ന്യൂയോര്‍ക്ക്: നബിയെ ചിത്രീകരിച്ച് വിവാദമായ ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന സിനിമയുടെ നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തു. സദാചാര കുറ്റം ചുമത്തി അമേരിക്കന്‍ പോലീസാണ് നിര്‍മ്മാതാവായ നക്വവ് ല ബാസിലെ നക്വവിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച ഇയാള അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അഞ്ച് വര്‍ഷത്തേക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതില്‍ വിലക്കും കോടതി ഏര്‍പ്പെടുത്തി. അമേരിക്കന്‍ അറ്റോര്‍ണിയുടെ വക്താവാണ് വാര്‍ത്ത പുറത്തുവിട്ടത്. നക്വവ് ലക്ക് കോടതി ജാമ്യം നിഷേധിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഇയാള്‍ മറ്റൊരു കേസില്‍ ഇതിന് മുമ്പ് തടവ് 21 മാസത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് നിര്‍മ്മാതാവ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മുഴുവന്‍ പ്രക്ഷോഭത്തിനിടയാക്കിയ 14 മിനിറ്റ് ദൈര്‍ഘ്യമുളള സിനിമയുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതും ഇയാള്‍ തന്നെയാണ്. സെപ്റ്റംബര്‍ 11 ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്.
കോടതി വിചാരണ നടക്കുമ്പോള്‍ കോടതിക്കുള്ളില്‍ കടക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷമാണ് സിനിമ ചിത്രീകരിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ലിബിയയില്‍ നടന്ന പ്രക്ഷോഭത്തിനിടക്ക് ലിബിയയിലെ യു.എസ് കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സിനിമക്കെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ലിബിയന്‍ കോണ്‍സുലേറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ യുഎസ് തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഇവരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ട്രിപ്പോളിയിലേയും, ബെന്ഗാസിയിലേയും കോണ്സുലേറ്റുകള്ക്കുനേരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെപ്റ്റംബറിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ട്രിപ്പോളിയിലെ ഭൂരിഭാഗം യുഎസ് ഉദ്യോഗസ്ഥരും ജോലി രാജിവച്ചിരുന്നു. എന്നാല്‍ ട്രിപ്പോളിയില്‍ എത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ ജോലിയില്‍ തുടരുന്നുണ്ടെന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. ഇസ്ലാം വിരുദ്ധ പ്രക്ഷോഭം പാക്കിസ്ഥാനില്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനിക തലവന്‍ പാക്കിസ്ഥാന് സന്ദര്‍ശനം റദ്ദാക്കി.
പാക്കിസ്ഥാന് സൈനിക മേധാവി ജനറല്‍ അഷ്ഫക് പര്‍വേസ് കയാനിയുമായി കൂടിക്കാഴ്ച്ച നടത്താനും അദ്ദേഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ സിനിമക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പാക്ക് സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: