വാഷിങ്ങ്ടണ്‍: ലിബിയയിലെ യുഎസ് അംബാസഡറെ ഭീകരര്‍ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ലിബിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് രണ്ട് നാവികസേനാ പടക്കപ്പലുകളയക്കാന് അമേരിക്ക തീരുമാനിച്ചു.
ട്രിപ്പോളിയിലെ എംബസിയുടെ സുരക്ഷക്കായി 50 അംഗ മറൈന്‍ സംഘത്തെയും ലിബിയയിലേക്കയച്ചിട്ടുണ്ട്. യമനിലും ലിബിയയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. മുന്‍കരുതല്‍ നടപടി എന്ന നിലക്കാണ് ലിബിയയിലേക്ക് പടക്കപ്പലുകള്‍ അയച്ചതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് മറ്റുകാര്യങ്ങളൊന്നും വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ലിബിയന്‍ വിമതര്‍ക്ക് നേരെ ആക്രമണം നടത്താന്‍ അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയും ഇതിന് പിന്നിലുണ്ട്. യുഎസ്എസ് ലബൂണ്‍, യുഎസ്എസ് മക് ഹൗള് എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയയിലേക്ക് തിരിച്ചിരിക്കുന്നത്.
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും അമേരിക്കന്‍ എംബസികളുടെ സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഉത്തരവിട്ടതായും പെന്റഗണ്‍ വക്താവ് പറഞ്ഞു. ആക്രമണത്തിന് പുറകിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരിക്കലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 11 വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കൂടുതല്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെ, പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ചിത്രത്തിനെതിരെ യെമനിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് ആളുകളാണ് സനയിലെ യുഎസ് എംബസിക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയത്. പ്രകടനക്കാരെ പിന്തിരിപ്പിക്കാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു.
മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ചിത്രത്തിന് യുഎസ് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ നടന്ന ആക്രമണത്തില്‍ യുഎസ് അംബാസഡറടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരെ തന്ത്രപരമായി നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭം കൂടുതല്‍ മുസ്ലീംരാഷ്ട്രങ്ങളിലേക്ക് പടരുന്നത് തടയാനും അദ്ദേഹം നിര്‍ദ്ദേശം നല്കി. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള കിഴക്കന്‍ സനയില്‍ യുഎസ് എംബസിയുടെ പ്രധാന കവാടവും ജനലുകളും പ്രക്ഷോഭകര്‍ തകര്‍ത്തു. തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. അതേസമയം അഫ്ഗാനിസ്ഥാനില്‍ യു ടൂബിന് നിരോധനം ഏര്‍പ്പെടുത്തി. പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള അമേരിക്കന്‍ സിനിമ യൂടൂബില്‍ നിന്ന് നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന് പൗരന്മാര് ആ സിനിമ യൂടൂബിലൂടെ കാണുന്ന സാഹചര്യത്തിലാണിത്.
യൂടൂബില്‍ നിന്ന് സിനിമ നീക്കം ചെയ്യുന്നതുവരെ യൂടൂബ് ഉപയോഗിക്കരുതെന്നും യൂടൂബിന് വിലക്കേര്‍പ്പെടുത്തുന്നതായും അഫ്ഗാന് വാര്‍ത്താവിനിമയ മ്ന്ത്രാലയം ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറി ഐമല്‍ മര്‍ജാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെറി ജോണ്‍സ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ഇന്നസെന്റ് ഓഫ് മുസ്ലീം എന്ന ചിത്രത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാചകനെ അവഹേളിച്ച സംഭവം മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി അഭിപ്രായപ്പെട്ടു. ഇസ്ലാം ഒരു കാന്‍സര്‍ ആണെന്നു പറഞ്ഞ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം പൈശാചിക നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്ലാമിനെ നിന്ദിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുഎസ് സിനിമക്കെതിരെ പ്രതിഷേധവുമായെത്തിയ ഭീകരരുടെ ആക്രമണത്തില്‍ ലിബിയയിലെ യുഎസ് അംബാസഡറും 3 എംബസി ജീവനക്കാരും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.കീ്റോയിലെ എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു.
ഇതിനിടെ ആക്രമണങ്ങള്‍ നടന്ന ലിബിയയിലെയും ഈജിപ്തിലെയും യൂടൂബില്‍ നിന്ന് വിവാദ സിനിമ നീക്കം ചെയ്തതായി യൂടൂബ് അധികൃതര്‍ വാഷിങ്ങ്ടണില്‍ അറിയിച്ചു. എന്നാല്‍ ലോകത്തിലെ മേറ്റ്ല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക് യൂടൂബില്‍ സിനിമ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ലിബിയയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും യുടൂബ് വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനെക്കൂടാതെ ഇന്‍ഡോനേഷ്യയും മറ്റു ചില മുസ്ലീം രാജ്യങ്ങളും യൂടൂബില്‍ നിന്ന് സിനിമ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: