എമര്‍ജിംഗ് കേരളയുടെ വിവാദമായതും ഒഴിവാക്കേണ്ടതുമായ നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം, ദേവികുളം, പീരുമേട് പദ്ധതികള്‍ വീണ്ടും വെബ്സൈറ്റില്‍ പ്രത്യക്ഷമായതോടെ വിവാദങ്ങള്‍ കൊഴുക്കുകയാണ്. മാത്രമല്ല ഇപ്പോള്‍ സാംസ്കാരിക കേരളത്തെയും വില്‍പ്പനചരക്കാക്കി നിശാനൃത്ത ശാലക്കും പദ്ധതിയിടുന്നതായി പുതിയ വിവരം സാംസ്കാരികശോഷണം അനുഭവപ്പെടുന്ന കേരളത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എമര്‍ജിംഗ് കേരള സംഗമം ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയില്‍ അരങ്ങേറാനിരിക്കെയാണ് വിവാദങ്ങളില്‍ നീലനിറംകൂടി കലര്‍ന്ന് കത്തിക്കയറുന്നത്. വികസനം എല്ലാ മലയാളികളുടെയും ആഗ്രഹമാണെങ്കിലും അത് പ്രകൃതിവിഭവങ്ങളെയും കേരള സ്ത്രീത്വത്തെയും വില്‍പ്പനച്ചരക്കാക്കി ആകരുത് എന്ന നിര്‍ബന്ധബുദ്ധി മലയാളിക്കുണ്ട്. എമര്‍ജിംഗ് കേരളയില്‍ ഒരിഞ്ചുഭൂമി പോലും വില്‍ക്കില്ല എന്ന് പറയുമ്പോഴും കേരളം മുഴുവന്‍ പാട്ടത്തിന് കൊടുത്ത് എമര്‍ജിംഗ് ഭൂമാഫിയക്കാണ് ഈ നിക്ഷേപകസംഗമം വഴിയൊരുക്കുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്. ഏത് പദ്ധതി വിവാദമായാലും ഇടത്-വലതുപക്ഷ സര്‍ക്കാരുകള്‍ അവയെ ന്യായീകരിക്കുന്നത് അത് മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന വാദമുന്നയിച്ചാണ്. മുന്‍സര്‍ക്കാരിന്റെ തെറ്റുകള്‍ അരക്കിട്ടുറപ്പിക്കാനല്ല, തിരുത്തി ജനക്ഷേമം ഉറപ്പുവരുത്താനാണ് ജനങ്ങള്‍ മാറി മാറി വോട്ടുചെയ്യുന്നത്. തികച്ചും നീതിരഹിതമായ ഇന്‍കെല്‍ പദ്ധതിയും ആറന്മുള വിമാനത്താവളവും അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉത്തരവിറക്കി എന്നതുകൊണ്ടുമാത്രം ഇടതുനയത്തെ അപലപിക്കുന്ന ഈ സര്‍ക്കാര്‍ എന്തിന് തുടരണമെന്ന പ്രസക്തമായ ചോദ്യം ഈ വേളയില്‍ ഉയരുന്നു. എമര്‍ജിംഗ് കേരള ആസൂത്രണം ഇന്‍കെലിന്റെയും ടൂറിസംവകുപ്പിന്റെയും സംയുക്ത സംരംഭമാണോ എന്ന് പോലും സംശയം ഉയരുന്നു.
ഇപ്പോള്‍ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണവും ജല അതോറിറ്റിയുടെ നീന്തല്‍ക്കുളം നികത്തി എക്സിബിഷന് ഗ്രൗണ്ടും സ്ഥാപിക്കാനുള്ള നീക്കവും ഒഴിവാക്കി. പക്ഷെ പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന പദ്ധതികള്‍ പ്രകാരം കേരളത്തിന്റെ 74 ശതമാനം ഭൂമിയും വനവും ജലശേഖരവും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടും. ഏറ്റവും ഒടുവില്‍ കോടതിയില്‍ കേസായിരുന്ന വിഴിഞ്ഞം കൊട്ടാരവും അനുബന്ധ പ്രദേശങ്ങളും രവിപിള്ള ഗ്രൂപ്പിന് കൈമാറാനും വെളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്നുള്ള 18 ഏക്കറില്‍ നിശാനൃത്തശാലകളും മദ്യശാലകളും അടങ്ങുന്ന കുടുംബ ഉല്ലാസകേന്ദ്രം സ്ഥാപിക്കാനുമാണ് നീക്കം. പ്രതീക്ഷിച്ചപോലെ ടി. ബാലകൃഷ്ണന് ചെയര്‍മാനായുള്ള ഇന്‍കെല്‍ ആണ് ‘നിശാ ജീവിതമേഖല’ നിര്‍മ്മിക്കാന്‍ 200 കോടി രൂപ മുടക്കുന്നത്. മദ്യശാലകള്‍, തീമാറ്റിക് റസ്റ്റോറന്റുകള്‍, കാബറെ തീയേറ്ററുകള്‍, ഡിസ്കോതെക്കുകള്‍ മുതലായ നവീന വിനോദശാലകള്‍ തുറന്ന് മദ്യകേരളത്തെ വ്യഭിചാരകേരളമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടും. വനം-റവന്യൂ വകുപ്പിന്റെ ഭൂമിയാണ് അടിയറവെക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിനീതവിധേയനായി വനംമന്ത്രി സഹകരിക്കാന്‍ തയ്യാറായപ്പോള്‍ റവന്യൂമന്ത്രി ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. കരയും കടലും റോഡുകള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്.
കോവളം ബൈപാസ് നാലുവരിപ്പാത ഉപേക്ഷിച്ച് രണ്ടുവരിയാക്കി ബാക്കി ഭൂമി ഷോപ്പിംഗ് കോംപ്ലക്സിന് വിട്ടുനല്‍കാനാണ് നീക്കം. എവിടെയെല്ലാം വയലുകളോ കെട്ടിടം ഉയരാത്ത ഭൂമിയോ നിരക്കാത്ത കുന്നുകളും മലകളും തണ്ണീത്തടങ്ങളും ഉണ്ടോ അതെല്ലാം നശിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് എമര്‍ജിംഗ് കേരള തെളിയിക്കുന്നത്. ഇതെല്ലാം തൊഴിലവസരം സൃഷ്ടിക്കാനാണെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരും എമര്‍ജിംഗ് കേരളക്കെതിരെ രംഗത്തുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം തൊഴിലവസരങ്ങളാണ് പുതിയ തലമുറയെ സ്വാധീനിക്കാന്‍ വാഗ്ദാനംചെയ്യുന്നത്. നഗരം വികസിക്കുമ്പോള്‍ നഗരജനസംഖ്യ ഉയരുമെന്നും അവരുടെ ഉല്ലാസം ലക്ഷ്യമിട്ടാണ് കുടുംബ ഉല്ലാസപദ്ധതികള്‍ എന്നും വിശദീകരണമുണ്ട്. എന്തായാലും എമര്‍ജിംഗ് കേരള വഴി 14,0328 ഏക്കറും 38975 ഏക്കറും വിസ്തൃതിയുള്ള രണ്ട് മേഖലകളാണ് ഉയരുക. നിശാമേഖലക്ക് നീക്കിവെക്കുന്നത് 200 കോടി, നഗര ഉല്ലാസമേഖലക്ക് 300 കോടി. കേരളത്തില്‍ എമര്‍ജിംഗ് കേരള കൊണ്ടുവരുന്ന വികസനം ഏതുതരമായിരിക്കുമെന്ന് വിഭാവനം ചെയ്യുക വളരെ എളുപ്പമാണ്. ജിമ്മില്‍ പ്രഖ്യാപിച്ച വികസനം 30,000 കോടിയുടേതായിരുന്നു. വല്ലാര്‍പാടം പദ്ധതിയല്ലാതെ മറ്റൊന്നും പ്രാവര്‍ത്തികമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: