അങ്കമാലി: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കാഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 5ന് കാഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ജനകീയ കണ്വെഷന് നടക്കും. തുടര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ പ്രഖ്യാപിക്കും. പഞ്ചായത്തിലെ 1, 2, 3, 4, 12, 14 വാര്‍ഡുകളിലായി തുറവുംകര, ചെങ്ങല്‍ വട്ടത്തറ, പരുത്തിച്ചോട്, തട്ടാംപടി, കല്ലുംകൂട്ടം എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. എയര്‍പോര്‍ട്ട്, ശബരി റെയില്‍, റെയില്‍ ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് സ്ഥലം ഏറ്റെടുക്കുകയും ബിഎസ്എഫ്, എയര്‍പോര്‍ട്ട് വികസിപ്പിക്കല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി നിരവധി സര്‍വ്വേകള്‍ അഭിമുഖീകരിക്കേണ്ടിയും വന്ന കാഞ്ഞൂര്‍ പഞ്ചായത്ത് നിവാസികള്‍ പുതിയ സര്‍വ്വേക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം നടത്തുന്നത്. ഒന്നിനുപിന്നാലെ മറ്റൊന്നായി വികസനത്തിന്റെ പേരില്‍ ഈ പ്രദേശത്തെ നശിപ്പിക്കുന്ന ഭീഷണികളാണ് തങ്ങള്‍ നിരന്തരമായി നേരിടുന്നതെന്നും ഇതിന് അവസാനം ഉണ്ടാകണമെന്നും കാഞ്ഞൂര്‍ പഞ്ചായത്ത് നിവാസികള്‍ പറയുന്നു.
ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കാഞ്ഞൂര്‍ പഞ്ചായത്തുതന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ് ജനപ്രതിനിധികളും നാട്ടുകാരും. ഡിഎംആര്‍സിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ് സര്‍വ്വേ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ മാസം നാലിന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമായ രീതിയില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടില്ലെന്നും 15 മീറ്റര്‍ വീതിയില്‍ ഹൈസ്പീഡ് റെയില്‍വേ കൊറിഡോറിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും 110 മീറ്റര്‍ വീതിയിലാണ് സ്ഥലം അളന്നുപോകുന്നതും ഗുരുതരമായ ആശങ്ക പരത്തുന്നുതായി നേതാക്കള്‍ ചൂണ്ടികാട്ടി. കാഞ്ഞൂര്‍ പഞ്ചായത്തിലെ 450 ഓളം വീടുകളെ നേരിട്ടും അതിലേറെ കുടുംബങ്ങളെ പരോക്ഷമായും പ്രതികൂലമായും ബാധിക്കുന്ന വിധത്തിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതെന്നും ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ദുരൂഹമായ സര്‍വ്വേ നടപടികളാണ് തുടരുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി പൗലോസ്, സിപിഎം ലോക്കല്‍ സെക്രട്ടറി സലിംകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ റൂബി ഡേവിസ്, ബിനു മനോജ്, പി.കെ അലി അക്ബര്‍, കെ.വി പോളച്ചന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.ഐ സമദ്, ഫ്രാന്‍സിസ് പാറയ്ക്ക, ശശി തറനിലം എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ കണ്‍വെന്‍ഷനും സമരപരിപാടികളും സംഘടിപ്പിച്ചുട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: