കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി -വടകര റൂട്ടില്‍ ആനക്കുളങ്ങര ബസ്സ്റ്റോപ്പിന് അടുത്താണ് കൊല്ലം പിഷാരികാവ് ഭദ്രകാളീ ക്ഷേത്രം. കേരളത്തിലെ അതിപ്രശസ്തമായ ഒരു ദേവീക്ഷേത്രമാണ്. പഴയ കേരളത്തിന്റെ ജീവനായിരുന്ന സമ്പന്നരായ വൈശ്യന്മാര്‍ സ്ഥാപിച്ചതാണ് ഈ ഭദ്രകാളീക്ഷേത്രം.
പിഷാരികാവിലെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ്. സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ. ശിവന്റെ ദര്‍ശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടുമാണ്. ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടാണെങ്കിലും ഇതിലൂടെ ആര്‍ക്കും പ്രവേശനമില്ല. ഭഗവതിയുടെ ശ്രീകോവിലിന് മുമ്പിലാണ് ശിവന്റെ ശ്രീകോവില്‍. അതിനാല്‍ പുറത്ത്നിന്ന് നോക്കിയാല്‍ ഭദ്രകാളിയെ കാണാന്‍ സാധ്യമല്ല. സ്ത്രീകള്‍ക്ക് ശിവന്റെ കിഴക്കേ നടയില്‍ക്കൂടി പ്രവേശനമില്ല. തെക്കേ നടയിലൂടെയാണ് സ്ത്രീകള്‍ക്ക് പ്രേവശനം. ക്ഷേത്രത്തില്‍ മൂന്ന് പൂജ നടത്തപ്പെടുന്നു. മധുമാംസ നേദ്യമുണ്ട്. ഇവിടെ പിടാരന്മാരാണ് പൂജ നടത്തുന്നത്. പിടാരന്മാരെന്നാല്‍ ശാക്തേയബ്രാഹ്മണര്‍ എന്നാണെര്‍ത്ഥം.ശാസ്താവിന്റേയും, ഗണപതിയുടെയും ഉപപ്രതിഷ്ഠകള്‍ ഉണ്ട്. ഭഗവതിയുടെ ഇടതുവശത്ത്, ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യത്ഭുതശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.
പിഷാരികാവിലെ ഉത്സവം കാളിയാട്ടം എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. കുംഭമാസം പത്താം തീയതി കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നു. കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍ നടത്തണമെന്നല്ലാതെ നിശ്ചിതദിവസം നിശ്ചിതനാളില്‍ നടത്തണമെന്നില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്. കുംഭം പത്തിനോ അല്ലെങ്കില്‍ അതിന് തൊട്ടുമുമ്പുള്ള കൊടിയാഴ്ച ദിവസമോ രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍ വെച്ച് ഊരാളന്‍ന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തീയതി കുറിക്കുന്നത്. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയുമില്ല. അന്ന് രാത്രി അത്താഴപൂജക്ക് ശേഷം നടതുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങളോടായി കാളിയാട്ടമുഹൂര്‍ത്തം വിളിച്ചറിയിക്കുന്നു. പിഷാരകാവിലെ കാളിയാട്ടം മറ്റ് ക്ഷേത്രോത്സവങ്ങളില്‍നിന്നും വ്യത്യസ്തമാണ്. മുളനാട്ടി അതിന്മേലാണ് കൊടിയേറ്റം. മീനമാസത്തില്‍ എട്ടുദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു. നവരാത്രി ഇവിടെ വളരെ വിശേഷമാണ്. കര്‍ക്കടകമാസത്തില്‍ നടക്കുന്ന തോറ്റം നാല്‍പ്പത് ദിവസമായി പിഷാരിക്കാവില്‍ നടക്കും. നാല്‍പ്പത്തൊന്നാമത്തെ തോറ്റം കാളിയാട്ടത്തിനാണ്. കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ ദേവതയെ സ്തുതിച്ചുകൊണ്ട് പാടിവരുന്ന പാട്ടുകളാണ് തോറ്റം പാട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: