ഏഥന്‍സ്: കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കെതിരെ സ്പെയിനിനു പിന്നാലെ ഗ്രീക്കിലും പ്രതിഷേധം ശക്തമാകുന്നു. തലസ്ഥാനമായ ഏഥന്‍സില്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പോലീസിനു നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു.
ഗ്രീക്ക് സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ഏഥന്‍സില്‍ പ്രക്ഷോഭം തുടങ്ങിയത്. ഡോക്ടര്‍മാരും, അധ്യാപകരും തൊഴിലാളികളും ഉള്‍പ്പടെ ആയിരക്കണക്കിനു പ്രതിഷേധക്കാരാണ് സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങിയത്.
സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ ജനങ്ങളെ എരിതീയില്‍ എറിയുന്നതിനു തുല്യമാണെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണുണ്ടായത്. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പെട്രോള്‍ ബോംബും കല്ലേറും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. അക്രമം അഴിച്ചുവിട്ട കുറ്റത്തിനു നൂറിലധികം പേരെ അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഐഎംഎഫും യൂറോപ്യന്‍ യൂണിയനും അടിച്ചേല്‍പ്പിച്ച നിബന്ധനകള്‍ നടപ്പാക്കിയതിന്റെ ഫലമായി ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കപ്പെട്ടവരും നിയമനിരോധനം മൂലം കടുത്ത തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളുമാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. കഴിഞ്ഞദിവസം സ്പെയിനിലും പോര്‍ച്ചുഗലിലും സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം നടന്നിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിദേശ വായ്പ വാങ്ങുന്നതിന് ജനജീവിതം കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ പോരുന്ന ചെലവു ചുരുക്കല്‍ നടപടികള്‍ക്കാണ് ഗ്രീക് സര്‍ക്കാര്‍ നീങ്ങന്നത്. വിദേശ കടം വീട്ടുന്നതിനുള്ള രണ്ടാം ഗഡു തുകയായ 1150 കോടി യൂറോ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ലഭിക്കാന്‍ വേണ്ടിയാണ് ഉപാധി പ്രകാരം ഗ്രീക് സര്‍ക്കാര്‍ നാട്ടില്‍ കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് നിര്‍ബ്ബന്ധിതമായിട്ടുള്ളത്. സാമൂഹിക ക്ഷേമ പദ്ധതികള്‍ മിക്കതും നിറുത്തലാക്കി. പെന്ഷന് വെട്ടിക്കുറച്ചു. റിട്ടയര്‍മെന്റ് പ്രായം 67 വയസാക്കി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: