ന്യൂദല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ തളളിക്കളയണമെന്ന് സര്‍വെ. ഡീസല്‍ വില വര്‍ധിപ്പിച്ചതും എല്‍പിജി സിലിണ്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷപം അനുവദിച്ചതും നഗരമേഖലകളിലെ ഇടത്തരം കുടുംബങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും പ്രമുഖ ചാനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.
ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തുന്നതാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരുടെ കീശകാലിയാക്കുന്ന നയപരിപാടികളാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു. ആറു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ചാനല്‍ സര്‍വെ നടത്തിയത്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തില സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 57 ശതമാനം പേര് അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരെ 32 ശതമാനം പേരും ഡീസല്‍ വില വര്‍ധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് 87 ശതമാനം പേരും പ്രതികരിച്ചു. യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ 93 ശതമാനം പേരും അതൃപ്തരാണ്. തലസ്ഥാനമായ ദല്‍ഹിയില്‍ 99 ശതമാനംപേരും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വോട്ട് ചെയ്തു. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപകര്‍ കടന്നുവരുന്നതിനെ 76 ശതമാനം പേരും എതിര്‍ത്തു. വിദേശനിക്ഷേപത്തിലൂടെ വ്യാപാരമേഖലയില്‍ എന്തുമാറ്റമാണ് സംഭവിക്കാന്‍ പോകുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചോദിച്ചു.
എല്‍ പി ജിയില്‍ നിയന്ത്രണം വരുത്തിയതിനേയും നീതീകരിക്കാനാവില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഓരോ മാസവും ഓരോ സിലിണ്ടര്‍ ആവശ്യമായി വരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ഘടകക്ഷിയായിരുന്ന തൃണമൂല്‍ രാജിവെച്ചത് ശരിയായ തീരുമാനമായിരുന്നുവെന്നും സര്‍വേയില്‍ രേഖപ്പെടുത്തി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന ചോദ്യത്തിന് 41 ശതമാനം പേരും ഇല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. 14 ശതമാനം പേരും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി മന്മോഹന് സിംഗിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് സര്‍ക്കാരിന് തന്നെ വ്യക്തമാണ്. വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ കഴിവുകേടിനെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ടൈം മാസികയില്‍ വന്ന ലേഖനവും ഇതിന് ഉദാഹരണമാണ്. മന്മോഹനിലുള്ള വിശ്വാസത്തെക്കുറിച്ച് സര്‍വേയില്‍ ആരാഞ്ഞിരുന്നു. 67 ശതമാനം പേരും മന്മോഹനില് വിശ്വാസമില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകേറ്റാന്‍ അദ്ദേഹത്തിന് ആകില്ലെന്നും ജനങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുപിഎ സര്‍ക്കാരില്‍ നിന്ന് രാജി വെച്ച മമതാ ബാനര്‍ജിയുടെ തീരുമാനത്തെ 67 ശതമാനം പേരും അനുകൂലിച്ച് വോട്ട് ചെയ്തു. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ശക്തയായ നേതാവ് മമതയെന്ന് 64 ശതമാനം പേരും പ്രതികരിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് തുടരുന്ന രാഷ്ട്രീയസ്ഥിതിഗതികള്‍ അണ്ണാ ഹസാരെ കേജ്രിവാള് സഖ്യത്തിന് അനുകൂലമായിരിക്കുമെന്നും സര്‍വേ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെ 40 ശതമാനം പേരും അനുകൂലിക്കുന്നു. അതേസമയം, ഹസാരെ എടുത്ത തീരുമാനവും ശരിയായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കെതിരെ ഇന്ത്യ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ പിന്തുണക്കുമെന്നും അവര്‍ സര്‍വേയില്‍ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: