കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. വിവിധജില്ലകളില്‍ ലഭിക്കേണ്ടതായ മഴയുടെ തോത് ക്രമാതീതമായി കുറഞ്ഞതായി 2012 ലെ കാലവര്‍ഷ കലണ്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഹൈറേഞ്ച് മേഖലകളായ ഇടുക്കിയും വയനാടും ഈ വര്‍ഷം മഴ കുറവിനാല്‍ വീര്‍പ്പുമുട്ടും. സംഭരണികളില്‍ ജലമില്ലാത്തതിനാല്‍ സംസ്ഥാനം വീണ്ടും പവര്‍കട്ടിലേയ്ക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. സംസ്ഥാനം കുടിവെള്ള ക്ഷാമത്തിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടിയിരിക്കുന്നു. ഇനി വരള്‍ച്ച നേരിടേണ്ട നടപടികളാണാവശ്യം. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാപ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന അവസ്ഥയാണുള്ളത്. പാടം നികത്താനും കുന്നിടിക്കാനും ചതപ്പും കായലും നികത്താനും എമെര്‍ജിംഗ് കേരളയിലൂടെ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. കേന്ദ്ര ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ പറഞ്ഞത് സംസ്ഥാനത്ത് കൃഷി നടത്തേണ്ടെന്നാണ്. തന്റെ നാടായ പഞ്ചാബില്‍ നിന്നും അരിവാങ്ങാമല്ലോ എന്ന വക്രധ്വനിയും ആ പറഞ്ഞതിലുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജീവജാല സ്രോതസ്സുകളായ നദീസംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്നത്. സംസ്ഥാനത്ത് മഴയെ ആശ്രയിച്ച് ഒഴുകുന്ന നദികള്‍ മാത്രമാണുള്ളത്. 44 നദികളില്‍ മഴമാറിയാല്‍ വറ്റിപോകുന്ന നദികളാണ് ഏറിയ പങ്കും. ബാക്കിയുള്ളവ രൂക്ഷമായ മണല്‍വാരല്‍ മൂലവും നദീതീര കയ്യേറ്റം മൂലവും വൃഷ്ടി പ്രദേശ വനനാശം മൂലവും രൂക്ഷമായ മലിനീകരണം മൂലവും നാശോന്മുഖമാണ്. ഒരുകാലത്ത് ആവശ്യത്തിന് ജലമെടുക്കാമെന്നും മാലിന്യം തള്ളാമെന്നും വ്യവസ്ഥ മുന്നോട്ട് വച്ച സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നദീതീരങ്ങളില്‍ ചേക്കേറിയ വ്യവസായശാലകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നദീജലം വിഷമയമാക്കുന്നതില്‍ മത്സരിക്കുകയാണ്. കേരളം ഒരൊറ്റ നഗരമായി വികസിക്കുകയാണെങ്കിലും ഖര-ദ്രവ മാലിന്യ സംസ്ക്കരണം കാര്യക്ഷമമല്ലാത്തതിനാല്‍ നദികളിലോട്ടുള്ള മാലിന്യ നിക്ഷേപം സര്‍വസീമകളും ലംഘിച്ച് മുന്നേറുകയാണ്.
ഇന്ത്യയിലെ മറ്റു നദികളെ അപേക്ഷിച്ച് സംസ്ഥാന നദികള്‍ നീളത്തിലും വ്യാപ്തിയിലും വൃഷ്ടിപ്രദേശ വിസ്തീര്‍ണത്തിലും വളരെ ശുഷ്ക്കമായതിനാല്‍ നദികളിലെ മനുഷ്യന്റെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ബാഹ്യഇടപെടലുകള്‍ അവയെ പെട്ടെന്നുതന്നെ മലിനീകൃതവും ഉപയോഗശൂന്യവുമാക്കുകയാണ്. രാജ്യത്തെ നദികളെ ഹിമാലയന്‍ നദികള്‍, ഡെക്കാന്‍ നദികള്‍, തീരദേശ നദികള്‍, ഉള്‍നാടന്‍ നദീതട ജലനിര്‍ഗമന നദികള്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. കേരളത്തിലെ നദികള്‍ മിക്കവാറും തീരദേശ നദികളും ഉള്‍നാടന്‍ നദീതടജലനിര്ഗമന നദികളുമാണ്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് രൂക്ഷമായ ഓരുവെള്ള കയറ്റവും മലിനീകരണവും അവയ്ക്ക് നേരിടേണ്ടതായി വരുന്നു. 2900 കിലോ മീറ്റര്‍ നീളമുള്ള സിന്ധുവും ബ്രഹ്മപുത്രയും 2510 കിലോമീറ്റര്‍ നീളമുള്ള ഗംഗയും 1450 കിലോമീറ്റര്‍ നീളമുള്ള ഗോദാവരിയും 1290 കിലോമീറ്റര്‍ നീളമുള്ള നര്‍മ്മദയും 780 കി.മീ.നീളമുള്ള കാവേരിയും വച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ 244 കി.മീ. നീളം മാത്രമുള്ള പെരിയാര്‍ തുടങ്ങിയ നദികളില്‍ ഒഴുകുന്ന ജലത്തിന്റെ അളവ് തുലോം കുറവാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന അവസ്ഥയും നമുക്കില്ല. മഴയെ മാത്രം ആശ്രയിച്ചാണ് കേരളത്തിലെ നദികള്‍ ഒഴുകുന്നത്. നമ്മുടെ നദികള്‍ കടലിലോ കായലിലോ ചെന്നു ചേരുന്നതിനാല്‍ വേലിയേറ്റ സമയത്തുള്ള ഓരുവെള്ള കയറ്റത്തിന് വിധേയമാണ്. കടലിലും കായലിലും ചെന്നു ചേരാത്ത നദികളും ഇന്ത്യയിലുണ്ട്. രാജസ്ഥാനിലെ ലുനി, മച്ചു, രൂപന്‍, സരസ്വതി, ബാണാസ്, ഗഗ്ഗാര്‍ എന്നീ നദികള്‍ മരുഭൂമിയിലോ ഉപ്പുതടാകങ്ങളിലോ ആണ് ചെന്നുചേരുന്നത്. ഇന്ന് കേരളത്തിലെ നദികളില്‍ ഒഴുകാന്‍ ജലമില്ലാത്ത അവസ്ഥയാണ്. വേനല്‍ക്കാലത്ത് നമ്മുടെ നദികള്‍ ഒഴുക്ക് നിലച്ച് ചളിക്കുണ്ടുകളായി മാറുന്നുവെന്നതില്‍ അതിശയോക്തിയില്ല. അതിരൂക്ഷമായ മലിനീകരണം നമ്മുടെ നദികളെ വീര്‍പ്പുമുട്ടിക്കുന്നു. മലിനീകരിക്കപ്പെട്ട രാജ്യത്തെ നദികളില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഗംഗയിലാണ്. 1987 ല്‍ അന്നത്തെ ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷനില്‍ അംഗമായ പ്രൊഫ.എം.ജി.കെ.മേനോന്റെ അദ്ധ്യക്ഷതയില്‍ ഗംഗാജലം കുളിക്കുവാനെങ്കിലും ഉപകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗംഗാ ഏക്ഷന്‍ പ്ലാന്‍ പദ്ധതി ആവിഷ്ക്കരിച്ചത്. അതിന് പ്രത്യേക കാരണമുണ്ട്.
1984 ലെ പഠനത്തില്‍ ഗംഗാജലത്തിന്റെ ബിഒഡി ലിറ്ററില്‍ 25 മില്ലി ഗ്രാം ഓക്സിജന്‍ എന്ന തോതിലും ജീവവായു ഒരു പരിധിവരെ തീരെ ഇല്ലാത്ത അവസ്ഥയിലും 100 മില്ലി ലിറ്ററില്‍ 70000 എംപിഎന്‍ മുതല്‍ ഒന്നര ദശലക്ഷം എംപിഎന്‍ എന്ന നിരക്കിലായിരുന്നു മനുഷ്യമലത്തില്നിന്നുള്ള കോളിഫോം ബാക്ടീരിയ. ഈ സാഹചര്യത്തിലാണ് ബിഒഡി ലിറ്ററില്‍ 3 മില്ലിഗ്രാമും ജലത്തിലെ ജീവവായു ലിറ്ററില്‍ 5 മില്ലി ഗ്രാം കോളിഫോം ബാക്ടീരിയയുടെ തോത് 100 മില്ലി ലിറ്ററില്‍ 2500 എന്ന നിരക്കിലെങ്കിലും കുറച്ചു കൊണ്ടുവരുവാന്‍ ഗംഗാ ഏക്ഷന്‍ പ്ലാന്‍ നടപ്പാക്കുവാന്‍ നടപടികളാരംഭിച്ചത്. 100 ദശലക്ഷം ആളുകളാണ് ഗംഗയുടെ തീരത്ത് അന്ന് താമസിച്ചിരുന്നത്. ഗംഗാ തീരത്തുള്ള 100 ഓളം പട്ടണങ്ങളിലെ സീവേജ് മാലിന്യങ്ങള്‍ തള്ളുന്നതിന് കടിഞ്ഞാണിടുന്നതിന് ഗംഗാ ഏക്ഷന്‍ പ്ലാനിന് കഴിയാതെ പോയതാണ് ഗംഗാ ഏക്ഷന്‍ പ്ലാന്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. ഒട്ടനവധി സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദി സംരക്ഷിക്കുന്നതില്‍ ഗംഗാ ഏക്ഷന്‍ പ്ലാനിനോട് സഹകരിക്കുവാന്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും വിസമ്മതിച്ചതും ഈ ബൃഹത്തായ പദ്ധതി പരാജയമാകുവാന്‍ കാരണമായി. ഒന്നാം ഗംഗാ ഏക്ഷന്‍ പ്ലാനിന്റെ പരാജയം മനസ്സിലാക്കി അതിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഗംഗാ ഏക്ഷന്‍ പ്ലാനിന്റെ രണ്ടാംഘട്ടം 2010 ല്‍ തുടങ്ങിയത്. ഇതിനായി നാഷണല്‍ ഗംഗാനദീതട അതോറിറ്റി രൂപീകൃതമായി. പ്രധാനമന്ത്രിയാണ് അതോറിറ്റിയുടെ അദ്ധ്യക്ഷന്‍. ജപ്പാന് സര്‍ക്കാരിന്റെ സാമ്പത്തിക സഹകരണത്തോടെ 496.9 കോടി രൂപയുടേതാണ് ഗംഗാ ഏക്ഷന്‍ പ്ലാനിന്റെ രണ്ടാംഘട്ടം. ഇത് വിജയിക്കുമെന്ന് നമുക്കാശിക്കാം.
കേരളത്തിലെ നദികളെ സംരക്ഷിക്കുവാന്‍ ഇത്തരത്തില്‍ ഒരു സംരംഭം അത്യന്താപേക്ഷിതമാണ്. നമ്മുടെ നദികളില്‍നിന്നും ഗുണം പറ്റുന്ന ഒട്ടനവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. വാട്ടര്‍ അതോറിറ്റി, വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജലസേചന വകുപ്പ്, റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ്, വൈദ്യുതി ബോര്‍ഡ്, അണക്കെട്ട് സുരക്ഷാ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, മൈനിംഗ് ജിയോളജി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രം. ഇത്രയേറെ സര്‍ക്കാര്‍ വകുപ്പുകളുടെ കൈകടത്തലുകള്‍ സംസ്ഥാനത്തെ നദികളില്‍ ഉള്ളതുകൊണ്ടാണ് നദീസംരക്ഷണം ഉറപ്പാക്കാനാവാത്തത്. വിവിധ വകുപ്പുകള്‍ക്ക് വിവിധ ലക്ഷ്യങ്ങളാണ്. എല്ലാ വകുപ്പുകള്‍ക്കും നദികളില്‍നിന്നുള്ള ഗുണവും ആദായവും മാത്രമാണ് ലക്ഷ്യം. നദീസംരക്ഷണം ആരുടെയും അജണ്ടയിലില്ല. അതുകൊണ്ട് അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ വഴി കൂടുതല്‍ ജലം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഊറ്റിക്കൊണ്ടു പോകുന്നതിന് കഴിയുന്നുണ്ട്. നമുക്ക് ലഭിക്കേണ്ട ജലം കണക്കുപറഞ്ഞ് നേടിയെടുക്കുവാന്‍ ഒരു വകുപ്പിനും ശേഷിയില്ല. മുല്ലപ്പെരിയാല്‍ പോലുള്ള പ്രശ്നങ്ങളില്‍ സംസ്ഥാനം തോറ്റു പോകുന്നതും ഈ പിടിപ്പുകേടുകൊണ്ട് മാത്രമാണ്. നദികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും അവയുടെ സംരക്ഷണകാര്യത്തില്‍ നാഥനില്ലാത്ത അവസ്ഥ നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ മണല്‍വാരല്‍ നിയന്ത്രിക്കാനോ അനധികൃത ജലം ഊറ്റ് തടയുന്നതിനോ നദീ ജല ഉപയോഗത്തിന് പണം ലഭ്യമാക്കുന്നതിനോ മലിനീകരണം തടയുന്നതിനോ സര്‍ക്കാരിനോ അനുബന്ധ സംവിധാനങ്ങള്‍ക്കൊ കഴിയുന്നില്ല.
ലോറി വെള്ള വിതരണക്കാര്‍ വേനലും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും മുതലെടുക്കുവാന്‍ വന്‍ സന്നാഹങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ കേരള സര്‍ക്കാര്‍ നദികളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധരവ്യായാമത്തില്‍ മാത്രമായി ഒതുങ്ങുന്നു. ഈ സാഹചര്യം മുതലാക്കി നദികളെ നശിപ്പിക്കുന്നതിനും കുടിവെള്ള ക്ഷാമം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനും മാഫിയകള്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. മഴ വേണ്ടതുപോലെ ലഭിക്കാത്തതിനാല്‍ നദികളിലെ ഒഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഇത് രൂക്ഷമായ ഓരുവെള്ള കയറ്റത്തിന് ഇടവരുത്തും. നദീജലം ഉപ്പുമയമാകുവാന്‍ കാലമേറെ വേണ്ട. ഇത് കൃഷി നശിക്കുന്നതിനും നദീജല ഉപയോഗം നഷ്ടമാക്കുന്നതിനും കാരണമാകും. നദികളില്‍ നാം കെട്ടിപ്പൊക്കിയ അണക്കെട്ടുകള്‍ നോക്കു കുത്തികളാകും. ശതകോടികള്‍ ചെലവഴിച്ച് കേരളത്തിലെ നദികളില്‍ പണിതീര്‍ത്തിട്ടുള്ള 40 തിലധികം അണക്കെട്ടുകള്‍ വൃഷ്ടി പ്രദേശ വനനാശം മൂലം വറ്റിവരളുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. അശാസ്ത്രീയമായി ഹൈറേഞ്ചുകള്‍ നഗരവല്‍ക്കരിക്കപ്പെട്ടപ്പോള്‍ നഷ്ടമായിരിക്കുന്നത് നമ്മുടെ നിബിഡവനങ്ങളാണ്. എമെര്‍ജിംഗ് കേരളയിലെ ചില പദ്ധതികള്‍ അത് ടൂറിസത്തിന്റെ പേരിലാണെങ്കിലും വന്‍പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ഇക്കോളജിക്കല്‍ ദുര്‍ബല പ്രദേശത്തുപോലും സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ്. പല പദ്ധതികളിലും റിയല്‍ എസ്റ്റേറ്റ് കച്ചവട താല്‍പ്പര്യം മാത്രമാണുള്ളത്. വനമേഖലയിലെ ഇത്തരം പദ്ധതികള്‍ നദികളിലെ നീരൊഴുക്ക് കുറയ്ക്കുവാനും നാടിനെ വരള്‍ച്ചയിലേക്ക് തള്ളിവിടാനും മാത്രമാണ് ഉപകരിക്കുക. വനമേഖലയില്‍ പാട്ടത്തിന് കൊടുത്ത പാട്ടഭൂമികള്‍ തിരിച്ചെടുക്കുന്നതിന് പകരം ഭൂമിയുടെ അഞ്ച് ശതമാനം വിനോദസഞ്ചാര വ്യവസായത്തിന് ഉപയോഗിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭൂവിനിയോഗ നിയമത്തിലെ ഭേദഗതി സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരെയാണ്. ഇത് പശ്ചിമഘട്ട മലമടക്കുകളിലെ നദികളുടെ വൃഷ്ടിപ്രദേശ ശോഷണത്തിലാണ് കലാശിക്കുക.
കേരളം ദൈവത്തിന്റെ സ്വന്തം നാടായി നിലനില്‍ക്കുന്നതിന് കാരണമായ നമ്മുടെ പശ്ചിമഘട്ട ജൈവവൈവിധ്യം ചുവടോടെ അരിഞ്ഞു കളയുവാനുള്ള ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മറ്റിക്കെതിരെ തിരിഞ്ഞിരിക്കയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ വനസംരക്ഷണ-ജൈവവൈവിധ്യ സംരക്ഷണ നിര്‍ദ്ദേശങ്ങളെ നിസാരവല്‍ക്കരിക്കുന്നതിനും റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പ്രത്യേകം പ്രത്യേകം സമിതികളെ നിയോഗിച്ചിരിക്കയാണ്. ഇത് സംസ്ഥാനത്തെ നദികളുടെ അന്ത്യത്തിലാണവസാനിക്കുക. സര്‍ക്കാര്‍ ഇത്തരം ജനവിരുദ്ധനയങ്ങളില്നിന്നും പിന്മാറി നദികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം ലാക്കാക്കി നടപടികള്‍ ആരംഭിക്കണം. സംസ്ഥാനത്തെ വൈദ്യുതിക്ഷാമം, കുടിവെള്ള ക്ഷാമം എന്നിവ പരിഹരിക്കുവാനും കാര്‍ഷിക മേഖലയെ വളര്‍ത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇത് കൂടിയേ തീരൂ. രാഷ്ട്രീയക്കാരെ കുത്തിനിറച്ചുള്ള ഒരു നദി അതോറിറ്റി സ്ഥാപിച്ചിട്ട് ഒരു കാര്യവുമില്ല. അര്‍ദ്ധ ജുഡീഷ്യറി അധികാരമുള്ള ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെങ്കിലും ചെയര്‍മാനായുള്ള അതോറിറ്റിയാണ് കേരളത്തിനാവശ്യം. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തി നദികളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അതോറിറ്റിയ്ക്കാകണം. നദികളില്‍ ഇന്ന് നടക്കുന്ന മലിനീകരണവും അനധികൃത മണല്‍വാരലും നദീതീര കയ്യേറ്റവും വൃഷ്ടിപ്രദേശ വനനാശവും കയ്യേറ്റവും തടയുവാനും അന്തര്‍സംസ്ഥാന നദീജലം പങ്കുവയ്ക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും വ്യവസായത്തിന് ആവശ്യമായ ജലം നല്‍കുന്നതിനും ജല ഉപയോഗത്തിനും സംസ്ഥാനത്തിന് ലഭിയ്ക്കേണ്ടതായ വരുമാനം സംസ്ഥാന സര്ക്കാരിലെത്തുന്നതിനും ഓരുവെള്ള കയറ്റം തടയുന്നതിനും ചെറുകിട ജല വൈദ്യുത പദ്ധതികളുടെ സാധ്യത ആരായുന്നതിനും ജുഡീഷ്യല്‍ അധികാരത്തോടെയുള്ള റിവര്‍ അതോറിറ്റി അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ നദികളുടെ സംരക്ഷണം ഏറ്റെടുക്കുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരളമൊട്ടുക്ക് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന നദീദിനാചരണത്തിന് ഇത്തരുണത്തില്‍ വലിയ പ്രസക്തിയാണുള്ളത്. നദീസംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് ജീവന് നിലനിര്‍ത്തുവാന്‍ വെള്ളം ലഭിക്കുകയുള്ളൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: