബൈപാസ് റോഡ് നിര്‍മിച്ചത്. ജനങ്ങളുടെ ആവശ്യം നിര്‍വഹിക്കുന്നതിനായി നികുതി പണം ഉപയോഗിച്ച് പണിത റോഡും പാലവും വരുമാനമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റി കൊള്ളലാഭമുണ്ടാക്കാനുള്ള ഏതു നീക്കവും തടയുമെന്ന് വിവിധസംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങുന്നതോടെ ലോറികളടക്കമുള്ള അനേകം വാഹനങ്ങള്‍ ബൈപാസ് ഒഴിവാക്കി നഗരത്തിനകത്തു കൂടി പോകുന്ന പക്ഷം വന്‍ ഗതാഗത കുരുക്കാണ് തൃപ്പൂണിത്തുറയിലെമ്പാടും ഉണ്ടാവുക. പോലീസിനെ ഉപയോഗിച്ച് വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ചുവിട്ട് ടോള്‍ പിരിക്കാനുള്ള സാധ്യതയും ഇതേത്തുടര്‍ന്ന് ഉണ്ടായേക്കും.
റിഫൈനറി റോഡില്‍ ടോള്‍ ഇനത്തില്‍ 2005 മുതല്‍ തുടര്‍ന്നുവരുന്ന പിരിവിലൂടെ ഏഴ് കോടിയോളം രൂപയാണ് ഇതുവരെയായി ഈടാക്കിയിരിക്കുന്നത്. അറുപത് ലക്ഷം മാത്രമാണ് ഈ പാലത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് കൂടി അറിയുമ്പോഴാണ് ടോള്‍ ഇടപാടിലെ ചതിയുടെ ആഴം വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: