പള്ളുരുത്തി: പശ്ചമകൊച്ചി പ്രദേശത്തെ പെരുമ്പടപ്പ്, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി ഭാഗങ്ങളില്‍നിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഷട്ടില്‍ സര്‍വ്വീസ് സ്വകാര്യ ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതുമൂലം പശ്ചിമകൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓടിഎത്തേണ്ട സമതത്തിലധികവും ബസ്സുകള്‍ സ്റ്റോപ്പില്‍ കിടക്കുന്നതുമൂലം നാട്ടുകാരും ദുരിതത്തിലാണ്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും പെരുമ്പടപ്പ്വരെ ബസ് ഓടിഎത്താന്‍ 35 മിനിറ്റാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ഒരു മണിക്കുറെങ്കിലും എടുത്താണ് ഇവര്‍ സ്റ്റാന്റിലെത്തുന്നത്. ഇടക്കൊച്ചിയില്നിന്നും ഫോര്‍ട്ടുകൊച്ചിവരെ 40 മിനിറ്റ് എടുക്കണമെന്നിരിക്കേ ഒന്നേക്കാല്‍ മണിക്കൂറെടുത്താണ് ഫോര്‍ട്ടുകൊച്ചിയില്‍ എത്തുന്നത്. പശ്ചിമകൊച്ചിയിലെ ഇടുങ്ങിയ റോഡുകളില്‍ മിനിറ്റുകളോളം കിടന്ന് ആളെ കുത്തിനിറക്കുന്ന ബസ്സ് തൊഴിലാളികളുമായി യാത്രക്കാര്‍ നിത്യവും പ്രശ്നത്തിലാണ്. മാധ്യമങ്ങള്‍ ഇടപെട്ട് പ്രശ്നം ഉദ്യോഗസ്ഥതലത്തിലും, ഭരണതലത്തിലും ചര്‍ച്ചയായെങ്കിലും ബസ്സുകാര്ക്കെതിരെ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. സ്വകാര്യബസ്സുകള്‍ ഒരു പോയിന്റ് കടക്കാന്‍ ആറുമിനിറ്റ് എടുക്കണമെന്നാണ് നിയമമെങ്കിലും 15 മിനൈറ്റ്ടുത്തുകൊണ്ടാണ് ബസ്സുകള്‍ ഒരു പോയിന്റ് കടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
അത്യാവശ്യത്തിനായി നാട്ടുകാര്‍ പശ്ചിമകൊച്ചിയിലെ സ്വകാര്യബസ്സില്‍ കയറിപ്പോയാല്‍ കുഴഞ്ഞുപോകുമെന്ന് പാസ്സഞ്ചേഴ്സ് അസ്സോസിയേഷന് ഭാരവാഹികള്‍ പറയുന്നു. വിവിധ സംഘടനകളും, പൊതുപ്രവര്‍ത്തകരും ഉടമകളുടെയടുത്തും, സ്വകാര്യ ബസ്സ് ഭാരവാഹികളോടും പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ബസ്സുടമകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സമയക്രമ പ്രശ്നം വഴിതിരിച്ചുവിടുകയാണെന്നും ആരോപണമുയന്ന്നു കേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: