മലബാര്‍ മേഖലയിലെ വൈദ്യുത പ്രതിസന്ധി കേരളം വളരെ കാലമായി നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനു പരിഹാരമായി, മാടക്കത്തറയില്‍ നിന്ന് അരീക്കോട് വരെ 105 കി.മീ. വരുന്ന പ്രസരണ ലൈന്‍ സ്ഥാപിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലയിലെ സവിശേഷതയെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട്, ഏറ്റവും അനുയോജ്യമായ ഒരു പരിഹാരമാര്‍ഗം കണ്ടെത്തുക എന്നത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
ഇതിന് മലബാര്‍ മേഖലയില്‍ നിന്നുതന്നെ ആരംഭിക്കാം. ഉയരുന്ന ജനസംഖ്യയും വിദേശപണത്തിന്റെ ഒഴുക്കും സൃഷ്ടിച്ച അസന്തുലിതമായ വളര്‍ച്ച, ഈ മേഖലയില്‍ വൈദ്യുതിയുടെ ആവശ്യകത കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. എയര്‍കണ്ടീഷന്‍ തുടങ്ങി, ആഡംബര വിഭാഗത്തില്‍പ്പെട്ട വൈദ്യുത ഉപകരണങ്ങള്‍ ഇതില്‍ എത്ര ശതമാനം കയ്യാളുന്നു എന്നത് പരിഗണിക്കേണ്ട മറ്റൊരു വസ്തുതയാണ്. ഇപ്രകാരം വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയനുസരിച്ച് പ്രസരണ ലൈന്‍ വഴി മാടക്കത്തറയില്‍ നിന്നും അരീക്കോട് വരെ 200 മെഗാവാട്ട് ശരാശരി ആവശ്യകതയനുസരിച്ച് എത്തിക്കുമ്പോള്‍ ഏകദേശം പ്രതിദിനം 2 ലക്ഷംരൂപയാണ് പ്രസരണനഷ്ടം വഴി ബോര്‍ഡ് സഹിക്കുന്നതെന്ന് വൈദ്യുത ബോര്‍ഡിലെ വിദഗ്ദ്ധര്‍ സമ്മതിക്കുന്നു. ഇത് യൂണിറ്റിന് കേവലം 3.80 രൂപ പ്രകാരമുള്ള തുകയാണ് വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയനുസരിച്ച് വൈദ്യുതി ലഭ്യമാക്കുമ്പോള്‍ ഇത് യൂണിറ്റിന് 20 രൂപ വരെയും വരും നാളുകളില്‍ അതില്‍ കൂടുതലോ ആയി ഉയരും എന്നത് ചിന്തിക്കേണ്ടതായ മറ്റൊരു വസ്തുതയാണ്. സബ്സിഡി സഹിച്ച് കെ.എസ്.ഇ.ബി.ക്ക് എത്രനാള്‍ നിലനില്‍ക്കാനാകും എന്നത് കേരള ജനതയ്ക്ക് മുന്നില്‍ ഒരു വലിയ ചോദ്യമായി നില്ക്കുന്നു.
മാടക്കത്തറയില്‍ വൈദ്യുത ലഭ്യതക്കായി കേരളം ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നത് കൂടംകുളത്തുനിന്നുള്ള ആണവ വൈദ്യുതിയാണ്. ചെലവ് കുറവാണെങ്കിലും ഇതിനായി സ്ഥാപിക്കുന്ന പവര്‍ഹൈവേ, റബര്‍-ഏലം മേഖല ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ കാര്‍ഷികമേഖലക്ക് ഏല്‍പ്പിക്കാവുന്ന ആഘാതം ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കണക്കിലെടുത്ത്, മലബാര്‍ മേഖലയില്‍ വൈദ്യുത വിതരണം മെച്ചപ്പെടുത്തുക എന്നതിന്, ലഭ്യമായ ഊര്‍ജ്ജസ്രോതസ്സുകള്‍ വഴി എത്ര കണ്ട് വൈദ്യുതി മലബാര്‍ മേഖലയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാം എന്നത് സംബന്ധിച്ച് വിശദമായ ഒരു സാധ്യതാപഠനം അനിവാര്യമാണ്. ഇതിനായി ചില മാര്‍ഗ്ഗങ്ങളും ആരായാവുന്നതാണ്. ജലവൈദ്യുതി :- അനുയോജ്യമായ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍-സഹകരണ-സ്വകാര്യ മേഖലകള്‍ സമന്വയിച്ച് പദ്ധതികള്‍ നടപ്പാക്കാവുന്നതാണ്. എങ്കിലും, വനനശീകരണം സ്ഥലമെടുപ്പ് നടപടികള്‍ നിര്‍മ്മാണം എന്നിവയിലെ കാലതാമസം ഈ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളാണ്.
താപവൈദ്യുതി :- കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവക്കു പകരം പരിസ്ഥിതി ആഘാതം കുറഞ്ഞ പ്രകൃതിവാതകം പരിഗണിക്കാവുന്നതാണ്. നിലവിലെ ഇന്ത്യ-ഖത്തര്‍ ഉടമ്പടി ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
മേല്‍പ്പറഞ്ഞ രണ്ട് സ്രോതസ്സുകള്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹ്റു സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി സമ്പന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ മുതല്‍ വ്യാവസായിക ഉപഭോക്താക്കള്‍ വളരെയുള്ള വിഭാഗത്തിന് ഇതിലുള്ള പങ്കാളിത്തം നിയമപരമായി നിര്‍ബന്ധമാക്കി നിഷ്കര്‍ഷിക്കേണ്ടതാണ്. ഇതിനെല്ലാം പരിഹാരമായുള്ളത് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനമാണ്.
കേരളത്തിന്റെ വ്യാപാരഭൂപടത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ മലബാര്‍ മേഖലക്ക് സ്ഥാനം നേടിക്കൊടുത്തിട്ടുള്ളത് അറബിക്കടലാണ്. ഇപ്പോള്‍ വൈദ്യുത ഉല്പാദനത്തിനും അറബിക്കടലിനെ എത്രകണ്ട് പ്രയോജനപ്പെടുത്താം എന്ന് വിശകലനം ചെയ്യാം. കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ പൊന്നാനി, ബേപ്പൂര്‍ എന്നീ ചെറുതുറമുഖങ്ങളും ഏഴിമല ഭാഗവും ഒഴിവാക്കിയുള്ള വടക്കന്‍ കേരളത്തിന്റെ കടലോരത്തു വീശുന്ന കാറ്റ് ഇതുവരെയും പ്രയോജനപ്പെടുത്താത്ത ഊര്‍ജ്ജസ്രോതസ്സാണ് കേരളത്തിന്റെ വീതി വടക്കുഭാഗത്ത് താരതമ്യേന കുറവും അതിനാല്‍ തന്നെ സമുദ്രസാമീപ്യം കൂടുതലുമാണ്. ഇതുകൂടി കണക്കിലെടുത്ത് ഈ പ്രദേശത്തോട് ചേര്‍ന്ന കടല്‍ത്തറകളില്‍, കാറ്റാടികള്‍ സ്ഥാപിച്ച് വൈദ്യുത ഉല്പാദനം നടത്തുന്ന രീതി പരീക്ഷിക്കാവുന്നതാണ്. നെതര്‍ലാന്റ്സ്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. ഈ സാധ്യത കണക്കിലെടുത്ത് പല രാജ്യങ്ങളും ഈ രംഗത്തേക്ക് കടന്നുവരികയാണ്. 7000 കി.മീറ്ററിലേറെ കടല്‍ത്തീരമുള്ള നമ്മുടെ രാജ്യത്ത് ഈ രംഗത്തുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിന് മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ആഹ്വാനം നടത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.
ഇപ്രകാരം കടല്‍ഭാഗത്ത് കാറ്റാടികള്‍ സ്ഥാപിച്ച് വൈദ്യുത ഉല്പാദനം നടത്തുന്നതുമൂലം ഗുണങ്ങള്‍ പലതാണ്. നമുക്ക് ഓരോന്നായി ഇവ പരിശോധിക്കാം. ഒന്നാമതായി വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുവാന്‍ സാധിക്കും. രണ്ടാമതായി നിലവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന കേരളത്തില്‍ വൈദ്യുത ഉല്പാദന രംഗത്ത് ഇപ്രകാരം അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നത്. മൂന്നാമതായി ഇതുവഴി തീരദേശമേഖലയില്‍ ഗ്രീന്‍സോണ്‍ സ്ഥാപിക്കാനും ദൂരസ്ഥലങ്ങളില്‍ നിന്ന് ഈ പ്രാദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതു മൂലമുള്ള ബഹുതല ആഘാതങ്ങള്‍ ഒഴിവാക്കുവാനും സാധിക്കും. നാലാമതായി കേരളത്തില്‍ സുരക്ഷിതമായി മുതല്‍മുടക്കുവാന്‍ തല്പരരായ സംരംഭകര്‍ക്ക് ഇത് പരിഗണിക്കാവുന്ന ഒരു രംഗമാണ്. ഇതുസംബന്ധിച്ച് ഗവണ്മെന്റില് നിന്നും പിന്തുണയും ലഭ്യമാക്കേണ്ടതുണ്ട്. പൊതുമേഖല ബാങ്കുകളിലും വിവിധസഹകരണ ബാങ്കുകളിലുമുള്ള നിക്ഷേപം ഇതിനായി വിനിയോഗിക്കുന്നത് കൂടുതല്‍ സംരഭകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കും. ഈ മേഖലയില്‍ നേരിട്ട് നിക്ഷേപം നടത്തി എസ്ഐബി ഗ്രൂപ്പ് ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. അഞ്ചാമതായി കേരളത്തിന്റെ കാര്‍ഷികമേഖലയുടെ നെഞ്ചുകീറുന്ന തര്‍ക്കവിഷയമായ കൂടംകുളം-മാടക്കത്തറ പവര്‍ഹൈവേയുടെ വ്യാപ്തി ഈ പദ്ധതിയുടെ നടത്തിപ്പുവഴി എത്രകണ്ട് ലഘൂകരിക്കാം എന്നത് കേരളത്തിന്റെ കാര്‍ഷിക രംഗത്തെ പ്രധാന വരുമാനസ്രോതസ്സായ റബര്‍ മേഖലയുടെ നിലനില്‍പ്പിന് പ്രയോജനപ്പെടുത്താവുന്നതാണ്.
ആറാമതായി കാറ്റാടികളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതു വഴി തീരദേശ സുരക്ഷ സംബന്ധിച്ച ഒരു നിരീക്ഷണ ശൃംഖല സ്ഥാപിക്കുന്നതിനും ഇത് ഉപയോഗിക്കാം. കരഭാഗത്ത് സ്ഥാപിക്കുന്ന കാറ്റാടിയന്ത്രങ്ങളെക്കാള് കൂടുതല്‍ വൈദ്യുതി കടലില്‍ സ്ഥാപിച്ചിട്ടുള്ളവ ഉല്പാദിപ്പിക്കുന്നുണ്ട് എന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ സമര്‍ത്ഥിക്കുന്നു. കടല്‍ഭാഗത്ത് സ്ഥാപിക്കുന്നതിലുള്ള അധികചെലവ് കുതിച്ചുയരുന്ന സ്ഥലവിലയും സ്ഥലം കണ്ടെത്തുന്നതിലെ വിഷമതകളും വൈദ്യുതിയുടെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ തുച്ഛമാണ്. ആയതിനാല്‍ മലബാര്‍ മേഖലയില്‍ ഇതു സംബന്ധിച്ചു പഠനം നടത്തി, അനുയോജ്യമായ മേഖലകള്‍ കണ്ടെത്തി വൈദ്യുത ഉല്പാദനം ആരംഭിച്ചാല്‍ മലബാറിന്റെ സമഗ്രവികസനത്തിനും അതുവഴി ഇന്ത്യക്കാകമാനം മാതൃകയാകാനും നമ്മുടെ മഹാനായ മുന്‍രാഷ്ട്രപതിയുടെ സ്വപ്നമായ വികസിതഭാരതം കെട്ടിപ്പടുക്കുന്നതിനും സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ടി. ഹരികേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: