ദല്‍ഹിയില്‍നിന്ന് കേരളത്തില്‍ വന്ന് വികസന മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ പ്രധാനമന്ത്രി തിരിച്ച് ദല്‍ഹിയിലെത്തി നടത്തിയ ആദ്യ പ്രഖ്യാപനം ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും സാധാരണക്കാരന് കനത്ത ആഘാതമേല്‍പ്പിക്കുന്ന ഡീസല്‍വില വര്‍ധനയായിരുന്നു. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാനും സബ്സിഡി നിരക്കില്‍ നല്കുന്ന പാചകവാകത സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറായി ചുരുക്കാനുമാണ് തീരുമാനം. സമസ്ത മേഖലയിലും വന്‍ വിലക്കയറ്റത്തിനും ചരക്കുകൂലി, യാത്രാക്കൂലി വര്‍ധനക്കും നാണ്യപ്പെരുപ്പത്തിനും വഴിതെളിക്കുന്ന ഈ തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ, തെക്കേ അറ്റത്തുള്ള കേരളത്തിനാണ് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടം പരിഹരിക്കാനാണെന്നാണ് ഈ തീരുമാനത്തിന്റെ വിശദീകരണം. രാജ്യത്തെ 75 ശതമാനം പെട്രോളിയവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വര്‍ധിക്കുമ്പോഴും രൂപയുടെ വിനിമയനിരക്ക് താഴ്ന്നിരുന്ന സാഹചര്യത്തിലും ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു. ഈ വിലവര്‍ധനയോടെ എണ്ണക്കമ്പനികള്‍ 20300 കോടി രൂപ അധികവരുമാനം കൊയ്യും. ഈ വില വര്‍ധന യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം വരുന്ന ഏഴാമത്തെ വിലവര്‍ധനവാണ്. എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത് അവരുടെ നഷ്ടം 1,86,000 കോടി രൂപയാണെന്നാണ്. പക്ഷെ അവര്‍ ആഡംബരപരസ്യങ്ങള്ക്കും മറ്റും നല്കുന്ന അനാവശ്യചെലവ് ചുരുക്കി നഷ്ടം നികത്താതെ ഭാരം സാധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പണ്ട് ഒന്നോ രണ്ടോ രൂപയാണ് വില വര്‍ധിപ്പിച്ചിരുന്നതെങ്കില്‍ ഇതാദ്യമായാണ് ഇത്ര ഭാരിച്ച വിലവര്‍ധന. ഘടകകക്ഷി സമ്മര്‍ദ്ദത്തിന് വഴങ്ങി വില കുറയ്ക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നു. ജനങ്ങളോട് അനീതി ചെയ്യുമ്പോഴും കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണല്ലോ.
സാധാരണക്കാര്‍ക്ക് ഏറ്റവും ദ്രോഹകരമാകുന്നത് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം ഇവയുടെ വിലവര്‍ധനയാണ്. അതിന് കാരണം ഇത് ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജും യാത്രാക്കൂലിയും വര്‍ധിപ്പിക്കുന്നു എന്നു മാത്രമല്ല, എല്ലാ സാധനങ്ങളുടെയും വിലവര്‍ധനക്ക് കാരണവുമാകുന്നു. കാര്‍ഷികമേഖലയില്‍ ഡീസല്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ ഉല്പ്പാദനവില വര്‍ധിക്കുമ്പോള്‍ സാധനവിലകള്‍ വര്‍ധിക്കുക സ്വാഭാവികം. കേരളത്തില്‍ ബസ്സുടമകള്‍ പ്രതിഷേധവുമായി സമരരംഗത്തിറങ്ങിക്കഴിഞ്ഞു. യാത്രാക്കൂലി വര്‍ധനയാണ് അവര്‍ ആവശ്യപ്പെടുന്നത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് സൂചനാപണിമുടക്ക് നടത്തുമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചുകഴിഞ്ഞു. അനിശ്ചിതകാലസമരം വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കും. റെയില്‍വേയിലും ചാര്ജ്വര്ധനക്ക് കളമൊരുങ്ങുന്നത് ട്രെയിനുകളും ഹൈസ്പീഡ് ഡീസല്‍ ഉപയോഗിക്കുന്നതിനാലാണ്. റെയില്‍വെ ഉപഭോഗം 2.4 ബില്യണ്‍ ലിറ്റര്‍ ഡീസല്‍ ആണ്. ഈ വിലവര്‍ധന മൂലം അവരുടെ വാര്‍ഷിക ബില്‍ വര്‍ധന 720 കോടിയാകുമത്രെ. ട്രക്കുകളാണ് മറ്റൊരു വിഭാഗം. അന്തര്‍സംസ്ഥാന ചരക്കുനീക്കം നടത്തുന്ന ലോറികളും ഫ്രെയ്റ്റ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ സാധാരണക്കാരന് ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇപ്പോള്‍തന്നെ പച്ചക്കറികളും മറ്റും സാധാരണക്കാരന്റെ അടുക്കളക്കന്യമാവുകയാണല്ലോ. പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറ് മാത്രമായി ചുരുക്കി ഉത്തരവിറക്കിയിരിക്കുന്നതും സാധാരണക്കാരനെ വിഷമത്തിലാക്കുന്നു. സര്‍ക്കാരിന്റെ ഭാഷ്യം രാജ്യത്ത് 43 ശതമാനം പാചകവാതക ഉപഭോക്താക്കളും ആറ് സിലിണ്ടറില്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ്. സബ്സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയാന്‍കൂടി ലക്ഷ്യമിട്ടാണിത്. ഏഴാമത്തെ സിലിണ്ടറിന്റെ വില 700 രൂപയെങ്കിലും ആകും. ഈ നിയന്ത്രണം ഗ്യാസ് സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നു.
പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5.50 രൂപ കുറച്ചിട്ടുണ്ടെങ്കിലും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അല്ല എണ്ണക്കമ്പനികള്‍ക്കാണ് ലഭിക്കുക. പെട്രോള്‍ വില്‍പ്പനയില്‍ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് ആറ് രൂപ നഷ്ടം വരുന്നത് നികത്താനാണ് ഈ നടപടി. നിലവിലുള്ള തീരുവ 14.78 രൂപയായിരുന്നു. ഒന്നര രൂപ എക്സൈസ് തീരുവയും 3.50 രൂപ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനുമായാണ് ഡീസല്‍ വില കൂട്ടല്‍. ദല്‍ഹിയില്‍ ഡീസല്‍ വില 41.32 രൂപയില്‍നിന്ന് 46.95 രൂപയായും കേരളത്തില്‍ 6.14 രൂപ വര്‍ധിക്കും. എറണാകുളത്ത് 44.34 രൂപയില്‍നിന്ന് 50.48 രൂപയായി ഉയരും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമടക്കം സാമ്പത്തിക മാന്ദ്യത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ മേലാണ് ഈ അധിക ദുരിതഭാരം കേന്ദ്രം ചുമത്തുന്നത്. അടുക്കളകള്‍ നിത്യോപയോഗസാധന വിലക്കയറ്റത്തിന് പുറമെ ഗ്യാസ് നിയന്ത്രണവും അഭിമുഖീകരിക്കേണ്ടിവരും. ഡീസല്‍ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ ബിജെപിയും ഇടതുപക്ഷവും മാത്രമല്ല യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധത്തിലാണ്. ഡീസല്‍ വിലക്കയറ്റത്തിലും സിലിണ്ടര്‍ നിയന്ത്രണത്തിലും പ്രതിഷേധിച്ച് ബിജെപിയും എല്‍ഡിഎഫും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിക്കഴിഞ്ഞു. വിലവര്‍ധന തീരുമാനം പുറത്തുവന്നതോടെ വ്യാഴാഴ്ചതന്നെ പല സ്ഥലത്തും റോഡ് ഉപരോധവും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടന്നു. ഇന്ന് ലോറികള്‍ സര്‍വീസ് നടത്തുകയില്ല. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളും ഓട്ടോ, ടാക്സികളും സമരത്തിലേക്ക് നീങ്ങാനിരിക്കുകയാണ്. ഡീസല്‍വില വര്‍ധന കടുത്ത ജനരോഷം ക്ഷണിച്ചുവരുത്തിയിരിക്കുന്നത് എണ്ണക്കമ്പനികളൂടെ ധാരാളിത്തത്തിന് കൂട്ടുനിന്ന് സര്‍ക്കാര്‍ ജനപീഡകരായി മാറുന്നതിനാലാണ്. പണ്ട് പെട്രോള്‍, ഡീസല്‍ വിലവര്‍ധന വെറും ഒരു രൂപയായിരുന്നെങ്കില്‍ സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രി ഇത് അഞ്ച് രൂപയായാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: