ബീജിങ്: ചൈനീസ് വൈസ് പ്രസിഡന്റ് സീ ജിന്‍പിങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാഴ്ച്ചയോളമായി ജിന്‍പിങ്ങിനെക്കുറിച്ച് പുറംലോകത്തിന് യാതൊരു വിവരവുമില്ലായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാക്കളിലൊരാളും മാര്‍ച്ചില്‍ പ്രസിഡന്റാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ജിന്‍പിങ്. പലവിധത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തത്.
രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളിലൊരാളെന്ന നിലയില്‍ ഈ മാസം ഒന്നു മുതല്‍ ജിന്‍പിങ് ഒരു പൊതു പരിപാടിയിലും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ച്ച എവിടെയായിരുന്നു എന്നത് സംബന്ധിച്ച് ജിന്‍പിങ് ഒരു മറുപടിയും പറഞ്ഞില്ല. ബീജിങ്ങിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന പൊതു ചടങ്ങില്‍ പങ്കെടുത്ത ജിന്‍പിങ്ങിന്റെ ചിത്രം ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടിരുന്നു.
നീന്തലിനിടെ ജിന്‍പിങ്ങിന് പുറത്തു പരിക്കേറ്റെന്നും ഇതേത്തുടര്‍ന്ന് ചികിത്സയിലാണെന്നും അതല്ല നേതൃത്വവുമായുള്ള ശീതസമരം മൂലമാണ് ജിന്‍പിങ് പൊതുവേദിയില്‍ നിന്ന് വിട്ടുനിന്നതെന്നും തുടങ്ങിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ മൈക്രോ ബ്ലോഗും രണ്ടാഴ്ച്ചക്കാലമായി പ്രവര്‍ത്തനരഹിതമായിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്ങും ചൈനയിലെത്തിയപ്പോള്‍ ജിന്‍പിങ് അവരുമായി കൂടിക്കാഴ്ച്ച നടത്തേണ്ടതായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. 59 കാരനായ ജിന്‍പിങ്ങിന് ഹൃദയാഘാതമാണെന്നും കരളിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റൊരു നേതാവുമായി കാറില്‍ സഞ്ചരിച്ചപ്പോള്‍ അപകടമുണ്ടായെന്നും അതിനെത്തുടര്‍ന്ന് ചികിത്സയിലാണെന്നുമാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: