ഏലൂര്‍: ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തില്‍ ഇത്തവണ ഭരണമുന്നണിക്കെതിരെ നിലപാടെടുത്തതുവഴി ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതു തന്നെയാണ് ബിജെപി നല്‍കിയതെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കുകയല്ല മറിച്ച് ദുര്‍ഭരണത്തിന് ആരു നേതൃത്വം നല്കുന്നുവോ അതനുവദിക്കില്ലെന്ന ജനപക്ഷനയമാണ് പാര്‍ട്ടി നടപ്പിലാക്കിയത്. ജനോപകാരപ്രദമായ ഒരു പദ്ധതിയും, വികസനപ്രവര്‍ത്തനങ്ങളും സാധിച്ചില്ലെന്നു മാത്രമല്ല ജനവിരുദ്ധനയവുമായാണ് ഭരണസമിതി മുന്നോട്ടുപോയത്.
വ്യക്തിഗത ആനുകൂല്യങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് എത്തിക്കുന്ന കാര്യത്തിലായാലും, കുടിവെള്ളപ്രശ്നത്തിന്റെ കാര്യത്തിലായാലും, പൊതുമാലിന്യസംസ്കരണവിഷയത്തിലായാലും, എസ്സി കോളനിയിലെ മാലിന്യപ്രശ്നത്തിലായാലും അടിസ്ഥാനമേഖലയിലെ പദ്ധതിവിഹിതം ചിലവിടുന്ന കാര്യത്തിലായാലും ഒരു പിടിപ്പുകെട്ട ഭരണനയമാണ് ഭരണത്തിന് നേതൃത്വം കൊടുത്ത യുഡിഎഫ് മുന്നണി ഇവിടെ നടത്തിയത്. ഭരണമുന്നണിക്ക് ഏലൂരില്‍ സംഭവിച്ച ആദ്യ തിരിച്ചടി കാലങ്ങളായി അവശതയനുഭവിക്കുന്ന ആയിരക്കണക്കിനു പട്ടികജാതി ജനവിഭാഗങ്ങളെ ഏറെ വേദനിപ്പിച്ച പട്ടികജാതിക്കോളനിയിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചുള്ള സമര പ്രക്ഷോഭമാണ്.
ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിജെപി ഏലൂര്‍ കുടിവെള്ളം, വായു, ജല മലിനീകരണം എന്നിവയിലും എസ്സി കോളനിയില്‍ മാലിന്യമിടുന്ന വിഷയമുള്‍പ്പടെ ചെയര്‍പേഴ്സണിന്റെ ജനവിരുദ്ധ നയങ്ങളിലും, വികസനമുരടിപ്പിനെതിരെയും ശക്തമായി സമരപരിപാടികള്‍ സംഘടിപ്പിച്ചു. പ്രത്യക്ഷസമരപരിപാടികള്ക്കു എല്‍ഡിഫ് ഇറങ്ങിയെങ്കിലും അവര്‍ തുടങ്ങിവച്ച ദുര്ഭരണതുടര്ച്ച തന്നെയാണ് യുഡിഎഫും പിന്തുടരുന്നതെന്നതിനാല് സമരപരിപാടികള്‍ക്ക് ധാര്മ്മികമുഖമില്ലെന്ന് ജനങ്ങളുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത.
സിപിഎം ഒരു തണുത്ത നിലപാടാണ് ആറുമാസം മുന്‍പ് ആദ്യ അവിശ്വാസപ്രമേയത്തിലെടുത്തത്. ഭരണമാറ്റമുണ്ടാവാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. സിപിഐ പ്രത്യേകതാല്പര്യം എടുത്തുകൊണ്ടുവന്ന അവിശ്വാസത്തെ മനസ്സില്ലാമനസ്സോടെയാണ് സിപിഎം സ്വീകരിച്ചത്.
എന്നാല്‍ ബിജെപി വളരെ ആലോചിച്ചുതന്നെയാണ് അവിശ്വാസത്തെ കണ്ടത്. മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ച് ആറുമാസം തികയുന്നതിനു മുന്‍പ് ഭരണവിശകലനം നടത്തി ഒരു ഭരണം മറിച്ചിട്ട് ജനങ്ങളുടെ തലയില്‍ ഒരു വന്‍ തെരെഞ്ഞെടുപ്പ് ചിലവ് അടിച്ചേല്‍പ്പിക്കുന്നത് ആശാസ്യകരമല്ലെന്നത് അന്ന് യുഡിഎഫ് ഭരണം തുടരാന്‍ വഴിതെളിച്ചു.
എന്നാല്‍ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ട് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്തവിധം ദുഷിച്ച ഭരണം ഇങ്ങനെതന്നെ തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ ഏലൂര്‍ നഗരസഭ ഭരണത്തില്‍ നിര്‍ണ്ണായകശക്തിയായ ബി.ജെ.പിക്ക് അത് പിടിച്ചുനിറുത്താനും, അത്തരം ഭരണസംവിധാനങ്ങളെ തൂത്തെറിയാന്‍ ജനം നല്കിയ അംഗീകാരവും, കൈമുതലായുള്ള ഇഛാശക്തിയും ഉപയോഗിക്കുമെന്നും ഈ അവിശ്വാസത്തിലൂടെ ബിജെപി തെളിയിച്ചുവെന്ന് വാര്‍ത്താക്കുറിപ്പില്‍ ബിജെപി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്സ്.ഉദയകുമാര്‍, നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എ.സുനില്‍കുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് എ.എ.ലെനീന്ദ്രന്‍ തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: