രാഹുല്‍ഗാന്ധിയ്ക്കുള്ള വ്യക്തിപരമായ പ്രാധാന്യം എന്താണ്? ഇന്ത്യയിലെ ഭരണപ്പാര്‍ട്ടിക്ക് മേല്‍ ദീര്‍ഘകാലമായി അധീശത്വം പുലര്‍ത്തി വരുന്ന ഗാന്ധി വംശത്തിലെ ഇളമുറക്കാരനായ ഈ നാല്‍പ്പത്തിരണ്ടുകാരനെയാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കെട്ടിയെഴുന്നെള്ളിക്കാന്‍ പോകുന്നത്. അതാണ് അയാളുടെ പ്രസക്തി.
അതിന് മുന്നോടിയായി, മിക്കവാറും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ, അയാള്‍ക്ക് പാര്‍ട്ടിയില്‍ ഒരു പ്രധാന പദവി നല്‍കിയേക്കാം അല്ലെങ്കില്‍ സര്‍ക്കാരില്‍ ഒരു പണി (ഒരുപക്ഷെ, ഗ്രാമവികസനവകുപ്പ് മന്ത്രി). ഇതിനായി ഒരു മന്ത്രിസഭാ പുനഃസംഘടന ഏവരും പ്രതീക്ഷിക്കുകയാണ്.
മിസ്റ്റര്‍ ഗാന്ധിയെ പൊക്കിക്കാണിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തത്വത്തില്‍ യുക്തിസഹം തന്നെ. അയാളുടെ അമ്മയും പാര്‍ട്ടി പ്രസിഡന്റുമായ സോണിയാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അയാള്‍ എന്ന് നേരത്തെ തന്നെ കരുതപ്പെട്ടിരുന്നു. 2014 ല്‍ പ്രചാരണം തുടങ്ങുന്നതിന് മുന്നെ തന്നെ, നേതാവെന്ന നിലയില്‍ ചില സാമര്‍ത്ഥ്യങ്ങള്‍ അയാള്‍ക്ക് പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.
പക്ഷെ, ഉത്തരവാദപ്പെട്ട ഒരു സ്ഥാനം ഏറ്റെടുക്കാന്‍ ഏറെ നാളായി അയാള്‍ വിമുഖനായിരുന്നു. കോണ്‍ഗ്രസിന്റെ യുവഘടകത്തിനെ പുനഃസംഘടിപ്പിക്കുന്നതിലും പ്രാദേശിക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കുന്നതിലും ആയിരുന്നു അയാള്‍ക്ക് താല്‍പ്പര്യം. രണ്ടും പാളിപ്പോവുകയാണുണ്ടായത്. പ്രശ്നമെന്തെന്നാല്‍ ഇന്നുവരെക്കും മിസ്റ്റര്‍ ഗാന്ധിക്ക് രാഷ്ട്രീയക്കാരന് എന്ന നിലയില്‍ എന്തെങ്കിലും പ്രത്യേക പാടവമോ, എന്തിന് ഉന്നതപദവിക്കായുള്ള അഭിവാഞ്ഛയോ ഉള്ളതായി ഒരു തെളിവും കിട്ടിയിട്ടില്ല. രാഹുല്‍ഗാന്ധി ലജ്ജാലുവാണ്. പത്രപ്രവര്‍ത്തകരോടോ ജീവചരിത്രകാരന്മാരോടോ, രാഷ്ട്രീയത്തിലെ സഖ്യകക്ഷികളോടോ ശത്രുക്കളോടൊ വായ തുറന്നു മിണ്ടുന്നതില്‍ പരുങ്ങലുള്ളവനുമാണ്. പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്ന കാര്യം ചോദിക്കുകയേ വേണ്ട.
അയാള്‍ക്ക് എന്ത് കഴിവുകളുണ്ടെന്നോ, അയാള്‍ എന്തു ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നോ, അധികാരമോ ഉത്തരവാദിത്വമോ എന്നെങ്കിലും കൈയേല്‍ക്കുമെന്നോ ആര്‍ക്കും ഒരു പിടിയുമില്ല. അയാള്‍ക്കു തന്നെ അതറിഞ്ഞുകൂടാ എന്ന സംശയം വളര്‍ന്നുവരികയുമാണ്.
മിസ്റ്റര്‍ ഗാന്ധിയുടെ ജീവിതത്തെ അറിയുവാനുള്ള ഏറ്റവും പുതിയ പരിശ്രമം ആരതി രാമചന്ദ്രന് എന്ന രാഷ്ട്രീയകാര്യ ലേഖിക രചിച്ച അയാളുടെ ജീവചരിത്രമാണ്. ഇന്ത്യയെ നയിക്കുവാനുള്ള വലിയ ഉദ്യോഗത്തിനുള്ള ഒരു അപേക്ഷകനാണ് അയാള്‍. ഏതൊരു ഉദ്യോഗത്തിനും അപേക്ഷിക്കുന്ന വ്യക്തി. സ്വന്തം യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം, ഉദ്യോഗം വേണമെന്ന് ആഗ്രഹിക്കാനുള്ള കാരണം എന്നിവ അറിയിക്കുവാന്‍ ബാധ്യസ്ഥനാകുമ്പോള്‍, ഈ വക കാര്യങ്ങള്‍ അല്‍പ്പംപോലും വെളിപ്പെടുത്താന്‍ മിസ്റ്റര്‍ ഗാന്ധി തയ്യാറാകുന്നില്ല.
രാഹുല്‍ഗാന്ധി തന്നെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഒളിപ്പിച്ച് സ്വയം പ്രതിരോധിക്കുന്നതിനാല്‍ അയാളുടെ വിദേശങ്ങളിലെ വിദ്യാഭ്യാസം, ലണ്ടനിലെ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയില്‍ പണിയെടുത്തത്, ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ അയാളുടെ പ്രത്യാശകള്‍ ഇവയെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അങ്ങനെ നായകനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളില്ലാത്തതിനാല്‍ ആരതി രാമചന്ദ്രന്റെ രാഹുല്‍ചരിത്രം അലങ്കോലമാകുന്നു. മിസ്റ്റര്‍ ഗാന്ധിയെ അയാളുടെ ചെയ്തികള്‍, അപൂര്‍വവും ഇടറിയതുമായ പൊതു പ്രസ്താവനകള്‍, അയാളുടെ സമീപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്നിവയെ ശരണം പ്രാപിച്ചേ വിലയിരുത്താനാവുന്നുള്ളൂ.
ഈ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട്, മിസ്സിസ് രാമചന്ദ്രന് മാന്യമായ രചന നടത്തിയിട്ടുണ്ട്. ടൊയോട്ടാ കമ്പനിയില്‍നിന്ന് പഠിച്ച മാനേജ്മെന്റ് തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, യൂത്ത് കോണ്‍ഗ്രസിനെ, ഒരു തകര്‍ച്ചയിലാണ്ട കമ്പനി എന്ന മട്ടില്‍, ആധുനികവത്ക്കരിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതും അര്‍ഥവത്തും ആയിരുന്നുവെങ്കിലും ആത്യന്തികമായി ആ ശ്രമം അമ്പേ പരാജയപ്പെട്ടുവെന്ന് അവള് അവസാനവിധി കല്പ്പിക്കുന്നു. കുടുംബപാരമ്പര്യപ്രകാരം സൗജന്യമായി ലഭിച്ച വന്‍ അവകാശങ്ങള്‍ യഥേഷ്ടം അനുഭവിക്കുന്ന മിസ്റ്റര്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വാണംവിട്ടപോലെ ഉയര്‍ന്നുവരുന്നത് അയാളുടെ കുടുംബനാമം ഒന്നുകൊണ്ടുമാത്രമെന്നിരിക്കെ, അയാള്‍ കഴിവും വാസനയുമുള്ളവര്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു വ്യവസ്ഥിതിക്ക് (ാലൃശ്രൃമര്യ) വേണ്ടി വാദിക്കുന്നത് ഒട്ടും വിശ്വസനീയമാവുന്നില്ല.
മിസിസ് രാമചന്ദ്രന്റെ പുസ്തകത്തില്‍ നിന്ന് നമുക്കുകിട്ടുന്ന മിസ്റ്റര്‍ ഗാന്ധിയുടെ ചിത്രം ദരിദ്ര ഇന്ത്യക്കാരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുവാന്‍ നേരാംവണ്ണം നിര്‍വചിക്കപ്പെടാത്ത വ്യഗ്രതയുള്ള എന്നാല്‍, അതെങ്ങനെ ചെയ്യണമെന്ന് അറിഞ്ഞുകൂടാത്ത ഒരുവന്റേതാണ്.
ഉപരിവര്‍ഗത്തിലെ പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോട് ഏതാണ്ടൊരു ഫ്യൂഡല്‍ അനുഭാവം പുലര്‍ത്തുന്നയാള്‍ എന്നതാണ് ഒരു നെഹ്റു ഗാന്ധി കുടുംബാംഗത്തിന്റെ പരമ്പരാഗതമായ പ്രതിഛായ. ഈ പ്രതിഛായയെ കൈയൊഴിയാന്‍ മിസ്റ്റര്‍ ഗാന്ധി ഗ്രാമങ്ങളിലെ വൃത്തി കെട്ട വെള്ളം പാനം ചെയ്യുവാനും ദളിതരുടെ വീടുകളില്‍ ആഹാരം കഴിച്ചുമൊക്കെ പരിശ്രമിച്ചു. പക്ഷേ, ആ വിധ പ്രകടനങ്ങള്‍ക്ക് തുടര്‍ച്ചയായി പ്രസ്തുത അധഃസ്ഥിത വിഭാഗങ്ങളെ സഹായിക്കാനായി നയരൂപീകരണത്തിനോ ദീര്‍ഘകാല ഇടപെടലുകള്‍ക്കോ അയാള്‍ക്കായില്ല എന്നതാണ് അയാളുടെ ദയനീയ പരാജയം. സാമൂഹ്യപുരോഗമനം അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം എന്നിവയില്‍ ഗുണകരമായ യഥാര്‍ത്ഥ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് മിസ്റ്റര്‍ ഗാന്ധി എന്ന് തെളിയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യ നൂലാമാലകള്‍ നേരിടാന്‍ കൂട്ടാക്കാതെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉല്‍സുകരാണ് മിസ്റ്റര്‍ ഗാന്ധിയെ ചുറ്റിപ്പറ്റിനില്ക്കുന്ന ഉപദേശവൃന്ദം. ഇവരുടെ ഉപദേശ വൈകൃതങ്ങള്‍ മൂലം, അവരുടെ നേതാവ് പലപ്പോഴും അവസരവാദിയും രാഷ്ട്രീയസ്ഥിരതയില്ലാത്തവനുമായി കാണപ്പെടുന്നു. അവസരങ്ങള്‍ പലതും മിസ്റ്റര്‍ ഗാന്ധിയുടെ വാതില്ക്കല് വന്നു മൂടിയിട്ടുണ്ട്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം നഗരങ്ങളിലെ മധ്യവര്‍ഗയുവത്വത്തെ ത്രസിപ്പിച്ചപ്പോള്‍ അയാള്‍ വായും പൊളിച്ചു നിന്നതേയുള്ളൂ. സെര്‍വിക്കല്‍ കാന്‍സര്‍ എന്നു കിംവദന്തിയുള്ള ഗുരുതരരോഗത്താല്‍ മിസിസ് ഗാന്ധി വിദേശ ചികിത്സ തേടിയ ആ അവസരത്തില്‍ അയാള്‍ക്ക് ഉത്തരവാദിത്വമേറ്റ് അഴിമതി വിരുദ്ധക്കാരെ നേരിടാമായിരുന്നു. പാര്‍ലമെന്റില്‍ ഒരു മണ്ടത്തരം വിളിച്ചു പറയുക മാത്രമാണ് അയാള്‍ ചെയ്തത്.
സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാനുള്ള അവസരവും അയാള്‍ക്ക് വന്നുചേര്‍ന്നിരുന്നു. 2012 ആദ്യം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത് മിസ്റ്റര്‍ ഗാന്ധി തന്നെ. നെഹ്റു കുടുംബാംഗങ്ങള്‍ എംപിമാരായിരുന്ന പ്രദേശങ്ങളിലടക്കം ദയനീയ പ്രകടനം കാഴ്ചവെച്ച് പാര്‍ട്ടി നാലാം സ്ഥാനം കൈവരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. കാരണം തങ്ങളുടെ വോട്ടുകള്‍ അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലാത്ത കോണ്‍ഗ്രസിന് നല്കി പാഴാക്കാന്‍ ജനത്തിന് താല്‍പ്പര്യമില്ലായിരുന്നു. മോശം പ്രസംഗങ്ങള്‍, ജാതി-മത വിഭാഗങ്ങള്‍ എങ്ങനെ തിരിയും എന്നു മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലായ്മ, പ്രാദേശിക നേതാക്കളുമായുള്ള ശിഥിലബന്ധങ്ങള്‍, എന്നിവയൊക്കെയായിരുന്നു മിസ്റ്റര്‍ ഗാന്ധിയുടെ ദൗര്‍ബല്യങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍, യുപി തെരഞ്ഞെടുപ്പില്‍ പറ്റിയ ഏറ്റവും പ്രധാന അബദ്ധം ആ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വലിയ ഒരു റോള്‍ അയാളെടുത്തതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബീഹാറിലും കേരളത്തിലും അയാള്‍ നടത്തിയ പരിശ്രമങ്ങളും പാളിപ്പോവുകയാണുണ്ടായത്. യുപി ഇലക്ഷനുശേഷം മിസ്റ്റര്‍ ഗാന്ധിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനായിട്ടില്ല. ഒരു ഉന്നതപദവിയിലേക്ക് അവരോധിക്കപ്പെടുന്നത് വഴി ഈ രാഷ്ട്രീയ താഴ്ചയെ അതിജീവിക്കാനാവും. പക്ഷെ, ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാകുവാന് ഒട്ടുംതന്നെ യോഗ്യനല്ലാത്ത ഒരു രാഹുല്‍ഗാന്ധിയുടെ ചിത്രമാണ് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നത്.
(ദ ഇക്കണോമിസ്റ്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: