വടക്കാഞ്ചേരി : പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കേരള കലാമണ്ഡലം ഒരുങ്ങി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ജ്യോതി എന്‍ജിനിയറിങ് കോളേജിലെ ഹെലിപ്പാഡില്‍ നിരീക്ഷണ പറക്കല്‍ നടത്തി. ട്രയല്‍ റണ്‍ തിങ്കളാഴ്ച നടത്താന്‍ നേരത്തെ തീരുമാനിച്ചെങ്കിലും പിന്നീടു ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങിയെങ്കിലും ഒരെണ്ണത്തിന്റെ ചക്രം താഴ്ന്നുപോയത് അല്‍പ്പ നേരത്തേക്ക് ആശങ്ക പരത്തി. എസ്പിജിയും മറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി കുഴപ്പമില്ലെന്നു കണ്ടെത്തി. വടക്കാഞ്ചേരി ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ഹെലിപ്പാഡും സജ്ജീകരിച്ചു തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എസ്പിജി ഐജി നിരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കേരളകലാമണ്ഡലത്തിലും ജ്യോതി എന്‍ജിനീയറിങ് കോളെജിലെ ഗ്രൗണ്ടിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലത്തില്‍ ദക്ഷിണേന്ത്യന്‍ രംഗകലാ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് പ്രധാനന്ത്രി ഡോ.മന്മോഹന് സിങ്ങ് നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.സി.ജോസഫ്, സി.എന്‍.ബാലകൃഷ്ണന്, എം.പിമാരായ പി.കെ.ബിജു, പി.സി.ചാക്കോ, കെ.രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സുരക്ഷാ സംരക്ഷണ സേനയുടെ നിരീക്ഷണത്തിലാണ് കലാമണ്ഡലവും പരിസരവും. 1400ലേറെ പോലീസുകാരെയാണ് ഇതോടനുബന്ധിച്ച് വിന്യസിപ്പിക്കുക. പങ്കെടുക്കുന്നവരെ കര്‍ശന പരിശോധനക്ക് ശേഷം മാത്രമെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: