കണ്ണൂറ്: ചാല ടാങ്കര്‍ ദുരന്തത്തിലെ ഇരകളോട് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞ് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വാഗ്ദാനങ്ങള്‍ പാലിക്കാനാവാതെയും എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെയും ഇരുട്ടില്‍ തപ്പുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആരോപിച്ചു. ദുരന്തം സംഭവിച്ചപ്പോള്‍ ഒരു തവണ മാത്രം സംഭവസ്ഥലം സന്ദര്‍ശിച്ച് ഓടിമറഞ്ഞ കണ്ണൂറ് എംപി കെ.സുധാകരന് തല്‍സ്ഥാനം രാജിവെക്കണമെന്നും കെ.രഞ്ചിത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തത്തിന് കാരണക്കാരായ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നഷ്ടപരിഹാരം നല്കുന്നതില് നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ ക്രൂരമായ അലംഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. മരണമടഞ്ഞവര്‍ക്ക് ൧൦ ലക്ഷം രൂപയും ൪൦ ശതമാനം പൊള്ളലേറ്റവര്‍ക്ക് ൫ ലക്ഷം രൂപയും അതില്‍ കുറവുള്ളവര്‍ക്ക് ൨ ലക്ഷം രൂപയുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. ഇത് തികച്ചും അശാസ്ത്രീയമാണെന്ന് ബിജെപി ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാലിപ്പോള്‍ അതും ലഭിക്കാത്ത സ്ഥിതിയാണ്. ദുരന്തം സംഭവിച്ചയുടനെ പതിവിന്‍പടി തഹസില്‍ദാര്‍ മുഖേന ലഭിക്കുന്ന നാമമാത്രമായ തുകയാണ് ദുരന്തബാധിതര്‍ക്ക് ലഭിച്ചത്. കടകളും മറ്റ് വസ്തുവകകളും കത്തിനശിച്ച് ജീവിതം വഴിമുട്ടി നില്ക്കുന്നവര് വേറെയുമുണ്ട്. ഇരിട്ടിയിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും മുഖ്യമന്ത്രി ഇതുപോലെ വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞിരുന്നു. അതും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ച വരുത്തിയാല്‍ ജനങ്ങളോടൊപ്പം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ബിജെപി മുന്‍പന്തിയിലുണ്ടാവുമെന്നും രഞ്ചിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: