മാറാട് ഹിന്ദുകൂട്ടക്കൊല സംബന്ധിച്ച് അന്വേഷിക്കാതെ ഒഴിവാക്കിയ കുറ്റങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് അവസാനം യുഡിഎഫും ആവശ്യപ്പെട്ടിരിക്കുന്നു. മുസ്ലീംലീഗ് ആവിഷ്ക്കരിച്ച പുത്തന്‍ തന്ത്രത്തിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസും ആ വഴിക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി മുസ്ലീംലീഗിന്റെ അംഗുലീചലനങ്ങള്‍ക്കനുസരിച്ച് മാത്രം ചലിക്കുന്ന നട്ടെല്ലില്ലാത്ത കക്ഷിയാണെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് യുഡിഎഫ് കണ്‍വീനര്‍ തങ്കച്ചന്റെ സിബിഐ അന്വേഷണാവശ്യം. കേരള രാഷ്ട്രീയരംഗം ഒന്നടങ്കം ഇപ്പോള്‍ മാറാട് സിബിഐ അന്വേഷണത്തെ അനുകൂലിച്ചിരിക്കുകയാണ്.
യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികള്‍ക്ക് ഇപ്പോള്‍ വൈകിയുദിച്ച ബുദ്ധി സ്വാഗതം ചെയ്യേണ്ടതുതന്നെയാണ്. മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ വന്‍ഗൂഢാലോചന, സാമ്പത്തികസ്രോതസ്സ്, ഭീകരബന്ധം എന്നിവ അന്വേഷിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മാറാട് അരയസമാജവും നിരന്തരം പോരാട്ടം നടത്തിവരുന്നതാണ്. വ്രണിതഹൃദയരായ മാറാട്ടെ ഹിന്ദുസോദരന്മാര്ക്ക് പൂര്ണ്ണനീതികിട്ടാന് ഇതുകൂടിയേ കഴിയൂ എന്ന സംഘ-ബിജെപി നിലപാട് നിയമാനുസൃതവും യുക്തിഭദ്രവുമായിരുന്നു. എന്നാല്‍ ഈ ന്യായമായ ആവശ്യം ആസൂത്രിതമായി അട്ടിമറിക്കപ്പെടുകയായിരുന്നു. സത്യവും നീതിയും അട്ടിമറിച്ചുകൊണ്ട് സിബിഐ അന്വേഷണശ്രമങ്ങളെ കുഴിച്ചുമൂടിയ കുറ്റത്തിലെ മുഖ്യപ്രതി മുസ്ലീംലീഗും കൂട്ടുപ്രതികള്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ്.
എന്തിന് ലീഗും, കോണ്‍ഗ്രസും സിപിഎമ്മും ഒറ്റയ്ക്കും കൂട്ടായും സിബിഐ അന്വേഷണത്തിന്റെ അന്തകന്മാരായി എന്ന ചോദ്യത്തിന് സാക്ഷരകേരളം ഇനിയെങ്കിലും ചര്‍ച്ചയും ഉത്തരം കണ്ടെത്തലും നടത്തേണ്ടിയിരിക്കുന്നു. മാറാട് കുറ്റങ്ങളിലുള്പ്പെട്ടവരുടെ രാഷ്ട്രീയം തിരിച്ചുള്ള കണക്ക് എ.കെ.ആന്റണി ഭരണകൂടം കേരള നിയമസഭയുടെ മേശപ്പുറത്തുവെച്ചിരുന്നതാണ്. ഈ ലിസ്റ്റിലൂടെ കണ്ണോടിച്ചാല്‍ കൂട്ടക്കൊലയിലെ പ്രതികളില്‍ ഏറിയ പങ്കും സിപിഎം-മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് കാണാവുന്നതാണ്. കലാപം നടന്ന് ആദ്യത്തെ മൂന്നുനാളുകളില്‍ എ.കെ.ആന്റണി സ്വീകരിച്ച കര്‍ശനനിലപാടുകള്‍ കുറ്റക്കാരെയും തെളിവുകളും നിയമത്തിനു മുന്നില്ക്കൊണ്ടുവരുന്നതിന് സഹായകമായിരുന്നു. സംഘ-ബിജെപി നേതൃത്വങ്ങളും മാറാട് അരയസമാജവും കൂട്ടക്കൊല സൃഷ്ടിച്ച കൊലക്കളത്തില്‍ ശാന്തിയും സമാധാനവും സൃഷ്ടിക്കത്തക്കവിധം ജനമനസ്സുകളെ രൂപപ്പെടുത്തി എന്ന സത്യം സൗകര്യപൂര്‍വം സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകള്‍ വിസ്മരിക്കുകയായിരുന്നു.
സിബിഐ അന്വേഷണം ഒരുനിലയ്ക്കും വരാന്‍ പാടില്ലെന്നതായിരുന്നു മുസ്ലീംലീഗിന്റെ ശക്തമായ നിലപാട്. കേസ്സന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പാണക്കാട് തങ്ങള്‍ ആത്മീയ നേതാവായ വിഭാഗത്തിന്റെ കീഴിലുള്ള മാറാട്ടെ പളളിയില്‍ പരിശോധിച്ചും കുഴിച്ചും 73 മാരകായുധങ്ങള്‍ കണ്ടെടുത്തത് നീതിയുടെ വിജയമായിരുന്നു. പ്രസ്തുത പള്ളിയില്‍ നിന്നും മഹസ്സര്‍ പ്രകാരം കസ്റ്റഡിയിലെടുത്ത ചുവരിലെ കലണ്ടറില്‍ കൂട്ടക്കൊല നടന്നദിവസം ചുവന്ന മഷിയില്‍ വട്ടമിട്ടിരുന്നതും നിയമദൃഷ്ട്യാ സുപ്രധാനമായ ഒരു സാഹചര്യമായിരുന്നു. ഇക്കാര്യത്തിലൊക്കെ ആദ്യനാളുകളില്‍ നീതിബോധം കിട്ടിയ അന്നത്തെ മുഖ്യമന്ത്രിക്ക് പിന്നീട് കനത്ത വില നല്‍കേണ്ടി വന്നു എന്നത് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. കേസ്സന്വേഷണത്തിലെ നിഷ്പക്ഷതയും ശുഷ്കാന്തിയും പിന്നീട് മെല്ലെ മെല്ലെ മായ്ച്ച് ഇല്ലാതാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കുറ്റവാളികള്‍ മുസ്ലീംലീഗും അവരുടെ കണ്ണുരുട്ടലിനനുസരിച്ച് നീതിയുടെ പെന്‍ഡുലം താഴ്ത്തിയ കോണ്‍ഗ്രസുമായിരുന്നു. കേസിലെ ഗൂഢാലോചനയും മറ്റും അന്വേഷിക്കാതെ ഒഴിവാക്കിയപ്പോഴാണ് സിബിഐ അന്വേഷണാവശ്യമുയര്ന്നത്. ഇതിനെ മുസ്ലീംലീഗ് ഭയപ്പെടുകയും നഖശിഖാന്തമെതിര്ക്കുകയും ചെയ്തു. പ്രസ്തുത മുസ്ലീംലീഗ് ഇപ്പോള്‍ സിബിഐ അന്വേഷണമെന്നാവശ്യവുമായി രംഗത്തു വന്നതിന്റെ പൊരുള്‍ ഗൗരവപൂര്‍വം ഉത്തരം തേടേണ്ട ഒന്നാണ്. ഇക്കാര്യത്തില്‍ മാധ്യമ വിളംബരത്തിനപ്പുറം യുഡിഎഫും ആത്മാര്‍ത്ഥത തെളിയിക്കുകയാണു വേണ്ടത്.
സിബിഐ അന്വേഷണത്തിനായി ആദ്യഘട്ടത്തില്‍ പാലക്കാട്ടുനിന്നുള്ള ഒരു പൊതുതാല്പര്യ ഹര്‍ജിയാണ് ഹൈക്കോടതിയിലെത്തിയത്. പിന്നീട് കോഴിക്കോട്ടെ സീനിയര്‍ പത്രപ്രവര്‍ത്തകനായ തെരുവത്ത് രാമനും, തായാട്ട് ബാലനും നല്കിയ പൊതുതാല്‍പ്പര്യഹര്‍ജിയും മാറാട്ടെ ശ്യാമളയുടെ ഹര്‍ജിയും വരികയുണ്ടായി. ഇതെല്ലാം ഒന്നിച്ച് ഫയലില്‍ സ്വീകരിക്കണമോ എന്നു പരിഗണിക്കാനായി ഡിവിഷന് ബെഞ്ച് മുമ്പാകെ വന്നപ്പോള്‍ത്തന്നെ ദല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്റേതുള്പ്പെടെ കോടതി വാദം കേള്‍ക്കുകയാണുണ്ടായത്. എന്നാല്‍ അസാധാരണമാംവിധം ക്രൈംബ്രാഞ്ച് ഐജി തന്നെ നേരിട്ട് ഡിവിഷന് ബെഞ്ച് മുമ്പാകെ വന്ന് കേസ്സന്വേഷണം പൂര്‍ത്തിയാക്കിയ ചാര്‍ജ്ഷീറ്റ് ഹാജരാക്കാന്‍ ശ്രമിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തെ പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും പ്രസ്തുത പോലീസ് മേധാവിയുടെയും അമിത വ്യഗ്രതയ്ക്കതിനപ്പുറം എന്തു തെളിവാണ് വേണ്ടത്? ദേവാലയത്തില്‍ ആയുധശേഖരം നടത്തുന്നത് ഗുരുതര കുറ്റമാക്കിയുള്ള വകുപ്പ് കുറ്റപത്രത്തില്പ്പെടുത്തിയിരുന്നില്ല എന്ന വന്പോരായ്മക്ക് ഹൈക്കോടതിയില്‍ രണ്ടാം ദിവസമാകുമ്പോഴേക്കും കൂട്ടിച്ചേര്ക്കപ്പെട്ടതായിട്ടാണ് ഈ ലേഖകന്‍ അറിയാന്‍ കഴിഞ്ഞത്. സത്യവും നിഷ്പക്ഷതയും തച്ചുതകര്‍ത്തുകൊണ്ട് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധപൂര്‍വം വന്‍ഗൂഢാലോചന, തീവ്രവാദബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവ അന്വേഷിക്കപ്പെടാതെപോകുകയാണുണ്ടായത്.
മാറാട് ജുഡീഷ്യന്‍ കമ്മീഷന് ഇതെല്ലാം തെളിവെടുത്ത് ബോദ്ധ്യപ്പെട്ടശേഷമാണ് വിശദമായ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഈ കമ്മീഷന് റിപ്പോര്‍ട്ടും ശുപാര്‍ശകളും ക്യാബിനറ്റ് അംഗീകരിക്കുക വഴി പൊതുരേഖകളായി മാറിയിട്ടുള്ളതാണ്. എന്നാല്‍ സിബിഐ അന്വേഷണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കത്ത് കേന്ദ്രത്തിലേക്കയച്ചതല്ലാതെ യാതൊരുവിധ ആത്മാര്‍ത്ഥതയും അക്കാര്യത്തില്‍ കാട്ടിയില്ല. മുസ്ലീംലീഗ് സ്വാധീനത്തിനു വഴങ്ങി യുപിഎ ഭരണകൂടവും സിബിഐ അന്വേഷണ ശുപാര്‍ശ നിരാകരിക്കയായിരുന്നു. ഈ ആവശ്യത്തിനായി കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയ്ക്കുവന്ന ഹര്‍ജികളെ യുപിഎ ഭരണകൂടവും കേരളത്തിലെ സിപിഎം ഭരണകൂടവും ചെറുത്തുതോല്പ്പിക്കയായിരുന്നു. അവസാനം ഇടത് സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ബോധപൂര്‍വം കാര്യക്ഷമമായ ഒരന്വേഷണവും നടത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നു.
മാറാട് സിബിഐ അന്വേഷണം വേണ്ടെന്ന് പ്രഖ്യാപിക്കാന്‍ കെപിസിസി പ്രസിഡന്റും സിപിഎം സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ വൈരം മറന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ഒത്തുകൂടി കണ്വന്ഷന് നടത്തിയത് മലയാളികളുടെ സ്മൃതിപഥത്തിലിപ്പോഴുമുണ്ട്. മാറാട് അന്വേഷണ കമ്മീഷന് മുമ്പാകെ സിപിഎം സംസ്ഥാന സെക്രട്ടറി നല്കിയ സാക്ഷിമൊഴിയില്‍ സിബിഐ അന്വേഷണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മാറാട് ഗ്രാമം ഉള്‍പ്പെടെ കടലോരമേഖലകള്‍ രാഷ്ട്രീയ ഇന്ധനമാക്കിക്കൊണ്ടുള്ള അജന്‍ഡ സിപിഎമ്മും കോണ്‍ഗ്രസും സൂക്ഷ്മമായി ആവിഷ്കരിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയിലെ മുഖ്യപ്രതികളുടെ രാഷ്ട്രീയ പൈതൃകങ്ങള്‍ തന്നെ മാറാട്ടെ വ്രണിതഹൃദയരെ പാട്ടിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളതിന്റെ അപകടം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ സിബിഐ അന്വേഷണകാര്യത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കുകയാണ് വേണ്ടത്.
അഡ്വ. പി. എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: