നശിക്കുന്ന വസ്തുക്കള്‍ക്കുവേണ്ടിയുള്ള തൃഷ്ണ നമ്മെയും നശിപ്പിക്കും. അനശ്വരമായ ആനന്ദം നേടാനുള്ള ആഗ്രഹം ദിവ്യമാണ് ഉള്കൃഷ്ടവുമാണ്. ബഹുജനാദരം പിടിച്ചുപറ്റാന്‍ വേണ്ടി ആഡംബരപൂര്ണമാ യജീവിതം നയിക്കരുത്. യശസ്സിന് പിന്നാലെ ഓടിത്തളരരുത്. ധര്‍മനിഷ്ഠമായ ജീവിതമാണ് ധന്യമായ ജീവിതം. അവിടെ അപചജയഭീതി ഉണ്ടാകയില്ല.
വിധിവിശ്വാസവും പാപഭീതിയും ഭാരതീയരുടെ രക്തത്തില്‍ ലയിച്ച് ചേര്‍ന്ന സംസ്കാരമാണ്. മറ്റുള്ളവരോട് ഔദാര്യം കാട്ടുക. അച്ഛനമ്മമാരെ സസന്തോഷം സംരക്ഷിക്കുക. ആവുന്ന കാലത്ത് സ്നേഹ വാത്സല്യങ്ങളോടെ നമ്മെ പോറ്റിപ്പുലര്‍ത്തിയ അവര്‍ക്ക് ക്ഷീണകാലത്ത് നാം താങ്ങും തണലുമായിരിക്കണം. അമ്മയെ സംരക്ഷിച്ചാല്‍ ലോകത്തിന്റെ അമ്മ നിങ്ങളെയും സംരക്ഷിക്കും. അച്ഛനെ ആദരിച്ചാല്‍ ലോകപിതാവ് നിങ്ങള്‍ക്കെന്നും തുണയായിരിക്കും. അച്ഛനമ്മമാരെ നിന്ദിക്കുന്നവരെ നാളെ അവരുടെ മക്കള്‍ വന്ദിക്കുമെന്ന് പ്രതീക്ഷിക്കരുത്.
ഈശ്വരന് തന്റെ സൃഷ്ടികളായ നമ്മളില്‍നിന്നും പ്രവൃത്തിയില്‍ ആത്മാര്‍ത്ഥതയും ജീവിതത്തില്‍ ലാളിത്യവും നാമജപത്തിലും ധ്യാനത്തിലും ഏകതാനതയും നിരതിശയമായ ആനന്ദാനുഭവവുമാണ് പ്രതീക്ഷിക്കുന്നത്.
മാധവാരാധനാകര്മത്തില് മുഴുകിയാല്‍ മാനവന് മാധവനാകാം. നാരായണ തത്ത്വം കണ്ടറിയാം. ദാനവന്റേയോ മാധവന്റേയോ പാപകര്‍മങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവര്‍ക്ക് മാധവന്റെ ദിവ്യത്വം കണികാണാന്‍ കൂടി കിട്ടില്ല. നന്മയെ ജീവശ്വാസം പോലെ കരുതണം. സ്വഭാവമഹത്ത്വമായിരിക്കട്ടെ നിങ്ങളുടെ ബലിഷ്ഠമായ നട്ടെല്ല്. നട്ടെല്ല് വളഞ്ഞ് പോയാല്‍ ഒരു നേട്ടവും നേടാനാവില്ല. സ്വഭാവശുദ്ധിയില്ലാത്ത മനുഷ്യര്‍ നിരവധി ദ്വാരങ്ങളുള്ള കുടം പോലെയാണ്. ബ്രഹ്മാനന്ദരസം കോരാനോ നിറച്ചുവക്കാനോ ആ കുടം പറ്റുകയില്ല. ത്യാഗത്തിലൂടെ ശാന്തി നേടുക. ആസക്തികളിലൂടെ നേടുന്നത് ആപത്തുക്കളെയായിരിക്കും.
ഈശ്വരനാമം ഉച്ചരിക്കാത്ത നാവും ദാനം ചെയ്യാത്ത കൈയും ശാന്തിയറിയാത്ത ജീവിതവും അംഗീകാരം കിട്ടാത്ത പ്രതിഭയും ഭക്തിനിര്‍ഭരമായ അന്തരീക്ഷമില്ലാത്ത ദേവലായവും അജ്ഞതയെ കൊട്ടിഘോഷിക്കുന്ന സംഭാഷണവും വിലകെട്ടതാണ്, വ്യര്‍ത്ഥമാണ്. ഉള്ളില്‍ ഊറിക്കൂടുന്ന ശാന്തിയിലാണ് ഏറ്റവും വലിയ ആനന്ദം അടങ്ങിയിരിക്കുന്നത്. അശാന്തിയിലാണ് ഏറ്റവും വലിയ ദുഃഖം. ജനനമരണങ്ങളില്ലാത്ത-സുഖദുഃഖങ്ങള്ക്കതീതനായ ആത്മാവ് താനെന്ന് അറിയുമ്പോഴാണ് ഉള്ളില്‍ ശാന്തി ഉറവപ്പെട്ടുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ജലപ്രവാഹം ഉപരിതലത്തിലുള്ള മരങ്ങളെ നിലനിര്‍ത്തുന്നതുപോലെ അന്തര്‍ഭാഗത്തുള്ള ആത്മാവ് മനുഷ്യജീവിതങ്ങളെ അനന്തവും ആനന്ദപ്രദവുമായ ശാന്തിയില്‍ ഉറപ്പിച്ച് നിറുത്തുകയാണ് ചെയ്യുന്നത്.
സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: