ആലപ്പുഴ: കേരളത്തില്‍ മില്‍മയെന്ന പ്രസ്ഥാനം ഉടലെടുക്കാന്‍ കാരണം അമൂല്‍ കുര്യനാണെന്ന് കെ.ആര്‍.ഗൗരിയമ്മ. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയുണ്ടാക്കി അമൂല്‍ മോഡലില്‍ കേരളത്തില്‍ ക്ഷീരവിപ്ലവം ആരംഭിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. ഇത് സംബന്ധിച്ച് കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ട് കേരളം പരിഗണിക്കാതിരുന്നതില്‍ ഏറെ കുണ്ഠിതനായിരുന്നു കുര്യന്‍. പിന്നീട് താന്‍ കൃഷിമന്ത്രിയായി വരുന്ന കാലത്താണ് വീണ്ടും ഫയലെടുത്ത് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത്. ഇതില്‍ നിന്നാണ് മില്‍മയെന്ന ആശയം രൂപപ്പെടുന്നത്.
ഇതിനുവേണ്ടി താനും എ.കെ.കെ.നമ്പ്യാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയോളം ഗുജറാത്തില്‍ താമസിച്ച് കാര്യങ്ങള്‍ പഠിച്ചു. ഹൈന്ദവ വിശ്വാസം ഏറെ വേരൂന്നിയിട്ടുള്ള ഗുജറാത്തില്‍ എല്ലാ വീടുകളിലും പശുക്കളെ വളര്‍ത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് കുര്യന്‍ ക്ഷീരവിപ്ലവം നടപ്പിലാക്കിയത്. ഇതോടെ ഗുജറാത്തിലെ പട്ടിണി കുറഞ്ഞതായും ഗൗരിയമ്മ പറഞ്ഞു.
ഗുജറാത്തിലെ ഒരു ആഘോഷത്തില്‍ മന്ത്രിയായിരുന്ന താന്‍ ക്ഷീരകര്‍ഷകരോടൊപ്പം ചേര്‍ന്ന് നൃത്തം വെച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഡാന്‍സ് ചെയ്തത് അന്നായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു. കുര്യന്റെ അതിഥിയായാണ് താന്‍ അന്ന് താമസിച്ചത്. മില്‍മയുടെ പ്രവര്‍ത്തനത്തിനായി 38 കോടി രൂപ അമൂല്‍ സഹായം നല്‍കിയിട്ടുണ്ട്. അവസാന മന്ത്രിസഭാ കാലത്ത് കുര്യന്‍ തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വന്ന് താമസിച്ചതും ഗൗരിയമ്മ ഓര്‍ക്കുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം മത്തിയാണ്. അന്ന് ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ താന്‍ മത്തി വറുത്ത് കൊടുത്തുവിട്ടതായും ഗൗരിയമ്മ പറഞ്ഞു.
സ്വാര്‍ഥതയില്ലാത്ത, കളങ്കമില്ലാത്ത, രാഷ്‌ട്രീയക്കാരനല്ലാത്ത വികസനം മാത്രം സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നു കുര്യന്‍. പശുവിനെ സംരക്ഷിച്ചാല്‍ പട്ടിണിയുണ്ടാകില്ലെന്ന് വിശ്വസിച്ചയാളായിരുന്നു കുര്യന്‍. തനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവുമുള്ള വ്യക്തിയായിരുന്നു കുര്യനെന്നും ഗൗരിയമ്മ പറഞ്ഞു. മരണ വിവരം അറിഞ്ഞയുടന്‍ തന്നെ ഗൗരിയമ്മ അദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും നേരിട്ട് വിളിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ആര്‍.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: