ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിക്ക് മുന്നോടിയായി ബോംബ്സ്ക്വാഡ് പരിശോധന നടത്തിയിരുന്നില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ ബോംബ്സ്ക്വാഡിലുണ്ടായിരുന്ന വിദഗ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2007 ല്‍ റാവല്‍പിണ്ടിയില്‍ നടന്ന റാലിക്കിടയിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. 2008 ല്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പിപിപിയാണ് റാലി സംഘടിപ്പിച്ചത്.
പാക് ഭീകരവിരുദ്ധ കോടതിയിലാണ് വിദഗ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫോറന്‍സിക് വിദഗ്ധന്‍ഡോ. അംജാദ്, ബോംബ്സ്ക്വാഡ് വിദഗ്ധ സാക്ലെയിന് എന്നിവരുടെ മൊഴികള്‍ കോടതി ശേഖരിച്ചിട്ടുണ്ട്. ബേനസീറിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തിയത് അംജദാണ്.
പരിശോധന നടത്താതെയാണ് റാലിക്ക് അധികൃതര്‍ അനുമതി നല്‍കിയത്. ഇതില്‍ ചില സംശയകരമായ സാഹചര്യങ്ങളുണ്ടെന്നും സാക്ലെയന് കോടതിയില്‍ പറഞ്ഞു. അല്‍ ഖ്വയ്ദയില്‍നിന്ന് ബേനസീറിന് വധഭീഷണി ഉള്ളതായി അന്ന് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫിന് അറിയാമായിരുന്നതാണ്. എന്നിട്ടും അവര്‍ക്ക് പര്‍വേസ് ഭരണകൂടം മതിയായ സുരക്ഷ നല്‍കിയില്ലെന്നും ബേനസീറിന്റെ മകന് ബിലാവല്‍ ഭൂട്ടോ നേരത്തെ ആരോപിച്ചിരുന്നു. ബേനസീര്‍ വധക്കേസില്‍ മുഷറഫിന് വ്യക്തമായ പങ്കുണ്ടെന്നാണ് അവരുടെ കുടുംബം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: