കൊച്ചി: ചെല്ലാനം മാതൃക മത്സ്യ ഗ്രാമം പദ്ധതിയിലുള്‍പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ആദ്യഘട്ടത്തില്‍ 226 കുടുംബങ്ങള്‍ക്ക് നല്‍കും. സാമ്പത്തിക സഹായം ലഭിക്കേണ്ട 226 കുടുംബങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പൂര്‍ത്തിയാക്കി.
ചെല്ലാനം മാതൃക മത്സ്യഗ്രാമം ഭവന നിര്‍മാണത്തിന് അര്‍ഹരായവരുടെ കരട് ലിസ്റ്റില്‍ 496 കുടുംബങ്ങളാണുള്ളത്. ഇതില്‍ രോഗികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്കായി 10 ശതമാനം വീടുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഇതിനു പുറമെ ചെല്ലാനം ഫിഷര്‍മെന്‍ കോളനി പദ്ധതിയിലുള്‍പെടുത്തി ഫിഷറീസ് വകുപ്പ് നേരിട്ട് 33 വീടുകളും നിര്‍മിച്ച് നല്‍കുന്നുണ്ട്. മാതൃക മത്സ്യഗ്രാമം പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് വീട് വയ്ക്കുന്നതിന് 2.5 ലക്ഷം രൂപയാണ് സഹായം നല്‍കുന്നത്. രണ്ട് സെന്റ് ഭൂമിയുള്ളവര്‍ക്കാണ് നിലവില്‍ വീട് വെയ്ക്കുന്നതിന് സാമ്പത്തിക സഹായം ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്നത്. വീടിന്റെ വിസ്തീര്‍ണം 350 ചതുരശ്ര അടിയില്‍ അധികരിക്കാന്‍ പാടില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു. അനുവദിക്കുന്ന തുക മൂന്ന് തവണകളായി നല്‍കും.
പഴയകിയ വീട് പൊളിച്ച് നീക്കി പുതിയ വീടിന് അടിത്തറയ്ക്കുള്ള നിര്‍മാണസാധനങ്ങള്‍ ഇറക്കുന്ന ഘട്ടത്തില്‍ ആദ്യതവണത്തെ ഗഡു നല്‍കും. രണ്ടാം ഗഡു വീടിന്റെ നിര്‍മാണം പുരോഗമിക്കുന്ന ഘട്ടത്തിലും മൂന്നാം ഗഡു നിര്‍മാണം പൂര്‍ത്തീകരിച്ചതിനു ശേഷവുമാണ് നല്‍കുക. സഹായം നേരിട്ട് നല്‍കുന്നതിന് പകരം തൊഴിലാളികളുടെ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭവന നിര്‍മാണത്തിനായി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിച്ച് കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.
നറുക്കെടുപ്പ് മുഖേന ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് സഹായം ലഭിക്കുന്നതിന് അര്‍ഹരായവരുടെ പട്ടിക 24ന് ഫിഷറീസ് വകുപ്പ് പ്രസിദ്ധീകരിക്കും. പട്ടിക വന്നശേഷം തൊഴിലാളികളുമായി കരാറൊപ്പിട്ട് ഉടന്‍ തന്നെ പണം കൈമാറണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആദ്യഘട്ടത്തില്‍ സാമ്പത്തിക സഹായം നല്കി നിര്‍മിക്കുന്ന 226 വീടുകളുടേയും നിര്‍മാണം ഈ സാമ്പത്തിക വര്‍ഷംതന്നെ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ പരിശോധന നടത്തി ജില്ലാതല കമ്മിറ്റിയെ അറിയിക്കും. ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. ഇതിനു പുറമെ ഉദ്യോഗസ്ഥരും ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റുമുള്പെടുന്ന മെമ്പര്‍മാരുമാണ് കമ്മിറ്റിയിലുള്ളത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.തങ്കപ്പന്, എ.കെ.വിശ്വംഭരന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ.ജോര്‍ജ്ജ്കുട്ടി, മറ്റു കമ്മിറ്റി മെംബര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: