തിരുവനന്തപുരം: എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജന് നഗരസഭാ കൗണ്‍സിലിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പെരുച്ചാഴി എന്നു വിശേഷിപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലറങ്ങി. തുടര്‍ന്ന് ഇരുമുന്നണികളിലെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമായതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചു വിട്ട് പ്രശ്നം അവസാനിപ്പിച്ചു.വിളപ്പില്‍ശാല മാലിന്യപ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സമരം നയിച്ച വിഷയത്തില്‍ മേയര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും എതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചതായിരുന്നു ചര്‍ച്ചയ്ക്കു വന്ന വിഷയം. ജനപ്രതിനിധികള്‍ നടത്തുന്ന സമരം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പോലീസിന്റെ വാറണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലായിരുന്നു പാളയം രാജന്റെ പെരുച്ചാഴി പ്രയോഗം. എല്‍ഡിഎഫ് പ്രതിഷേധ സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പെരുച്ചാഴിയെ പോലെ മാളത്തിലൊളിച്ചതായി പാളയം രാജന് ആരോപിച്ചു. പ്രയോഗം സംസ്കാരഹീനമാണെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തളത്തിലിറങ്ങി ബഹളം തുടങ്ങി. പ്രയോഗം തെറ്റാണെന്നു ബിജെപി കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. അവസാനം രാജന് തന്റെ പ്രയോഗം പിന്‍വലിക്കുന്നതായി പറഞ്ഞു. ഇതോടെ ബഹളം അടങ്ങിയെങ്കിലും രാജന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘര്‍ഷത്തിന് വഴിയുണ്ടാക്കുകയായിരുന്നു. വലിയതുറ കൗണ്‍സിലര്‍ ടോണി ഒളിവര്‍ രാജന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആക്രോശിച്ചു കൊണ്ടിരുന്നു. ആക്രോശം അതിരുകടന്നപ്പോള്‍ ഇദ്ദേഹം തളത്തില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശ്രീകുമാര്‍ പ്രഥമശ്രുശ്രൂഷ നല്കി ഒളിവറെ തളര്‍ച്ചയില്‍ നിന്നും ഉണര്‍ത്തി. അവസാനം ഉന്തും തള്ളും സംഘര്ഷത്തിലെത്തുമെന്നായതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചു വിട്ട് തടിയൂരി. 2012-13, 2013-14 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതി പ്രകാരമുള്ള വാര്‍ഡ് വികസന പരിപാടികള്‍ ബഹളത്തിനിടെ കൗണ്‍സില്‍ യോഗം പാസ്സാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: