ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്കര്‍ ഭീകരന്‍ അബുജുണ്ടാലിനെതിരെ ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കി. ഇന്ത്യയിലുടനീളം നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് ജുണ്ടാലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് വിദ്യ പ്രകാശിന് മുമ്പാകെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പത്ത് ഭീകരര്‍ക്കും ഹിന്ദി പഠിപ്പിച്ച് നല്‍കിയത് ജുണ്ടാലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലഷ്കര്‍ ഭീകരന്‍ സക്കീര്‍ ഉര്‍ റഹ്മാന്‍ ലക്‌വിയുമായി കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ആക്രമണം നിയന്ത്രിച്ചതും ജുണ്ടാലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജൂണ്‍ 21 നാണ് ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീകരാക്രമണത്തില്‍ തനിക്കുള്ള പങ്ക് ജുണ്ടാല്‍ സമ്മതിക്കുകയും ചെയ്തൂവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദല്‍ഹിയിലെ ജുമാമസ്ജിദ് ആക്രമണക്കേസില്‍ ജുണ്ടാലിനെതിരെ പ്രത്യേക കുറ്റപത്രവും തയ്യാറാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ ആക്രമണത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് ജുണ്ടാല്‍ സമ്മതിച്ചുണ്ട്. രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ത്യാഗങ്ങളാണ് ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരു, ദല്‍ഹി സ്ഫോടനക്കേസുകളിലെ പ്രതി ഫാസിഹ് മുഹമ്മദിന്റെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്ബാല്‍ ,റിയാസ് ഫട്കല്‍ എന്നിവരുടെ പേര് വിവരങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത എല്ലാവരേയുംകുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീകരരെക്കുറിച്ചും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. വ്യാജ പാസ്പോര്‍ട്ട് കേസിലും കള്ളപ്പണക്കേസിലും ജുണ്ടാല്‍ പ്രതിയാണ്. ഇപ്പോള്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയിലുള്ള ജുണ്ടാലിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 28 ന് കോടതിയില്‍ ഹാജരാകണമെന്നാണ് വാറണ്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: