ന്യൂദല്‍ഹി: ലൈബീരിയന്‍ തലസ്ഥാനമായ മണ്റിവിയോയില് തടഞ്ഞു വച്ച എഴുപത് ഇന്ത്യക്കാരില്‍ 68 പേരെ മോചിപ്പിച്ചു. ഇതില്‍ 40 മലയാളികളും ഉള്‍പ്പെടും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു നടപടി. മതിയായ രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി നാലു ദിവസം മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തടവിലായ മലയാളികളുടെ ബന്ധുക്കളാണു വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദേശകാര്യ വകുപ്പിന്റെ ഉപദേശക സമിതിയില്‍ അംഗമായ ആന്റോ ആന്റണി സംഭവമറിഞ്ഞ ഉടനെതന്നെ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ലൈബീരിയന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതോടെയാണ് തടവിലുള്ളവര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങിയത്. അനധികൃതമായിട്ടാണ് തടവിലാക്കിയതെന്ന് കണ്ടെത്തിയതോടെ ഉടന്‍തന്നെ ഇവരെ മോചിപ്പിക്കാന്‍ ലൈബീരിയന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
മുന്നൂറോളം മലയാളികള്‍ ഉള്‍പ്പെടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരില്‍ എഴുപതോളം പേരെയാണ് രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് മൂന്നു ദിവസം മുമ്പ് പിടിച്ചുകൊണ്ടുപോയിരുന്നത്. രാത്രി കാലത്ത് വീടുകളും മറ്റ് താമസ സ്ഥലങ്ങളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് ചെയ്താണ് ഇന്ത്യക്കാരെ പിടിച്ചുകൊണ്ടു പോയതെന്ന് ലൈബീരിയയില്‍ നിന്നും മലയാളികള്‍ അറിയിച്ചത്.
ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ലൈബീരിയക്കാരുടെ തടങ്കല്‍ പാളയത്തില്‍ പീഡനമനുഭവിക്കുകയായിരുന്നു. മൂന്നു ദിവസം കൃത്യമായ ഭക്ഷണമോ, വെള്ളമോ ഇല്ലാതെ സെല്ലുകളില്‍ കൊള്ളാവുന്നതിലുമധികം ആളുകളെ കുത്തി നിറച്ച് തടവിലിട്ടിരിക്കുകയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: