നാസിക്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ അബുജുണ്ടാലിനെ സപ്തംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2010 ലെ നാസിക് പോലീസ് അക്കാദമി ആക്രമണവുമായി ബന്ധപ്പെട്ടാണിത്.
കനത്ത സുരക്ഷയിലാണ് ജുണ്ടാലിനെ മുംബൈയില്‍നിന്ന് നാസിക് കോടതിയിലെത്തിച്ചത്. നിയമസഹായം ആവശ്യമുണ്ടോ എന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.ഡി.സാവന്തിന്റെ ചോദ്യത്തിന് ജുണ്ടാലിന് വ്യക്തമായ മറുപടിയില്ലായിരുന്നു. മാതാപിതാക്കളെ കാണണം എന്നുമാത്രമായിരുന്നു ജുണ്ടാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നാസിക് പോലീസ് അക്കാദമി ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ബിലാല്‍ ഷെയ്ക്കും ഹിമായത് ബേഗും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇനി ഏഴ് പേരെ കൂടി പിടിക്കാനുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് അക്കാദമി ആക്രമിച്ചതെന്ന കാര്യം ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ജുണ്ടാലിന്റെ പ്രാദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ബിലാലിന്റെ പക്കല്‍നിന്നും മെമ്മറി കാര്‍ഡ്, 300 ഗ്രാം ആര്‍ഡി എക്സ്, ഡിറ്റണേറ്ററുകള്‍, 300 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, പെന്‍ഡ്രൈവ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു. ലഷ്ക്കറെ തൊയ്ബയ്ക്ക് വേണ്ടി ജുണ്ടാലാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതെന്ന് ബിലാല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുണ്ടാലിനെ എടിഎസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: