നാടിന്റെ മണ്ണും വെള്ളവും കാടും പുഴയും കായലും കടല്‍ത്തീരവും ഊര്‍ജവും ലേലത്തിന് വെച്ച്, നെല്‍വയലുകളും നീര്‍ത്തടങ്ങളും കൃഷിഭൂമിയും നിരത്തി, വന്മലകള് ഇടിച്ചുനിരത്തി വിദേശ കുത്തകകള്‍ക്ക് വിഹരിക്കാന്‍ എമെര്‍ജിംഗ് കേരള പരവതാനി വിരിച്ചപ്പോള്‍ ഈ ‘വികസനപദ്ധതികളി’ല്‍ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് മാത്രം ആരും ഒന്നും പറഞ്ഞുകേട്ടില്ല. എമെര്‍ജിംഗ് കേരളയില്‍ സ്ത്രീകള്‍ എമെര്ജ് ചെയ്യുന്നില്ല.
പക്ഷെ എമെര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവ്വലും കോണ്‍സല്‍ ജനറല്‍ ജനിഫര്‍ മക്ഇന്ടയറും അഡ്വക്കേറ്റ് സന്ധ്യാ രാജുവിന്റെ ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്യാര്‍ഡില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. കേരള സര്‍ക്കാരിന്റെ ‘നിര്‍ഭയാ പോളിസി’ കൈകാര്യം ചെയ്യുന്ന ലിഡാ ജേക്കബും ഗാര്‍ഹിക പീഡന ഇരകള്‍ക്കുവേണ്ടി ‘സഖി’ എന്ന സംഘടന നടത്തുന്ന ബീനാ സെബാസ്റ്റ്യനും ‘രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ മാര്‍ക്കി’ലെ മീനാ കുരുവിളയും സ്ത്രീവിഷയങ്ങളെപ്പറ്റി എഴുതുന്ന പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഞാനും ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി.
സ്ത്രീ-പുരുഷ അനുപാതത്തില്‍ മുന്നില്‍ നില്ക്കുന്ന നാട്ടില്‍ സാക്ഷരരും അഭ്യസ്തവിദ്യരും ജോലിയുള്ളവരുമായ കേരള സ്ത്രീകള്‍ അനുഭവിക്കുന്ന പൊതു ഇടങ്ങളിലും ബസ്സുകളിലും ട്രെയിനിലും ഓട്ടോയിലും സ്വന്തം വീട്ടില്‍ പിതാവില്‍നിന്നും ബന്ധുക്കളില്നിന്നുപോലുമുള്ള പീഡനങ്ങള്‍ ചര്‍ച്ചയില്‍ വിവരിക്കപ്പെടുകയുണ്ടായി. പിതൃമേധാവിത്വ സമൂഹമായ കേരളത്തില്‍ സ്ത്രീ തീര്‍ത്തും പുരുഷവിധേയയാണെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ പുരോഗതിയുടെ മൂര്‍ധന്യത്തില്‍ നില്ക്കുന്ന അമേരിക്കയിലും പിതൃമേധാവിത്വ മൂല്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് സംഘം വിശദീകരിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും തുല്യപങ്കാളിത്തം ലഭിക്കാതെ മന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് വനിതയെന്ന വസ്തുത ധരിപ്പിച്ചപ്പോള്‍ ഇനിയും ഒരു വനിതാ പ്രസിഡന്റിനെ വിഭാവനം ചെയ്യാന്‍ അമേരിക്കക്കാര്ക്കാകുന്നില്ല എന്നതായിരുന്നു മറുപടി. സ്ത്രീകള്‍ അവിടെയും ഇവിടെയും ആദാമിന്റെ ആറാമത്തെ വാരിയെല്ലുതന്നെ.
സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമം ഒരു ആഗോള പ്രശ്നമാണെന്നും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നിരവധിയാണെന്നും ഈ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിലെ സ്ത്രീപദവിയെപ്പറ്റിയുള്ള അന്വേഷണമെന്നും യുഎസ് സംഘം വിശദീകരിച്ചു. ആഗസ്റ്റ് 10 ന് ‘അമേരിക്കന്‍ സ്ട്രാറ്റജി ടു പ്രിവന്റ് ആന്റ് റെസ്പോണ്‍സ് ടു ജന്‍ഡര്‍ ബേസ്ഡ് വയലന്‍സ് ഇന്‍ സൊസൈറ്റി’ (ഡട ട്മലേഴ്യ ് ുൃല്ലിേ മിറ ൃല്ീിറ ് ഴലിറലൃ യമലെറ ്ശീഹലിരല ഴഹീയമഹഹ്യ) എന്ന പ്രോഗ്രാം തുടങ്ങിയിരുന്നു. ഇതിനായി അവര്‍ ചെയ്യുന്നത് ഈ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിച്ച് ലൈംഗിക പീഡന ഇരകളുടെ വിവരങ്ങള്‍ ശേഖരിച്ച് അതുപയോഗിച്ച് ലൈംഗിക അതിക്രമം ചെറുക്കാന്‍ നടപടികള്‍ ആവിഷ്ക്കരിക്കുക എന്നതാണ്. ‘യുഎസ് എയ്ഡി’ന് വേണ്ടി യുഎസ് വിദേശകാര്യ വകുപ്പാണ് ഈ രേഖ തയ്യാറാക്കിയത്. ലോകത്ത് ലൈംഗികപീഡനം അനുഭവിക്കുന്നവരെ സഹായിക്കാനും ലൈംഗികാതിക്രമങ്ങള്‍ തടയാനും ലിംഗ സമത്വം ഉറപ്പുവരുത്താനുമുള്ള അമേരിക്കന്‍ വിദേശ മിഷനുകളുടെ യജ്ഞമാണത്രെ ഇത്.
അമേരിക്കന്‍ പഠനങ്ങള്‍ തെളിയിക്കുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വംശമോ വര്‍ഗ്ഗമോ മതമോ വിദ്യാഭ്യാസമോ നോക്കാതെ രാജ്യാന്തര ദുരന്തമാണെന്നാണ്. അവരുടെ ‘ഫാക്ട് ഷീറ്റ്’പ്രകാരം പീഡനത്തിന്റെ അളവും വ്യാപ്തിയും വളരെ വലുതാണെന്നും അതിനുള്ള സാഹചര്യങ്ങള്‍ വിപുലമാണെന്നും സമൂഹത്തിനും കുടുംബത്തിനും വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം വിനാശകരമാണെന്നും വ്യക്തമാകുന്നു. ലോകത്ത് മൂന്നില്‍ ഒരു സ്ത്രീ വീതം അവളുടെ ജീവിതത്തില്‍ മര്‍ദ്ദനമേല്‍ക്കുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിതമാകുകയും മറ്റു തരത്തിലുള്ള പീഡനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ടത്രെ. സ്വന്തം ഭര്‍ത്താവില്‍നിന്നുള്ള പീഡനമാണ് ലോകത്തില്‍ ഏറ്റവും അധികം. മയക്കുമരുന്ന് കടത്ത്, ലൈംഗികാതിക്രമം (പ്രത്യേകിച്ച് യുദ്ധം നടക്കുമ്പോള്‍) മുതല്‍ ‘ഹോണര്‍ കില്ലിംഗ്’ വരെ ഈ രേഖ പ്രതിപാദിക്കുന്നു.
അമേരിക്കയില്‍ സ്ത്രീപീഡനവിരുദ്ധ നിയമമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്പോള്‍ കേരളത്തില്‍ ഗാര്‍ഹികപീഡനം തടയാനും മറ്റും പാസാക്കിയ നിയമങ്ങള്‍ സന്ധ്യാ രാജു വിശദീകരിച്ചു. നിയമങ്ങളുടെ അഭാവമോ അവബോധമില്ലായ്മയോ അല്ല കേരള സ്ത്രീകളുടെ സര്‍വ്വംസഹ മനോഭാവമാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന് ഞങ്ങള്‍ വിശദീകരിച്ചു. പിതൃമേധാവിത്വ സങ്കല്‍പ്പം എന്നായിരുന്നു അപ്പോള്‍ യുഎസ് സംഘത്തിന്റെ പ്രതികരണം.
വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും സ്ത്രീകളുടെ നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ആഗോളതലത്തില്‍ തടയാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ചിരുന്നു. അമേരിക്ക വിശ്വസിക്കുന്നത് കൂടുതല്‍ സ്ത്രീസംരംഭകര്‍ രംഗത്തുവന്നാല്‍ സാമ്പത്തിക ശാക്തീകരണത്തിന് വഴിതെളിക്കുമെന്നും ഇത് ആഗോള സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമെന്നുമാണ്. ‘ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം’ എന്നൊരു പരിപാടിയും അമേരിക്കക്കുണ്ട്.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഒരു വസ്തുത ഷെല്‍ട്ടര്‍ ഹോംസിന്റെ ആവശ്യംതന്നെയാണ്. ഇതിനുവേണ്ടി ഒരു ആഗോള കണ്സള്ട്ടേഷന് ഉണ്ടാക്കാനും ലൈംഗികാതിക്രമ ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കാനും അമേരിക്കന്‍ എംബസി തയ്യാറാണെന്ന് യുഎസ് സംഘം അറിയിച്ചു. വിവിധ ലൈംഗികപീഡന ഇരകളുടെ മാനസികാവസ്ഥ വ്യത്യസ്തമായതിനാല്‍ അവര്‍ക്ക് വ്യത്യസ്തമായ ചികിത്സാ-കൗണ്‍സലിംഗ് രീതികള്‍ ആവശ്യമാണെന്ന് യുഎസ് സംഘം ചൂണ്ടിക്കാട്ടി. പീഡനാനുഭവങ്ങള്‍ വിലയിരുത്തയതിന് ശേഷമാണ് ഇരകളുടെ പുനരധിവാസം.
ഇതിനായി പ്രത്യേക പരിശീലനത്തിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ യുഎസ് പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. ഷെല്ട്ടര്ഹോംസ് നെറ്റ്വര്‍ക്കിംഗും സാധ്യമാക്കും. തദ്ദേശഭരണാധികാരികളുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും ഈ ഷെല്‍ട്ടര്‍ ഹോംസ് ശൃംഖല സ്ഥാപിക്കുക.
ഇന്ന് അന്യദേശ തൊഴിലാളികളുടെ സാന്നിധ്യം നിര്‍മ്മാണ മേഖലയിലും പ്ലൈവുഡ് വ്യവസായ മേഖലയിലും മറ്റ് പല മേഖലകളിലും സജീവമാണ്. ജോലി കുറവാണെങ്കിലും ഇവരെല്ലാം മൊബെയില്‍ ഫോണ്‍ ഉടമകളാണ്. മൊബെയിലില്‍ ‘മിസ്ഡ് കോള്‍’ നല്കി മണിക്കൂറുകളോളം ‘ചാറ്റ്’ ചെയ്ത് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും വിവാഹമണ്ഡപത്തിലല്ല എത്തുന്നത്, മറിച്ച് വ്യഭിചാരശാലകളിലും മറ്റുമാണ്. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ പോലും അങ്ങനെയല്ലാത്ത തൊഴിലാളികളുമായി പ്രണയബദ്ധരാകുന്നു. കൂണുപോലെ പൊട്ടിമുളക്കുന്ന ബഹുനില കെട്ടിടങ്ങളിലെ നിര്‍മ്മാണ തൊഴിലാളികള്‍ പുഞ്ചിരിച്ച്, കൈവീശി, സൗഹൃദം സ്ഥാപിച്ച് മൊബെയില്‍ നമ്പര്‍ കരസ്ഥമാക്കിയാണ് പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കുന്നത്. മൊബെയില്‍ ക്യാമറയില്‍ അശ്ലീല ചിത്രങ്ങള്‍ എടുത്ത് അത് കാട്ടി ബ്ലാക്മെയില്‍ ചെയ്ത് തട്ടിക്കൊണ്ടുപോകലും പതിവാണ്.
ഇക്കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അമേരിക്കന്‍ വനിതകള്‍ സ്തംഭിച്ചിരുന്നതേയുള്ളൂ. ഒരുപക്ഷെ അഭ്യസ്തവിദ്യരായ മലയാളികളുടെ സ്വര്‍ണഭ്രമവും സ്ത്രീധന ഇടപാടും അവര്‍ക്ക് മനസിലാകുന്നുപോലുമില്ലായിരിക്കാം. സ്വര്‍ണം ഇന്ന് നിത്യോപയോഗ സാധനമായി മാറിയിരിക്കുന്നു. സ്വര്‍ണവില നിത്യേന കുതിച്ചുയരുന്നതുകൊണ്ടാണ്് എങ്ങനെ പെണ്മക്കളെ കെട്ടിക്കാം എന്ന് ആധിപിടിക്കുന്ന അമ്മമാരോട് “അതല്ലേ ഞങ്ങള്‍ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിക്കുന്നത്” എന്ന് മക്കള്‍ പ്രതികരിക്കുന്നത്.
മറ്റൊന്ന് കേരളത്തിലെ വര്‍ധിച്ചുവരുന്ന മദ്യോപയോഗവും അതുമൂലം പെണ്മക്കള് ലൈംഗികാസക്തിക്കിരകളാകുന്നതുമാണ്. ഇതെല്ലാം കേരളത്തിന്റെ മാത്രം പ്രത്യേകതയാണോ എന്തോ? ആ വിഷയത്തിലേക്ക് ചര്‍ച്ച നീളാന്‍ അവസരം ലഭിക്കാതിരുന്നത് ചര്‍ച്ചയുടെ ഇടയില്‍ ഞങ്ങള്‍ അറിഞ്ഞ ലിബിയയിലെ അമേരിക്കന്‍ എംബസി ആക്രമണവും കൊലപാതകങ്ങളും ആയിരുന്നു.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: