സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ പെരുമഴ. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കണ്ടത് അതാണ്. സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാകാതെയാണ് സഭ ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. 31 ബില്ലുകള്‍ നിയമമാക്കാന്‍ സഭയിലെത്തിയെങ്കിലും പ്രതിഷേധത്തിനിടയില്‍ ആറെണ്ണം മാത്രം പാസ്സാക്കി. സര്‍ക്കാര്‍ ഇത്രയധികം പ്രതിരോധത്തിലായ മറ്റൊരു സമ്മേളനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അപൂര്‍വമാണ്. ലോക്സഭ മാത്രമല്ല, രാജ്യസഭയും തുടര്‍ച്ചയായി 13 ദിവസം ഒരു നടപടിയിലേക്കും കടക്കാന്‍ കഴിയാത്ത തരത്തിലുള്ള സംഭവങ്ങള്‍ കണ്ടു. മുഖ്യപ്രതിപക്ഷം മാത്രമല്ല, ഭരണത്തെ താങ്ങിനിര്‍ത്തുന്നവര്‍ പോലും വാളുംകോലുമെടുത്ത് യുപിഎ സര്‍ക്കാരിനെതിരായ വികാരപ്രകടനത്തിനിറങ്ങി. താങ്ങുന്നവര്തന്നെ തമ്മിലടിക്കുന്നതും സഭയ്ക്ക് സാക്ഷിയാകേണ്ടിവന്നു. മൗനമാണെന്റെ വാചാലതയെന്ന് ഒരു സങ്കോചവും കൂടാതെ പ്രഖ്യാപിച്ച മഹാനാണ് നമ്മുടെ പ്രധാനമന്ത്രി. വര്‍ഷകാലസമ്മേളനത്തിലെ വില്ലന്‍ പ്രധാനമന്ത്രി തന്നെയായി.
പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയാണ് മുന്‍പ് ഏറ്റവും കൂടുതല്‍ ആരോപണവിധേയനായത്. ബോഫോഴ്സ് തോക്കിടപാടും തുടര്‍ന്നുള്ള കോലാഹലങ്ങളും രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യപ്പെട്ടതാണ്. അന്നത്തെ ആരോപണങ്ങളില്‍നിന്നും തീര്‍ത്തും മോചിതരാകാന്‍ രാജീവ് ഗാന്ധിക്കോ ഭാര്യ സോണിയയ്ക്കോ ഇന്നും സാധിച്ചിട്ടില്ല. അതേ സോണിയ കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സണും ആയിരിക്കുമ്പോഴാണ് കുംഭകോണങ്ങളുടെ കുംഭമേള തന്നെയുണ്ടായത്. അറിഞ്ഞിടത്തോളം ലക്ഷക്കണക്കിന് കോടിയുടെ അഴിമതിക്കഥകള്‍. അതൊന്നും പ്രതിപക്ഷം ആരോപണത്തിനുവേണ്ടി ഉന്നയിച്ച ആരോപണങ്ങളല്ല. ഭരണഘടനാസ്ഥാപനമായ സിഎജിയുടെ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍. അഴിമതികള്‍ ഖജനാവിന് നഷ്ടപ്പെട്ട തുകകള്‍.
ടു ജി സ്പെക്ട്രം, 1.76 ലക്ഷം കോടി കോമണ്‍വെല്‍ത്ത് ഗെയിംസ് വെട്ടിപ്പ് (നഷ്ടപ്പെട്ട തുക ഇനിയും തിട്ടപ്പെടുത്തിത്തീര്ന്നില്ല), ആദര്‍ശ് ഫ്ലാറ്റ് തട്ടിപ്പ്, അതിന്റെ പുറകെ ഇതാ കല്‍ക്കരിപ്പാടങ്ങള്‍ പതിച്ചുനല്‍കിയതിലെ അഴിമതി. 1.86 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായിയെന്നാണ് സിഎജി റിപ്പോര്‍ട്ട്. ഖജനാവിന് നഷ്ടമുണ്ടാകുമ്പോള്‍ നേട്ടമുണ്ടായതാര്ക്കായിരിക്കും ? പ്രധാനമന്ത്രി ഖാനിവകുപ്പ് ഭരിച്ചപ്പോഴുണ്ടായ ക്രമക്കേടാകുമ്പോള് വിരല്‍ചൂണ്ടുക സ്വാഭാവികമായും ആര്‍ക്കെതിരെയാകും ? ഉത്തരവാദിത്വം മന്‍മോഹന്‍സിംഗ് ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ പിന്നത്തെ അവസ്ഥയെന്താണ്? രാജിവച്ചിറങ്ങുക, വിചാരണ നേരിടുക. അതാണ് ബിജെപിയുടെയും സഖ്യകക്ഷികളുടെയും ആവശ്യം. അതുന്നയിക്കാന്‍ പാര്‍ലമെന്റിനോളം അനുയോജ്യമായ സ്ഥലം വേറെന്തുണ്ട് ? രാജ്യത്തെ സംരക്ഷിക്കാനും സമ്പത്ത് കാത്തുസൂക്ഷിക്കാനും ജനങ്ങള്‍ക്ക് ക്ഷേമം സൃഷ്ടിക്കാനുമാണല്ലോ പാര്‍ലമെന്റ് അംഗങ്ങള്‍. അവര്‍ കടമ നിര്‍വഹിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവായിവേണം പ്രതിപക്ഷത്തിന്റെ പ്രകടനത്തെ വിലയിരുത്താന്‍.
1952 ഏപ്രിലിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നത്തെ നിലയില്‍ നിലവില്‍ വന്നത്. ന്യൂ ദല്‍ഹിയില്‍ സംസദ് മാര്‍ഗിലെ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലാണ്. അതുകൊണ്ടാകുമോ ജനങ്ങളെ വട്ടംകറക്കുന്ന പണിയാണ് മിക്കപ്പോഴും അവിടെ നടന്നുകൊണ്ടിരിക്കുന്നത് ! ഒരു നൂറ്റാണ്ടുമുന്പ് (1912 – 13 കാലഘട്ടത്തില്‍) പ്രശസ്തരായ വാസ്തുശില്‍പ്പികളായ സര് എഡ്വിന് ല്യൂട്ടെന്‍സ്, സര് ഹെബേര്‍ട്ട് ബേക്കര്‍ എന്നിവരുടേതാണ് രൂപകല്‍പ്പന. 1921 ഫെബ്രുവരി 12 നാണ് തറക്കല്ലിട്ടത്. നിര്‍മാണച്ചെലവ് 83 ലക്ഷംരൂപ. ഇന്ന് അതിന്റെ ഒരു തൂണ് നിര്‍മിക്കാന്‍മാത്രം പത്തിരട്ടി തുക മതിയാകാതെ വരും (നിര്‍മാണച്ചെലവിനെക്കാള്‍ അടിയൊഴുക്കില്‍ പോകുമല്ലോ). 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഇര്വിന് പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. ആറേക്കറിലാണ് മന്ദിരം പരന്നുകിടക്കുന്നത്. 144 തൂണുകളാണ് മന്ദിരത്തിനുള്ളത്. 270 അടിയാണ് ഓരോന്നിന്റെയും ഉയരം, 12 കവാടങ്ങളും.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ 530 പേരില്‍ ഒതുങ്ങണം. കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്ന് 20 പേര്‍വരെയാകാം. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രണ്ട്പേരും അടങ്ങുന്നതാണ് ലോക്സഭ. ഇപ്പോള്‍ 545 പേരാണ് സഭയിലുള്ളത്. രാജ്യസഭയില്‍ 250 പേര്‍വരെയാകാം. ഇപ്പോള്‍ 245 പേരാണുള്ളത്. 12 പേരെ രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാം. 25 വയസ്സ് തികഞ്ഞ ഇന്ത്യന്‍ പൗരന് ലോക്സഭയിലേക്ക് മത്സരിക്കാമെങ്കില്‍ രാജ്യസഭയ്ക്ക് 30 വയസ്സ് തികയണം.
രാജ്യസ്നേഹവും ത്യാഗവും ജനസേവന തല്പ്പരതയുമായിരുന്നു പാര്‍ലമെന്റിലേക്കെത്താന്‍ ആദ്യകാലങ്ങളിലുള്ള പ്രേരകം. കാലം മാറി, കഥമാറി. ഇന്ന് മിക്ക രാഷ്ട്രീയക്കാര്‍ക്കും ത്യാഗമല്ല സുഖഭോഗമാണ് ലക്ഷ്യം. അതിനൊത്തുള്ള സംവിധാനങ്ങളും സൗകര്യങ്ങളും കിട്ടാനുള്ള മുറവിളിയാണ് പലപ്പോഴും ഉയരുന്നത്. പ്രോട്ടോകോള്‍ അനുസരിച്ച് രാജ്യത്തെ ഉന്നതനായ ബ്യൂറോക്രാറ്റിനെക്കാള് മുകളിലാണ് പാര്‍ലമെന്റ് അംഗത്തിന്റെ സ്ഥാനം. അത് പദവിയില്‍ പോരാ പണത്തിലും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് കാലമേറെയായി. പരിഹാരമായത് രണ്ടുവര്‍ഷം മുന്‍പ്. 19.08.10ന് കേന്ദ്ര കാബിനറ്റ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ബത്തയും മറ്റും ഉയര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഓര്‍ത്തതേയില്ല. ശമ്പളത്തില്‍ വര്‍ദ്ധനവ് മുന്നൂറ് ഇരട്ടിയാക്കാന്‍ നിശ്ചയിച്ചു. 16,000 രൂപയില്‍നിന്ന് 50,000 രൂപയിലേക്ക്. അംഗങ്ങളെ അവഹേളിക്കലാണിതെന്നു പറഞ്ഞ് അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ മാറ്റംവരുത്തി. കാബിനറ്റ് സെക്രട്ടറിക്ക് 80,000 രൂപ ശമ്പളം. പാര്‍ലമെന്റ് അംഗത്തിന് 80,001. ഒരു രൂപയെങ്കിലും കൂടുതല്‍ എംപിക്ക് കിട്ടിയാലേ പദവിക്കൊത്ത പത്രാസുള്ളൂ എന്ന ചിന്ത സഫലമാക്കാനാണ് 500 ശതമാനം വര്‍ദ്ധന വരുത്തിയത്. വിവിധതരം അലവന്‍സുകളെല്ലാം ചേര്‍ത്താല്‍ ഒരു എംപിക്ക് ഒരു വര്‍ഷം 37 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. അങ്ങനെയുള്ള നമ്മുടെ വിലയേറിയ എംപിമാര്‍ക്ക് ഡ്രൈവറെ നിശ്ചയിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിമാസം 10,000 രൂപ നല്കുന്നതില് വലിയ തെറ്റുണ്ടോ ! വിലയേറിയ എംപിമാരും മന്ത്രിമാരും വിലകുറഞ്ഞ നടപടി തുടരുന്നതിന് തടയിടാന്‍ ചിലരെങ്കിലും തുനിഞ്ഞിറങ്ങിയേ പറ്റൂ.
പ്രതിപക്ഷം അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് ? ഭരണഘടനാസ്ഥാപനമായ സിഎജിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായാണ് സിംഗ് രംഗത്തിറങ്ങിയിട്ടുള്ളത്. സിഎജിയുടെ കണക്ക് വികലവും വിലകുറഞ്ഞതുമാണത്രെ. ഇതു പറയാന്‍ ആഗസ്ത് 27ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍പോലും മന്മോഹന്സിംഗിന് സാധിച്ചില്ല. രണ്ടുവരി വായിച്ച് ബാക്കിഭാഗങ്ങള്‍ സഭയുടെ മേശപ്പുറത്തുവച്ച് ആശ്വസിക്കേണ്ടിവന്നു. പാര്ലമെന്റില്കുറ്റവാളിയെപ്പോലെ താടിക്ക് കൈയും കൊടുത്തിരിക്കുമ്പോള്ത്തന്നെയാണ് ഏറെക്കാലം തന്നെ താരാട്ടിയ, താലോലിച്ച അമേരിക്കയില്‍നിന്നും കനത്ത പ്രഹരം നേരിടേണ്ടി വന്നത്. ‘മന്‍മോഹന്‍സിംഗ് ഒരു കഴിവും തെളിയിക്കാന്‍ കഴിയാത്ത വ്യക്തി’ എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഒന്നാം പേജ് വാര്‍ത്ത നല്കിയപ്പോള് കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്തു. വാര്‍ത്ത പിന്‍വലിക്കണം. മാപ്പു പറയണം. എന്നൊക്കെ. വാര്‍ത്തയില്‍ ഉറച്ചു നില്ക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റും. ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഷകാല സമ്മേളനം കലങ്ങുക മാത്രമല്ല കരിപുരണ്ടതുമായി.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും ‘ബിസിനസ് ഇന്‍ സൈഡര്‍’ എന്ന ഇന്റര്‍നെറ്റ് ന്യൂസില്‍ വന്ന ചില വസ്തുതകളുണ്ട്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നയായ രാഷ്ട്രീയക്കാരിയാണ് സോണിയ എന്നാണത്. 10,000 മുതല്‍ 45,000 കോടിയാണ് അവരുടെ ആസ്തിയെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്ങ് മൂലത്തില്‍ ഇളകുന്നതും ഇളകാത്തതുമായ മുതല്‍ 137,94,768 രൂപയുടെതാണ്. വാര്‍ഷിക വരുമാനം 50 ലക്ഷം മുതല്‍ 75 ലക്ഷം വരെയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഒറ്റയടിക്ക് ആസ്തി കൂടിയെങ്കില്‍ നന്ദി ആരോട് ചൊല്ലേണ്ടൂ എന്ന ചോദ്യത്തിന് ഉത്തരം തേടി നെട്ടോട്ടമോടേണ്ട കാര്യമുണ്ടോ? മിണ്ടാതിരിക്കാന്‍ സര്‍ദാര്‍ജിയെ ഏത് ഏലസ്സായിരിക്കും ധരിപ്പിച്ചിരിക്കുക. ‘മൗനം വിദ്വാന് ഭൂഷണം’ എന്നതു പഴയ ചൊല്ല്. ഇന്നിപ്പോള്‍ ചില കാഴ്ചപ്പണ്ടങ്ങള്ക്കാണതു ചേരുക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: