പള്ളുരുത്തി: പള്ളുരുത്തി എസ്ഡിപിവൈ സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി. നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. പരസ്പരമുണ്ടായ വാക്കുതര്‍ക്കമാണ് മര്ദ്ദനത്തിനിടയാക്കിയതെന്ന് പറയുന്നു. പെരുമ്പടപ്പ് നികര്‍ത്തില്‍ വീട്ടില്‍ ബാബുവിന്റെ മകന് വിവേകി(16)നാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പിന്നിലും ദേഹത്തും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇടിക്കട്ടകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
നാലുപേര്‍ ചേര്‍ന്ന് വിവേകിനെ വളഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം കണ്ട് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. സ്കൂളില്‍ കുട്ടികളെ കൊണ്ടുവന്ന് വിടുന്ന രക്ഷാകര്‍ത്താക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. പള്ളുരുത്തി എസ്ഐ എസ്.രാജേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്ലാസ്റൂമില്‍ കയറി മര്ദ്ദനമഴിച്ചുവിട്ടവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതേ സ്കൂളില്‍ ഒരുവിഭാഗം തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നതായി നേരത്തെ സ്കൂള്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സംഘത്തിനെതിരായി സംസാരിക്കുന്നവരെ മുമ്പും മര്‍ദ്ദനത്തിന് വിധേയരാക്കിയതായി പറയപ്പെടുന്നു. എന്നാല്‍ രക്ഷാകര്ത്താക്കള് പരാതി നല്കാന് തയ്യാറായില്ല. പെണ്‍കുട്ടികളോടും ഈ സംഘം ഉപദ്രവം കാട്ടിയിരുന്നതായി മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരിക്കേറ്റ വിവേകിനെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലായവരെ കേസെടുത്ത് വീട്ടുകാരുടെ ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: