ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജ്പക്സെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധ സൂചകമായി സേലത്ത് ഇന്നലെ രാവിലെ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയരാജിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശില്‍ ബുദ്ധിസ്റ്റ് സര്‍വകലാശാലയില്‍ 21 ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് രജ്പക്സെ ഈ ആഴ്ച ഇന്ത്യയിലെത്തുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ കക്ഷികള്‍ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര കലാപത്തില്‍ ലങ്കന്‍ സൈന്യം തമിഴ് വംശജരുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ 2009 ലാണ് സേന പോരാട്ടം നിര്‍ത്തിയത്. ലങ്കയിലെ തമിഴ് വംശജര്‍ക്ക് പിന്തുണ നല്‍കുന്നവരാണ് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍. അതേസമയം രജ്പക്സെയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ ഒരു ദിവസത്തെ ബന്ദ് നടത്തി. ബന്ദ് പൂര്‍ണമായിരുന്നു വാഹനങ്ങളൊന്നും ഓടിയില്ല. കടകള്‍ അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: