ള്‍നേമം: ബുധനാഴ്ച കാമ്പസില്‍ നിന്നും കളിച്ചും ചിരിച്ചും യാത്രപറഞ്ഞ് ഇറങ്ങിയ സഹപാഠികള്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് അറിഞ്ഞതോടെ പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് ശോകമൂകമായി. കെ.എസ്.ആര്‍.ടി.സി. ബസും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഷാരോണ്‍, കോഴിക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജൂനിയര്‍, കണ്ണൂര്‍സ്വദേശിയായ പ്രവീണ്‍ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ കുമാരപുരം സ്വദേശി ജിഷ്ണു, തിരുവല്ല സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അഞ്ചുപേരും മെക്കാനിക്കല്‍ ആട്ടോമൊബൈല്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ കോളേജ് തുറക്കും മുമ്പ് തന്നെ മരണ വിവരം മിക്ക വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു. പിന്നെ അവസാനമായി സുഹൃത്തുക്കളെ ഒരു നോക്കുകാണുവാനായി മെഡിക്കല്‍കോളേജിലെ മോര്‍ച്ചറിയിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രതിരിച്ചു. കാറില്‍ യാത്ര തിരിച്ച അഞ്ചുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഏവിടെ പോയാലും ഇവര്‍ ഒരുമിച്ചാണ് യാത്രകള്‍ നടത്തുന്നത്. ഒടുവില്‍ അപകടമുണ്ടായപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും വിധി മൂന്നുപേരുടെ ജീവന്‍ കവരുകയായിരുന്നു. കോളേജില്‍ പ്രബന്ധം അവതരിപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ വൈകുന്നേരത്തോടുകൂടിയാണ് പാപനാശം കടപുറത്തേക്ക് ഷാരോണിന്റെ കാറില്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ മടങ്ങിവരുമ്പോഴാണ് അപകടം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഷാരോണിന്റെ മൃതദേഹം പേട്ടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കുടുംബവീടായ അടൂരിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണന്റെ അപകടവിവരമറിഞ്ഞ് അച്ഛനും ബന്ധുക്കളുമെത്തി മതൃദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവീണിന്റെ മൃതദേഹം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സംസ്‌കരിക്കും. കാനഡയിലെ ബന്ധു എത്തിയശേഷം ഷാരോണിന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. പ്രവീണും ഉണ്ണികൃഷ്ണന്‍ ജൂനിയറും കാരയ്‌ക്കാമണ്ഡപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. ഉണ്ണികൃഷ്ണന്റെ അച്ഛന്റെ പേരും ഉണ്ണികൃഷ്ണന്‍ ആയതിലാണ് ഉണ്ണികൃഷ്ണന് ജൂനിയര്‍ എന്ന വിശേഷണം കൂടി കിട്ടിയത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ജിഷ്ണുവിന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. പരിക്ക് ഗുരുതരമല്ലാത്ത ജോര്‍ജിനെ സ്വദേശമായ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സിയിലെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: