ന്യൂദല്‍ഹി: ലിബിയയില്‍ കോണ്സുലേറ്റിനുനേരെയുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് യുഎസ്. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘമായിരിക്കണം ആക്രമണം നടത്തിയതെന്നും ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം ഡയറക്ടര്‍ മാത്യു ഓസെന്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. 2001 ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ സപ്തംബര്‍ 11 തന്നെ ഭീകരര്‍ ബെന്‍ഗാസിയിലെ കോണ്‍സുലേറ്റ് ആക്രമണത്തിന് തെരഞ്ഞെടുക്കുകയായിരുന്നും ഓസെന്‍ പറഞ്ഞു.
റോക്കറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രനേഡുകളും മോട്ടോറുകളും ഉപയോഗിച്ചായിരുന്നു കോണ്‍സുലേറ്റിന് നേരെ ആക്രമണം. വിശദമായ തയ്യാറെടുപ്പും ഏകോപനവുമുണ്ടായിരുന്നു. ആക്രമണം തികച്ചും ആസൂത്രിതവും മണിക്കൂറുകള്‍ നീണ്ടതുമായിരുന്നു. പ്രദേശത്ത് സായുധ സംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഇന്റലിജന്റ്സ് വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍സുലേറ്റ് ആക്രമണത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതീവ രഹസ്യമായി ഇന്നലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും പങ്കെടുത്തിരുന്നു. കിഴക്കന്‍ ലിബിയയില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനകള്‍ ഉണ്ടെന്നും അവരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യോഗത്തില്‍ വ്യക്തമാക്കി.
അതേസമയം, യുഎസ് കോണ്‍സുലേറ്റിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു. ബെന്ഗാസി സുരക്ഷ കമ്മറ്റി തലവന്‍ ഫാസി വാനിസ് അല്‍ ഗദ്ദാഫിയാണ് രാജിവെച്ചത്. ആഭ്യന്തര മന്ത്രാലയവും സുരക്ഷാസേനയും തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചതിന് പിന്നാലെയാണ് ബെന്ഗാസിയുടെ സുരക്ഷാ ചുമതല ഫാസി വാനിസിന് സര്‍ക്കാര്‍ കൈമാറിയത്.
ഇസ്ലാം വിരുദ്ധ സിനിമ ഏതെങ്കിലും തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ അതിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നാണ് ഇന്നലെയും പ്രതിഷേധകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വയ്ദയാണെന്ന് നേരത്തെ ലിബിയന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന സിനിമയാണ് ആക്രമണങ്ങള്‍ക്ക് വഴിതെളിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ലിബിയന്‍ പ്രക്ഷോഭകാരികള്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് സ്ഥാനപതി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാം വിരുദ്ധപ്രക്ഷോഭം ലോകരാജ്യങ്ങളില്‍ വ്യാപിച്ചിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഉള്‍പ്പെടെ വിവാദ സിനിമ നിരോധിച്ചിരുന്നു. സിനിമയോടുള്ള പ്രതിഷേധം ഇന്ത്യയും അമേരിക്കയെ അറിയിച്ചിരുന്നു. ഇന്ത്യയും സിനിമ നിരോധിച്ചിരുന്നു.
അതേസമയം, മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ വിവാദസിനിമയിലെ നായിക സിന്‍ഡി ലീ ഗാര്‍സിയ ചിത്രത്തിന്റെ സംവിധായകനെതിരെ കോടതിയെ സമീപിച്ചു. തനിക്ക് നല്കിയ തിരക്കഥയില്‍ മുഹമ്മദ് നബിയുടെ കാര്യമോ, മതത്തെ മോശമാക്കുന്ന സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ചിത്രത്തിലെ തന്റെ വിവാദ ദൃശ്യങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്നും ഗാര്‍സിയ ആരോപിക്കുന്നു. ലോസ് ആഞ്ചലസിലെ സുപ്പീരിയര്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ ക്ലിപ്പുകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടശേഷം തനിക്ക് വധഭീഷണി ഉണ്ടെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകനെതിരെ വഞ്ചനക്കും കരുതിക്കൂട്ടിയുള്ള മാനസികപീഡനത്തിനും കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ഗാര്‍സിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: