സാധനങ്ങള്‍ക്കെല്ലാം വിലകയറി. വിലകൂടിയ സാധനങ്ങള്‍ വാങ്ങിയാലോ പാചകം ചെയ്യാനും വകയില്ലാതാവുകയാണോ! പാചകവാതകം തന്നെ വിഷയം. പാചകവാതകത്തിന്റെ വിലകൂട്ടാനും സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനുമുള്ള ഉത്സാഹം റോക്കറ്റ് വേഗത്തിലായിരുന്നു. സബ്സിഡി പാടേ എടുത്തുകളയണമെന്ന നിര്‍ദ്ദേശവുമായി കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ക്യൂവില്‍ ഒന്നാമതായി നില്ക്കുന്നു. ആ തീരുമാനം എപ്പോഴും വരാം. എന്നാല്‍ കൂടിയനിരക്കിലെങ്കിലും പാചകവാതകം ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവുമുണ്ടോ എന്ന അന്വേഷണത്തിലാണിന്ന് മലയാളികള്‍. എണ്ണകമ്പനികളും വിതരണക്കാരുമെല്ലാം ഉപഭോക്താവിനെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. ഇവരെയൊക്കെ നിലയ്ക്കുനിര്ത്തി ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാരാകട്ടെ ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന അവസ്ഥയിലും. ബുള്ളറ്റ് ടാങ്കര്‍ലോറി തൊഴിലാളികളുടെ അപ്രഖ്യാപിത പണിമുടക്കില്‍ ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) പ്ലാന്റിലെ ബോട്ട്ലിങ് നിലച്ചതോടെയാണ് കേരളം കടുത്ത പാചകവാതകക്ഷാമത്തിലേക്ക് നീങ്ങിയത്. പുതിയ സിലിണ്ടറിനു 40 ദിവസം മുതല്‍ 60 ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിതരണം സാധാരണ നിലയിലാവും വരെ ഇന്നു മുതല്‍ എല്ലാ അവധി ദിവസങ്ങളിലും ഉദയംപേരൂര്‍ പ്ലാന്റ് മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 45 ദിവസം വരെ കാത്തിരിക്കണം. ഉദയംപേരൂര്‍ നിന്നു ബുള്ളറ്റ് ടാങ്കറുകളുടെ വരവു നിലച്ചതോടെ പാരിപ്പള്ളി പ്ലാന്റ് മൂന്നുദിവസമായി നിശ്ചലമാണ്. ഇതോടെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള വിതരണം മുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ ഐഒസിയുടെ പാചകവാതക വിതരണം പൂര്‍ണമായും നിലയ്ക്കാന്‍പോവുകയാണ്. നാമമാത്ര അളവില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവും വിതരണം നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ ഭൂരിപക്ഷം ഉപയോക്താക്കളും ആശ്രയിക്കുന്നത് ഐഒസിയെയാണ്.
ഇടുക്കി ജില്ലയിലും വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ട്. ബുക്ക് ചെയ്താല്‍ ഒരുമാസം കഴിഞ്ഞാണു പലര്‍ക്കും ലഭിക്കുന്നത്. ക്ഷാമം പരിഹരിക്കാന്‍ സാധ്യമായതൊക്കെ ചെയ്തിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിക്കുകയുണ്ടായി. ഇടുക്കിയിലെ തൊടുപുഴയില്‍ സിലിണ്ടറുമായി വന്ന ലോറിതടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. ചാല ദുരന്തത്തിനുശേഷം മംഗലാപുരത്തു നിന്നു കേരളത്തിലേക്കു വരാന്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നതും ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ലാന്റില്‍ വാതകം പകര്‍ത്തുന്നതിനിടയില്‍ ചോര്ച്ചയുണ്ടായതുമാണു കേരളത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിനുപിന്നില്‍ ചില കള്ളക്കളികള്‍ നടക്കുന്നുണ്ടെന്നുവേണം അനുമാനിക്കാന്‍. ഇതിനിടയില്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിര്‍ദേശപ്രകാരം എല്‍പിജി വിതരണക്കാര്‍ ആരംഭിച്ച വിവരശേഖരണം ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ എന്ന പേരില്‍ നടത്തുന്ന വിവരശേഖരണത്തിന് ഏകീകൃതമാതൃകയോ വ്യക്തമായ മാനദണ്ഡമോ ഇല്ല. എണ്ണക്കമ്പനികളും വിതരണ ഏജന്‍സികളും തങ്ങളുടെ ഇഷ്ടപ്രകാരം അടിക്കടി തയ്യാറാക്കുന്ന നിര്‍ദേശങ്ങള്‍ യഥാസമയം ഉപയോക്താക്കളെ അറിയിക്കുന്നുമില്ല. മുഴുവന്‍ ഉപയോക്താക്കളും വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നാണ് കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞത്. എന്നാല്‍, എല്ലാവരും ഇതു ചെയ്യേണ്ടെന്നാണ് എറണാകുളം കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ വൈ സി (നോ യുവര്‍ കസ്റ്റമര്നിങ്ങളുടെ ഉപയോക്താവിനെ അറിയുക) ഫോം പൂരിപ്പിച്ച് നല്കുന്നതു സംബന്ധിച്ച് എണ്ണക്കമ്പനികള്‍ മാധ്യമങ്ങളില്‍ നല്കിയ പരസ്യം മാത്രമാണ് ഉപയോക്താക്കള്‍ക്കുള്ള ഏക അറിയിപ്പ്. അതിലും വിശദാംശങ്ങള്‍ ഇല്ലായിരുന്നു. വിതരണ ഏജന്സികളിലെത്തിയവര്ക്ക് പൂരിപ്പിച്ച് നല്‍കേണ്ട ഫോം കിട്ടിയതല്ലാതെ വിശദാംശങ്ങള്‍ നല്‍കിയില്ല.
ഉപയോക്താക്കളെ പരിഭ്രാന്തരാക്കുന്ന വിവരങ്ങളാണ് ഏജന്‍സികള്‍ ആദ്യം നല്‍കിയത്. സപ്തംബര്‍ 15നകം കെ വൈസി പൂരിപ്പിച്ച് നല്കാത്തവരുടെ കണക്ഷന് റദ്ദാക്കുമെന്നും വീടുകയറി പരിശോധനയ്ക്ക് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ എത്തുമെന്നുമായിരുന്നു ആദ്യത്തെ പ്രചാരണം. ഏജന്‍സികള്‍ക്കു മുന്നില്‍ ഉപഭോക്താക്കളുടെ തിരക്കും നീണ്ടനിരയും രൂപപ്പെടാന്‍ ഇതു കാരണമായി. തിരക്കേറിയതോടെ സിലിണ്ടര്‍ മാറ്റി നല്‍കാനുള്ള ബുക്കിങ്ങും പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിക്കലും അവസാനിപ്പിച്ചത് കൂടുതല്‍ പ്രശ്നത്തിനിടയാക്കി. കെ വൈ സി ഫോമില്‍ വിവരങ്ങള്‍ നല്‍കേണ്ടത് ഇംഗ്ലീഷിലായതും ഏറെ പ്രയാസമാണ് സൃഷ്ടിച്ചത്. രണ്ടു ഫോട്ടോയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും റേഷന്‍കാര്‍ഡിന്റെ പകര്‍പ്പുമാണ് കെ വൈ സിക്കൊപ്പം നല്‍കേണ്ടത്. മറ്റു രേഖകളും ചില ഏജന്‍സികള്‍ ആവശ്യപ്പെട്ടത് ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനു കാരണമായി. മരിച്ചുപോയവരുടെ പേരിലുള്ള കണക്ഷന് മാറ്റാന്‍ മരണസര്‍ട്ടിഫിക്കറ്റും പുതിയ ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും വേണമെന്ന കാര്യം ഫോം പൂരിപ്പിച്ച് നല്‍കാനെത്തുമ്പോഴാണ് ഉപഭോക്താക്കള്‍ അറിയുന്നതുന്നെ. മേല്വിലാസമാറ്റവും രേഖാമൂലം തിരുത്തണമെന്നാണ് അറിയിപ്പ്. ഇക്കാര്യമൊന്നും നോട്ടീസിലോ മാധ്യമങ്ങളില്‍ പരസ്യത്തിലൂടെയോ അറിയിക്കാതെ ഉപയോക്താക്കളെ വലയ്ക്കുകയാണ് എണ്ണക്കമ്പനികളും ഏജന്‍സികളും ചെയ്തത്. ഫോം പൂരിപ്പിച്ച് നല്‍കാനുള്ള അവസാന തീയതി നീട്ടിയതും പൊതു അറിയിപ്പായി നല്‍കിയില്ല. അവസാന തീയതി നവംബര്‍ 30വരെ നീട്ടിയശേഷം പല ഏജന്‍സികളും ഫോം വിതരണവും പൂരിപ്പിച്ചുവാങ്ങലും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്തൊക്കെ ചെയ്യണം, എങ്ങിനെയൊക്കെ നീങ്ങണം എന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥ. മലയാളിയെ ഇങ്ങിനെ ശ്വാസംമുട്ടിക്കാന്‍ വിടണോ എന്ന് ഭരണകക്ഷി മാത്രമല്ല പ്രതിപക്ഷവും ആലോചിക്കണം. ആരാണിതിനൊക്കെ ഉത്തരവാദികളെന്നറിഞ്ഞ് മൂക്കുകയറിടാന്‍ ഇനിയും അമാന്തിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: