കൊച്ചി: അന്യായമായ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ ബിജെപിയും ഇടത് പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കട- കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. സംയുക്ത ട്രേഡ് യൂണിയന് ആഹ്വാന പ്രകാരം തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ ഓട്ടോറിക്ഷകളും, ടാക്സിയും നിരത്തില്‍ നിന്ന് വിട്ടുനിന്നു. കൊച്ചിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രധാന വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടന്നു. ചുരുക്കം ചില മെഡിക്കല്‍ ഷോപ്പുകളും പെട്ടിക്കടകളും ഒഴിച്ചാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടച്ചിട്ട് വ്യാപാരസമൂഹം ഒന്നടങ്കം ഹര്‍ത്താലില്‍ പങ്കുചേര്‍ന്നു. തീവണ്ടി ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട ചോറ്റാനിക്കരയില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റ സംഭവവും, മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടി ബസിന് നേരെ നടന്ന കല്ലേറും ഒഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു.
ജില്ലാ ആസ്ഥാനമായ കാക്കനാട് കളക്ട്രേറ്റില്‍ ഹാജര്‍ നില 25 ശതമാനത്തില്‍ താഴെ ആയിരുന്നു. കൊച്ചി കോര്‍പ്പറേഷന്റെ ഓഫീസിനെ ഹര്‍ത്താല്‍ ബാധിച്ചു. കപ്പല്‍ശാലയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ലെങ്കിലും തുറമുഖത്തെ കണ്ടെയ്നര്‍ ലോറി വഴിയുള്ള ചരക്ക് നീക്കത്തിന് ഹര്‍ത്താല്‍ തടസമായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഓഫീസുകളുടെയും, ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിയും, വിവിധ ട്രേഡ്യൂണിയനുകളും ഇടത് പാര്‍ട്ടികളും നഗരത്തിലും സമിപ പ്രദേശങ്ങളിലും പ്രകടനം നടത്തി.
രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും, വിലവര്‍ദ്ധനവിലൂടെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി നഗരത്തിന് നടത്തിയ പ്രകടനത്തില്‍ ശേഷം മേനക ജംഗ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ജനല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, കെ.എസ്.സുരേഷ്കുമാര്‍, കൗണ്‍സിലര്‍ സുധദിലീപ്കുമാര്, ദിനേശ്, ഡോ.ജലജ ആചാര്യ, സന്ധ്യജയപ്രകാശ്, സംശോധ് ഹുസൈന് സേട്ട്, വിപനചന്ദ്രന്‍, യു.ആര്.രാജേഷ്, എന്‍.ജെ.ജഴ്സണ്‍, പി.ജി.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലുവ: ബിജെപി ആലുവ ടൗണ്‍കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവായില്‍ പ്രകടനം നടത്തി. ബാങ്ക് കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൗണ്‍ പ്രസിഡന്റ് എ.സി.സന്തോഷ്കുമാര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്.രാജശേഖരന്, നിയോജകമണ്ഡലം സെക്രട്ടറി സെന്തില്‍കുമാര്‍, എ.എം.ദിനേശ്കുമാര്‍, എന്‍.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിനും ഉപരോധനത്തിനും കെ.ജി.ബാബു, അജിത്ത് പി.റാവു, ശ്രീനാഥ് നായക് എന്നിവര്‍ നേതൃത്വം നല്കി.
കോതമംഗലം: ഡീസല്‍ വിലവര്‍ദ്ധനവിലും, പാചകവാതക നിയന്ത്രണത്തിലും പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി-ബിഎംഎസ് പ്രവര്‍ത്തകര്‍ കോതമംഗലത്ത് പ്രകടനം നടത്തി. ബിഎംഎസ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് ബിജെപി- ബിഎംഎസ് നേതാക്കളായ കെ.ആര്.രഞ്ജിത്, എം.എം.രമേശ്, പി.പി.സജീവ്, കെ.വി.മധുകുമാര്‍, പി.കെ.ബാബു, സന്തോഷ് പത്മനാഭന്, കെ.എന്‍.ബാബു, ടി.എസ്.സുനീഷ്, സജീവ് മലയന്‍കീഴ്, ടി.എന്‍.സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. കുട്ടമ്പുഴ, തട്ടേക്കാട്, വാരപ്പെട്ടി, കോട്ടപ്പടി എന്നിവിടങ്ങളിലും പ്രകടനങ്ങള്‍ നടത്തി.
മൂവാറ്റുപുഴ: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബി ജെ പി ബി എം എസ് പ്രവര്‍ത്തകര്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം മണ്ഡലം പ്രസി. കെ. കെ. ദിലീപ് കുമാര്‍, ടി. ചന്ദ്രന് എന്നിവര്‍ നേതൃത്വം കൊടുത്തു. വാളകത്ത് നടന്ന പ്രകടനത്തില്‍ പഞ്ചായത്ത് പ്രസി. കെ. എ. പ്രദീപ്, സെക്രട്ടറി കെ. വി. അജീഷ് എന്നിവര്‍ നേതൃത്വം നല്കി. ബി എം എസിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധത്തിന് മേഖല സെക്രട്ടറി കെ വി മധുകുമാര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴ മുളവൂരില്‍ സി പി എം ലീഗ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലിന്റെ ഭാഗമായി സി പി എം നടത്തിയ പ്രകടനത്തിന് പിന്നാലെ അടച്ച വ്യാപാര സ്ഥാപനം തുറന്നത് സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലീഗ് കാരായ നാല് പേര്‍ക്കാണ് പരിക്കറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ഐയുടെ നേതൃത്വത്തില്‍ വന്ന പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയില്‍ സമ്പൂര്‍ണ്ണമായിരുന്ന ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയത് ഒഴിച്ചാല്‍ നിരത്ത് കാലിയായിരുന്നു.
തൃപ്പൂണിത്തുറ: ബിജെപിയുടെ നേതൃത്വത്തില്‍ എരൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.വി.പ്രേംകുമാര്‍, ധനേഷ്, സേതുമാധവന്, ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ യുവമോര്‍ച്ച നേതാവ് രാഹുല്‍ സംസാരിച്ചു.
പെരുമ്പാവൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗവ.ആശുപത്രി കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മണ്ഡലം കമ്മറ്റി ഓഫീസിന് സമീപം സമാപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജി.പുരുഷോത്തമന്, സെക്രട്ടറി എസ്.ജി.ബാബുകുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പി.ഇ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ സുരേഷ് കടുവാള്‍, അഡ്വ.എച്ച്.ഗോപകുമാര്‍, എ.ആര്.രത്നരാജ്, രാധാകൃഷ്ണന്, അനില്‍കുമാര്‍, ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
മരട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ, യുവജനസംഘടനകള്‍ മരടില്‍ പ്രകടനം നടത്തി. ബിജെപിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം അരങ്ങേറി. പേട്ട് ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ വിവിധ സംഘപരിവാര്‍ സംഘടന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് വൈറ്റില, പേട്ട, ചമ്പക്കര, മരട്, നെട്ടൂര്‍ കുമ്പളം, പനങ്ങാട് പ്രദേശങ്ങളില്‍ കട-കമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൊച്ചി അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തേയും ഹര്‍ത്താല്‍ ബാധിച്ചു. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ച് ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലെത്തിയില്ല.
മട്ടാഞ്ചേരി: ബിഎംഎസ് മട്ടാഞ്ചേരി മേഖലാഓട്ടോ തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തി. തൊഴിലാളി സമൂഹത്തെ ദുരിതത്തിലാഴ്ത്തുന്ന സീസല്‍ വിലവര്‍ദ്ധനവും, പാചക വാതകസിലിണ്ടര്‍ നിയന്ത്രണവും വന്‍ ദുരിതമാണ് ജനങ്ങളിലുണ്ടാക്കുകയെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി കുന്നുപുറം ജംഗ്ഷനില്‍നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം വെളികുവപ്പാടം മേഖലകളിലുടെ സഞ്ചരിച്ച് ചെറിയാളി ജംഗ്ഷനില്‍ സമാപിച്ചു. പ്രകടനത്തിന് ആര്.സതീഷ്, ബി.പ്രസന്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലഞ്ചരക്ക്,ധാന്യം എണ്ണ മൊത്തവിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജ്യോൂടൗണ്‍, ചെറളായി, അമരാവതി, ഫോര്‍ട്ടുകൊച്ചി, വെളി, ചുള്ളിക്കല്‍ പ്രദേശങ്ങളില്‍ കടകള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങാത്തത് ഹര്‍ത്താലിന്റെ ജനകീയ വികാരം പ്രകടമാക്കി.
തൃപ്പൂണിത്തുറ: ബിജെപി തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസി.വി.ആര്.വിജയകുമാര്‍, വൈസ് പ്രസിഡന്റ് സുഭീഷ്, ജനറല്‍ സെക്രട്ടറി, കെ.വി.സുനില്‍കുമാര്‍, കെ.ടി.ബൈജു, മഹിമാമോന്ച്ച ജില്ലാ പ്രസിഡന്റ് സഹജ ഹരിദാസ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.വി.പ്രംകുമാര്‍, കൗണ്‍സിലര്‍ ആര്.ബാബു, മുനി: കമ്മറ്റി നേതാക്കളായ സീന, സുരേഷ്, രാജേഷ്, ശശിധരന്, മുരളി വേണുഗോപാല്‍, സലി.സുജിത്, യുവമോര്‍ച്ച നേതാക്കളായ അജാസ്, അനിത് റാവു എന്നിവര്‍ നേതൃത്വം നല്കി പ്രകടനത്തിനു ശേഷം സ്റ്റാച്യു ജംഗ്ഷനില്‍ മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ പ്രസംഗിച്ചു.
പിറവം: വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിജെപി പിറവത്ത് പ്രകടനവും പ്രതിഷേധയോഗവും നടത്തി. യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം എം.ആശിഷ്, ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്, ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.കെ.പ്രകാശന്, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.കൃഷണകുമാര്‍ ബിഎംഎസ് നേതാവ് സജിചിറ്റേത്ത്, മോഹന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ഗീസ് പൊന്നാംകുഴി, ശശിമാധവന്‍, പ്രഭാകരന്‍നായര്‍, ജോയിപാലക്കല് തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്കി.
കൊച്ചി: ഡീസല്‍ വിലവര്ധനവിനെതിരെയും പാചക വാതക നിയന്ത്രണത്തിനെതിരെയും ബിജെപി വൈറ്റില മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനമ്പിള്ളിനഗര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്.ഓമനക്കുട്ടന്, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി പി.എം.പ്രമോദ്, വ്യാപാരിസെല്‍ തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ സി.കെ.നാരായണന് എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ഡിവിഷന് പ്രസിഡന്റ് സുനില്‍ മഠത്തി പറമ്പില്‍, യുവമോര്‍ച്ച ഡിവിഷന് പ്രസിഡന്റുമാരായ കെ.എസ്.സനീഷ്, എസ്.സജീവ്, കെ.കെ.രാമകൃഷ്ണന്, ആനന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: