കേരളത്തിന്റെ ചരിത്രവും മിത്തുമായുമൊക്കെ ഇഴപിണഞ്ഞു കിടക്കുന്നതാണ് ഭൂദാനവും ഭൂമി ഇടപാടും മറ്റും. നമ്മുടെ പുരാണേതിഹാസങ്ങളില്‍ നിര്‍ണായകമായിരുന്നു ഭൂമി ഇടപാട്. കേരളം ആവിര്‍ഭവിച്ചതു തന്നെ സമുദ്രത്തില്‍നിന്ന് വീണ്ടെടുത്ത ഭൂമി പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതിലൂടെയാണത്രെ. വാമനന് മഹാബലി നടത്തിയതും ഐതിഹാസികമായൊരു ഭൂദാനമാണല്ലൊ. ഇന്നിതാ, ഏറ്റവുമൊടുവില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പ്രതിയായിരിക്കുന്നതും ഒരു ഭൂദാനക്കേസിലാണ്. ഭൂമിയും ഭൂദാനവും തന്നെയാണ് ഇന്നലെ കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘എമെര്‍ജിംഗ് കേരള’ എന്ന നിക്ഷേപക സംഗമത്തേയും വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.
നിക്ഷേപക സംഗമവും വ്യവസായികളെ ആകര്‍ഷിക്കുന്നതിനുള്ള അഭ്യാസങ്ങളും കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ഇടയ്ക്കിടെ നടക്കാറുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടിന് മുമ്പ് തന്നെ, നിക്ഷേപകനെ വര്‍ഗശത്രുവായി കണ്ടിരുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് ആചാര്യനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാട് തുച്ഛമായ വിലയ്ക്ക് കേരളത്തിന്റെ വനവിഭവങ്ങള്‍ നല്കി ബിര്ളയെക്കൊണ്ട് മാവൂരില്‍ മുതല്മുടക്കിച്ചത്. അത് പില്ക്കാലത്ത് കേരളത്തിനും കേരളീയര്‍ക്കും വിനയായി തീരുകയും ചെയ്തു. പക്ഷെ ആ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ തന്നെ വ്യവസായത്തിന്റെ ചുമതല വഹിച്ചിരുന്ന ടി.വി.തോമസ് ഥാപ്പര്‍ എന്ന വ്യവസായിയുമൊത്ത് ചായ കുടിച്ചതും വ്യവസായികളെ ക്ഷണിക്കാന്‍ ജപ്പാനിലേക്ക് ഉറ്റുനോക്കിയതുമൊക്കെ നമ്പൂതിരിപ്പാടിന്റെ പാര്ട്ടിക്കാര് തന്നെ വന്‍ വിവാദമാക്കി. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് കൊട്ടുംകുരവയുമായി ‘എമെര്ജിംഗ്കേരള’ സംഘടിപ്പിക്കുമ്പോള്‍ വിവാദമുയര്‍ത്തുന്നത് സിപിഎമ്മോ പ്രതിപക്ഷ പാര്‍ട്ടികളോ മാത്രമല്ല. വി.എം.സുധീരന്, വി.ഡി.സതീശന് തുടങ്ങിയ വീരശൂര കോണ്‍ഗ്രസ് ശിങ്കങ്ങള്‍ തന്നെയാണ് വീറോടെയും വാചാലതയോടെയും ‘എമെര്‍ജിംഗ് കേരള’യെ എതിര്‍ക്കുന്നത്. ഇനി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതോടെ ഇവരുടെ എതിര്‍പ്പിന് എന്ത് സംഭവിക്കുമെന്നോ അതെവിടെ എത്തുമെന്നോ ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ‘എമെര്‍ജിംഗ് കേരള’ വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണെന്നതില് സംശയമില്ല. ആഗോളീകരണത്തെപ്പറ്റി കേരളം കേട്ടു തുടങ്ങിയ കാലത്താണ് ‘ജിം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ് ആണ് അത് ഉദ്ഘാടനം ചെയ്തത്. അന്നും ഭരണവും സംഘാടനവും യുഡിഎഫിന്റെ നേതൃത്വത്തില്‍ തന്നെ. അച്യുതാനന്ദന് തന്നെയാണ് അന്നും പ്രതിപക്ഷ നേതാവ്. പക്ഷെ അദ്ദേഹം ‘ജിമ്മി’ല്‍ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം ‘എമെര്‍ജിംഗ് കേരള’ നടക്കുന്നിടത്തേക്കൊന്നും എത്തിനോക്കുന്നുപോലും ഇല്ലെന്ന് മാത്രമല്ല, ഭൂമിദാന കേസില്‍ സ്വയം പ്രതിയായിരിക്കെ തന്നെ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ മറവില്‍ നടക്കുന്ന ഭൂമി ഇടപാടുകളുടെ പേരില്‍ സംഘാടകരെ നിരന്തരം കുത്തിനോവിച്ചുകൊണ്ടേയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വിഎസിനേയും ‘എമെര്‍ജിംഗ് കേരള’യുടെ മറ്റു വിമര്‍ശകരേയും സാന്ത്വനപ്പെടുത്താനും സമാധാനിപ്പിക്കാനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഏതു പദ്ധതിയും പിന്‍വലിക്കാമെന്ന് വരെ ഉറപ്പ് നല്കി. ‘എമെര്‍ജിംഗ് കേരള’യുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പല പദ്ധതികളും പെട്ടെന്ന് അപ്രത്യക്ഷമാക്കി അവര്‍. എന്തിനേറെ വിവാദമൊഴിവാക്കാന്‍ ധാരണാപത്രം (മെമ്മൊറാണ്ടം ഓഫ് അണ്ടര്സ്റ്റാന്റിംഗ്ാമ്പ്പിടുന്ന പതിവ് പരിപാടിപോലും വേണ്ടെന്ന് വച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ധാരണാപത്രങ്ങള്‍ തെറ്റിദ്ധാരണാപത്രങ്ങള് ആവേണ്ടെന്ന് കരുതിയാവാം അത്. കൊച്ചിയുടെ സ്വന്തം മന്ത്രി കെ.ബാബുവിന്റെ അഭിപ്രായത്തില്‍ ‘എമെര്‍ജിംഗ് കേരള’യില്‍ നടക്കുന്നത് “വെറുമൊരു പെണ്ണുകാണല്‍” ചടങ്ങ് മാത്രമാണ്. ഇത്രയൊക്കെ പറഞ്ഞിട്ടും വിമര്‍ശനത്തിന്റെ മുനയൊടിക്കാനോ വിമര്‍ശകരുടെ വായടയ്ക്കാനോ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
‘എമെര്‍ജിംഗ് കേരള’ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരിക ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ വര്‍ഷംതോറും വിജയകരമായി സംഘടിപ്പിച്ചു വരുന്ന നിക്ഷേപക സംഗമമാണ്. പേരിനുപോലും ഒരു സാമ്യമുണ്ട്. മോഡി സര്‍ക്കാരിന്റെ പരിപാടിയുടെ പേര് ‘വൈബ്രന്റ് ഗുജറാത്ത്’ എന്നാണ്. ആനയെപ്പോലെ ആടിനാവില്ലല്ലൊ എന്നതിനാലാവാം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും യാഥാര്‍ത്ഥ്യബോധത്തോടെ ഇവിടെ അത് ‘എമേര്‍ജിംഗ് കേരള’ എന്നാക്കി ചുരുക്കിയത്. ഉരുത്തിരിയുന്ന, ആവിര്‍ഭവിക്കുന്ന, ഉദിച്ചുയരുന്ന കേരളമെന്നൊക്കെ അതിനെ പരിഭാഷപ്പെടുത്താം. പൊങ്ങുന്ന കേരളത്തെയല്ല മുങ്ങുന്ന കേരള(സബ്മെര്‍ജിംഗ് കേരള)ത്തെയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അവതരിപ്പിക്കുന്നതും ആവിഷ്ക്കരിക്കുന്നതും എന്നൊക്കെ വിമര്‍ശകര്‍ക്ക് ആക്ഷേപമുണ്ട്.
അതൊക്കെ അവിടെ നില്ക്കട്ടെ. ‘എമെര്‍ജിംഗ് കേരള’യുടെ പൂര്‍വാവതാരമായ ‘ജിമ്മി’നെപ്പറ്റി ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. ‘ജിം’ ആയിരുന്നല്ലൊ തുടക്കം എന്നതിനാലാണത്. ആ തുടക്കത്തിന്റെ ഒടുക്കമെന്ത് സംഭവിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് ബോധ്യമാവുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിടത്ത് വേണ്ടപോലെ ഭൂമി നല്കി എന്നല്ലാതെ ‘ജിം’ കാരണം കേരളത്തില്‍ വ്യവസായമോ വികസനമോ ഒന്നും കാര്യമായി സംഭവിച്ചില്ലെന്നതാണ് സത്യം. ഇരുപതിനായിരം കോടിയിലേറെ രൂപ മുതല്‍ മുടക്കി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധാരണാപത്രങ്ങളാണ് ‘ജിമ്മി’ല്‍ ഒപ്പ് വെച്ചത്. അതിനായി വാരിക്കോരി ഭൂമിയും നല്‍കിയെന്നാണ് ആരോപണം. ഒടുവില്‍ അടുത്ത നിക്ഷേപക സംഗമം സംഘടിപ്പിക്കുമ്പോള്‍ അവയില്‍ നടപ്പിലായത് കേന്ദ്രപദ്ധതികള്‍ ഒഴിച്ചാല്‍ നൂറ് കോടിയില്‍ താഴെ രൂപയുടെ സംരംഭങ്ങള്‍ മാത്രം. അതില്‍ പ്രധാനം എറണാകുളത്തിന്റെ ഹൃദയഭാഗത്ത് പാട്ടത്തിന് നല്കിയ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഉയര്‍ന്നുവരുന്ന എണ്‍പത് കോടിയുടെ ‘ഷോപ്പിംഗ് മാള്‍’. മറ്റ് ‘ജിം’ പദ്ധതികള്‍ക്കും അവയ്ക്കായി പതിച്ചു നല്കിയ ഭൂമിയ്ക്കും എന്തു സംഭവിച്ചുവെന്നത് പരസ്യമായ രഹസ്യം.
ഒമ്പത് കൊല്ലം മുമ്പ് നടന്ന ‘ജിമ്മി’നെപ്പറ്റി ഓര്‍ക്കുമ്പോള്‍, അന്നതിന്റെ മുഖ്യസംഘാടകനായിരുന്ന അന്നത്തെ കെഎസ്ഐഡിസി എംഡി ജിജി തോംസണ്‍ എന്ന എന്റെ സുഹൃത്തും സഹപാഠിയുമായ ഐഎഎസുകാരനെ ഓര്‍ക്കാതിരിക്കാനാവുന്നില്ല. ഒരു ദേശീയ സാമ്പത്തിക പത്രത്തിനുവേണ്ടിയുള്ള ‘കവറേജി’നായി ഞാനന്ന് ‘ജിമ്മി’ലുടനീളം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ‘എമെര്‍ജിംഗ് കേരള’ സംഘടിപ്പിക്കുമ്പോള്‍ ജിജിയെ ഓര്‍ക്കാന്‍ മനോരമ ചാനല്‍ മാത്രമേ ഉണ്ടായുള്ളൂ. കഴിഞ്ഞദിവസം ‘എമെര്‍ജിംഗ് കേരള’യെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ അദ്ദേഹത്തെ ‘മനോരമ’ ന്യൂസി’ല്‍ പങ്കെടുപ്പിച്ചിരുന്നത് കണ്ടു. ജിജി തോംസണോട് ‘മലയാള മനോരമ’ പത്രം പണ്ട് കാണിച്ച പ്രത്യേക താല്‍പ്പര്യമാണ് അദ്ദേഹത്തിന് വിനയായത്. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയെക്കാള്‍ ‘പബ്ലിസിറ്റി’ വ്യവസായ വികസന കോര്‍പ്പറേഷനിലെ ഈ ഉദ്യോഗസ്ഥന് കിട്ടി. അത് ചിലര്‍ക്ക് സഹിച്ചില്ല. അങ്ങനെ അവസാനം ജിജിക്ക് കെഎസ്ഐഡിസിയോടും കേരളത്തോടും വിട പറഞ്ഞ് ദല്‍ഹിയില്‍ ലാവണം തേടി പോവേണ്ടി വന്നു. പറഞ്ഞുവന്നത് ‘ജിമ്മി’ന്റെ ബാക്കി പത്രത്തെപ്പറ്റിയാണ്.
കുഞ്ഞാലിക്കുട്ടിക്കും മുസ്ലീംലീഗിനും വേണ്ടപ്പെട്ട ഒരു വ്യവസായിക്ക് കേരളത്തില്‍ വേരുറപ്പിക്കാനും വ്യവസായ മന്ത്രിയുടെ വെറുപ്പ് സമ്പാദിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥന് കേരളം വിടുന്നതിനും മാത്രം ഒടുവില്‍ ‘ജിം’കാരണമായി. ഇക്കുറി ‘എമെര്‍ജിംഗ് കേരള’യില്‍ അങ്ങനെ തിളങ്ങാന്‍ ഐഎഎസുകാരെയൊന്നും അനുവദിച്ചിട്ടില്ല. മുഖ്യകാര്‍മ്മികനായി രംഗത്തുള്ളത് മുഖ്യമന്ത്രിയ്ക്കും വ്യവസായമന്ത്രിക്കും സ്വീകാര്യനായ, മുസ്ലീംലീഗിന് സമ്മതനായ കൊച്ചിയിലെ പരമ്പരാഗത കോണ്‍ഗ്രസ് വ്യവസായ കുടുംബാംഗം മാത്രം. എന്നാല്‍ ഏതു മന്ത്രി വന്നാലും, മന്ത്രിസഭ വന്നാലും, വേണ്ടിടത്ത് വേണ്ടപോലെ വെണ്ണ തേച്ച് വേണ്ടതൊക്കെ നേടിയെടുക്കാന്‍ കരവിരുതുള്ള ചില ബ്യൂറോക്രാറ്റുകളും ടെക്നോക്രാറ്റുകളുമൊക്കെ പിന്നണിയില്‍ ഇക്കുറിയും സജീവമാണ്. ‘ദീപസ്തംഭം മഹാശ്ചര്യ’മെന്നത് മാത്രമാണ് അവരുടെ മന്ത്രം.
ബ്യൂറോക്രാറ്റുകളെ പരാമര്‍ശിച്ചപ്പോഴാണ് ബ്യൂറോക്രസിയെപ്പറ്റി പറയാതെ പോവുന്നത് ശരിയാവില്ലെന്ന് തോന്നിയത്. നിക്ഷേപസംരംഭങ്ങളെ തുരങ്കംവെച്ചും നിക്ഷേപകരെ ആട്ടിയോടിച്ചും കേരളത്തിന്റെ വികസനം മുടക്കിയതിന്റേയും മുരടിപ്പിച്ചതിന്റേയും മുഖ്യപ്രതിയാണ് ഇവിടത്തെ ‘മോസ്റ്റ് മിലിറ്റന്റ് ബ്യൂറോക്രസി’. കേരളത്തില്‍ കൈ പൊള്ളിച്ച് സംസ്ഥാനം വിട്ടുപോയ ഓരോ വ്യവസായിയുടേയും വ്യവസായ സംരംഭത്തിന്റേയും പിന്നില്‍ ഒരു ബ്യൂറോക്രാറ്റ് ഉണ്ടാവും. ഏറ്റവുമൊടുവില്‍ മെട്രോ റെയില്‍ പദ്ധതിയുടെ അമരക്കാരന് ഇ.ശ്രീധരനെതിരെയാണ് ഇക്കൂട്ടര്‍ തിരിഞ്ഞിരിക്കുന്നത്. ശ്രീധരന് തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു യോഗത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇവരാണ് കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്തം ഇവിടെയുള്ള തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് സംസ്ഥാനത്തിന് സമരസംസ്ഥാനമെന്നും പ്രശ്ന സംസ്ഥാനമെന്നും മറ്റും ദുഷ്പേര് നേടിക്കൊടുത്തത്. ഇവരെ മെരുക്കാനും തളയ്ക്കാനും കാലാകാലങ്ങളില്‍ മന്ത്രിമാരില്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആത്യന്തികമായി അവരൊക്കെ ആ ശ്രമത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇത്തരം വികസനംമുടക്കികളായ ഉദ്യോഗസ്ഥന്മാര്ക്ക് മണികെട്ടാനായാല് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്കുള്ള നീണ്ടൊരു കാല്വെയ്പ്പാവും അത്.
നിക്ഷേപക സംഗമത്തിലെ ആദ്യദിനവും ആദ്യ സമ്മേളനവും പ്രധാനമന്ത്രിയുടെ പങ്കാളിത്തം കൊണ്ട് ധന്യമായെന്ന് സംഘാടകര്‍ സ്വാഭാവികമായും സമാധാനിക്കുന്നുണ്ടാവും. പക്ഷെ ‘എമെര്‍ജിംഗ് കേരള’യില്‍ ആദ്യ ദിവസത്തെ കേരളത്തിന്റെ കൈനീട്ടം തീരെ മോശമാണ്. പരിപാടി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മന്മോഹന് സിംഗ് ഒരു പൈസയുടെ കേന്ദ്രനിക്ഷേപം പോലും കേരളത്തിന് വാഗ്ദാനം ചെയ്തില്ല. ഏതു സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴും അവിടെ ഒരു വികസനപാക്കേജ് പ്രഖ്യാപിക്കുന്ന പതിവ് മന്‍മോഹന്‍സിംഗിനുണ്ട്. നിക്ഷേപക സംഗമം ആയിട്ട് കൂടി കൊച്ചിയില്‍ ഇന്നലെ അദ്ദേഹം ആ പതിവ് തെറ്റിച്ചു. ആകെ അദ്ദേഹം പറഞ്ഞത് വളരെക്കാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഐഐടി പരിഗണിക്കാമെന്ന് മാത്രം. കോണ്ഗ്രസുകാരനല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ തവണ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചത് ആയിരക്കണക്കിന് കോടികളുടെ കേന്ദ്ര പദ്ധതികളായിരുന്നു. അവയില്‍ മിക്കതും യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. പക്ഷെ, മന്‍മോഹന്‍സിംഗ് കേരളത്തോടും കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയോടും കനിഞ്ഞതേയില്ല.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: