Categories: Kottayam

കൊരട്ടി അനധികൃത ധ്യാനകേന്ദ്രം കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ രഹസ്യനീക്കം

Published by

എരുമേലി: ശാരീരിക അസ്വസ്ഥത മാറ്റിതരാമെന്ന വാഗ്ദാനം നല്‍കി വൃദ്ധ ദമ്പതികളില്‍നിന്നും തട്ടിയെടുത്ത ഭൂമിയില്‍ അനധികൃതമായി തുടങ്ങിയ കൊരട്ടിയിലെ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനുള്ള രഹസ്യനീക്കം.

അനധികൃത ധ്യാനകേന്ദ്രത്തിന്റെ മറവില്‍ വ്യാപകമായ മതംമാറ്റം നടത്താനും എരുമേലിയിലെ നിലവിലുള്ള മതസൗഹാര്‍ദ്ദന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന ആശങ്കയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ തുടങ്ങിയ ധ്യാനകേന്ദ്രം പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി തടയുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടനപാതയില്‍ കോടിക്കണക്കിനു വിലമതിക്കുന്ന ഏക്കറുകണക്കിനു റബ്ബര്‍ തോട്ടമാണ് ധ്യാനകേന്ദ്രം നടത്താന്‍ ശ്രമിച്ച പുരോഹിതന്മാര്‍ തന്ത്രപരമായി തട്ടിയെടുത്തത്. ഭുമി തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് സ്ഥലവുടമകളായ അറയ്‌ക്കല്‍ തോമസും ഭാര്യ മോണിക്കയും രംഗത്തെത്തിയതോടെ ധ്യാനകേന്ദ്രത്തിനു പിന്നിലെ തട്ടിപ്പ് വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു. ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ധ്യാനകേന്ദ്രത്തിലെത്തുന്നവര്‍ സാമ്പത്തികമുള്ളവരെ മാത്രം പ്രത്യേകം വിളിച്ചുവരുത്തി കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും കൊരട്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ പറഞ്ഞു.

കോടികള്‍ വിലമതിക്കുന്ന സ്ഥലവും മറ്റ് സ്വത്തുവകകളും നഷ്ടപ്പെട്ട് നിരാലംബരായി കിടക്കുന്ന സ്ഥലമുടമകളെ നഷ്ടപ്പെട്ടുപോയ സ്ഥലം തിരിച്ചുപിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങളിലും ഹിന്ദുഐക്യവേദി വൃദ്ധദമ്പതികളെ സഹായിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഇവരുടെ വീട്ടിലെത്തി പറയുകയും ചെയ്തിരുന്നു. കൊരട്ടി ധ്യാനകേന്ദ്രം വീണ്ടും തുടങ്ങാനുള്ള നീക്കങ്ങള്‍ക്ക് പ്രാദേശിക ഭരണ നേതാക്കളില്‍ ചിലര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ഐക്യവേദി നേതാക്കള്‍ ആരോപിച്ചു. കൊരട്ടി ആവേ മറിയ അനധികൃത ധ്യാനകേന്ദ്രത്തിന്റെ പ്രശ്‌നത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നതായും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കെന്ന പേരില്‍ ചിലര്‍ ധ്യാനകേന്ദ്രം അധികൃതരുടെ പ്രാഥമിക ചര്‍ച്ച നടത്തിയെന്നും നേതാക്കള്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തെ ഏതുവിധേയനെയും തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊരട്ടി ധ്യാനകേന്ദ്രം ഉല്‍പ്പെടെയുള്ള ഏതു നീക്കവും ശക്തിയുക്തം നേരിടുമെന്നും ഇത്തരം നീക്കങ്ങളെ ഉന്നതാധികാരികള്‍ തടയണമെന്നും നേതാക്കളായ മനോജ് എസ്. നായര്‍, കെ.കെ. സജീവന്‍, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by