ഇസ്ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് സരബ്ജിത്ത് സിങ്ങിന്റെ കേസ് വീണ്ടും പരിഗണിക്കാമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ സര്‍ദാരിയെ കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ സരബ്ജിത്തിന്റെ വിഷയം കൃഷ്ണ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് എന്ന നിലയില്‍ സരബ്ജിത്തിന്റെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സര്‍ദാരി ഉറപ്പ് നല്‍കിയത്.
1990 ല്‍ പാക്കിസ്ഥാനിലെ അഞ്ചിടത്ത് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന കേസാണ് സരബ്ജിത്ത് നേരിടുന്നത്. ലാഹോറിലെ കോട് ലഖ്പട് ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ മോചിപ്പിക്കണമെന്ന് ഇന്ത്യയിലെ നേതാക്കള്‍ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ്. സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സരബ് ജിത്ത് അല്ലെന്നാണ് ഇന്ത്യയുടെ വാദം. കഴിഞ്ഞ ജൂണ്‍ 26 ന് സരബ്ജിത്തിനെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന് അറിയിച്ചിരുന്നുവെങ്കിലും പിന്നീടത് തിരുത്തുകയായിരുന്നു. സരബ്ജിത്തിനെയല്ല സൂര്ജിത്തിനെയാണ് മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നും പാക്കിസ്ഥാന് അറിയിച്ചു. 22 വര്‍ഷമായി പാക്ക് ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനം രാജ്യാന്തര സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
സരബ്ജിത്തിനെ ഉടന്‍ മോചിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അവയിസ് ഷെയ്ക് ഇന്നലെ അറിയിച്ചു. സരബ്ജിത്തിനെ മോചിപ്പിക്കുന്നതിന് പാക് സര്‍ക്കാര്‍ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മന്മോഹന് സിംഗ് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നതിന് മുമ്പ് സരബ്ജിത്തിനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: