കാസര്‍കോട് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ മുന്ന് മന്ത്രിമാര്‍ അടങ്ങിയ സംഘം ഇന്ന് മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കും. ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ എന്നിവരടങ്ങിയ സംഘം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പ്രതിനിധികളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങള്‍ കേള്‍ക്കുകയായിരുന്നു. പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നടപടികളും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള കൂടുതല്‍ ആശ്വാസ നടപടികളും അടുത്ത കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കൃഷി മന്ത്രി കെ.പി.മോഹനന് പറഞ്ഞു. വായ്പകള്‍ക്കുള്ള മൊറാറ്റോറിയം പ്രഖ്യാപിക്കല്‍, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറമെ, എന്‍ഡോസള്‍ഫാന്‍ ബാധിച്ച മറ്റു പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും. ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ അനുവദിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി പ്രത്യോക ലോട്ടറി തുടങ്ങുന്ന കാര്യം ധനമന്ത്രിയുമായി കൂടിയാലോചന നടത്തും. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മാസത്തിലൊരിക്കല്‍ ജില്ലാ-സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് യോഗം നടത്തും. ജില്ലയില്‍ ഐ.സി.ഡി.എസ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ എംപ്ളോയ്മെണ്റ്റ് മുഖേന നികത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. ബഡ്സ് സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൈമാറി നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. എന്‍ഡോസള്‍ഫാന്‍ അധികൃതരുടെ ലിസ്റ്റ് വരുന്നതോടെ അര്‍ഹരായവര്‍ക്ക് പെന്ഷന് അനുവദിക്കും. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മക്കള്‍ക്ക് നല്കുന്ന ഒണ്‍ടൈം സ്കോളര്‍ഷിപ്പ് തുടര്‍ന്നുള്ള എല്ലാ വര്‍ഷവും വിദ്യാഭ്യാസ ഇന്സെണ്റ്റീവ് എന്ന പേരില്‍ നല്‍കുന്നതാണ്. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് ഒക്ടോബര്‍ 14ന് വിതരണം ചെയ്യും. ദുരിതബാധിതര്‍ക്കുള്ള സഹായധനം എടിഎം മുഖേന ആവശ്യമില്ലാത്തവര്‍ക്ക് തുക മണി ഓര്‍ഡറായി നല്കാന് നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കായി 5.6 കോടി രൂപാ ചെലവില്‍ തേജസ്വിനി ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. രോഗികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്താന്‍ ആര്‍സിസി, ശ്രീചിത്ര, എംസിസി, ഐസിഒഎന്എസ് ഷൊര്‍ണ്ണൂറ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങി കേരളത്തിലെ 11 ആശുപത്രികളിലും ഏനപ്പോയ മെഡിക്കല്‍ കോളേജിലും പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കും. കൂടാതെ മംഗലാപുരം കെ.എം.സി ആശുപത്രിയിലും ചികിത്സ ലഭ്യമാക്കും. ഇതുകൂടാതെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ രണ്ട് ആംബുലന്‍സുകള്‍ ഉടന്‍ അടുത്തദിവസം തന്നെ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയ്ക്കാവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ പ്രത്യേക പരിഗണന നല്‍കും. സൗജന്യ ചികിത്സ ഉറപ്പുവരുത്താന്‍ സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിയാരം ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളും ചികിത്സ നല്‍കുന്നുണ്ട്. ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രി എന്നീ സ്ഥാപനങ്ങളില്‍ ന്യൂറോളജി, ക്യാന്‍സര്‍, റെസ്പിറേറ്ററി മെഡിസിന്, നെഫ്രോളജി തുടങ്ങിയവയുടെ ക്ളീനിക്കുകള്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പിഎംആര്‍ യൂണിറ്റും അതിനോട് അനുബന്ധിച്ച് ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ഡേ കെയര്‍ സെണ്റ്ററും ഇത്തരം കുട്ടികളെ പരിചരിക്കുന്നതിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളില്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ബഡ്സ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ സഹായത്തോടുകൂടി കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ചടങ്ങില്‍ കൃഷി മന്ത്രി കെ.പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ.മുനീര്‍, പി.കരുണാകരന് എം.പി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: