സിയോള്‍: ആപ്പിളിന് പിന്നാലെ എല്‍ജിയും പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ്ങിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഡിസ്പ്ലേ സാങ്കേതിക വിദ്യയില്‍ എല്ജിയ്ക്കുള്ള ഏഴ് പേറ്റന്റുകള്‍ സാംസങ്ങ് ലംഘിച്ചുവെന്നാരോപിച്ചാണ് പ്രമുഖ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ കമ്പനിയായ എല്‍ ജി കോടതിയെ സമീപിച്ചത്.
ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡിയോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിസ്പ്ലെ വികസിപ്പിക്കുന്നതിനുള്ള ഏഴ് പേറ്റന്റുകള്‍ സാംസങ്ങ് ലംഘിച്ചുവെന്നാണ് സാംസങ്ങ് ഇലക്ട്രോണിക്സിന്റെ സഹോദര സ്ഥാപനമായ എല്‍ ജി ഡിസ്പ്ലെ ആരോപിക്കുന്നത്. ഗ്യാലക്സി എസ്-സീരീസ് സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റ് കമ്പ്യൂട്ടറായ ഗ്യാലക്സി ടാബ് 7.7 എന്നിവയുള്‍പ്പെടെ അഞ്ച് സാംസങ്ങ് ഉത്പന്നങ്ങളുടെ ഡിസ്പ്ലെ വികസിപ്പിക്കുന്നതിനായി സാംസങ്ങ് പേറ്റന്റ്ലംഘിച്ചുവെന്നാണ് എല്‍ജി ഡിസ്പ്ലെയുടെ പ്രധാന ആരോപണം. പേറ്റന്റ് ലംഘനം മൂലമുണ്ടായ നഷ്ടം നികത്തണമെന്നും പേറ്റന്റ് ലംഘിച്ച ഉപകരണങ്ങളുടെ വില്പന നിരോധിക്കണമെന്നുമാണ് എല്‍ജിയുടെ ആവശ്യം. എന്നാല്‍ ഈ ആരോപണത്തോട് പ്രതികരിക്കാന്‍ സാംസങ്ങ് അധികൃതര്‍ തയ്യാറായിട്ടില്ല. ജൂലൈയില്‍ എല്‍ജി ഡിസ്പ്ലെ ജീവനക്കാര്‍ സാംസങ്ങിന്റെ ഒഎല്‍ഇഡി സാങ്കേതിക വിദ്യ അപഹരിച്ചുവെന്ന് നേരത്തെ ആരോപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സ്ക്രീന്‍ ടിവി നിര്‍മാതാക്കളാണ് സാംസങ്ങും എല്‍ജിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: