മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത് കൃപാ തമനം വന്ദേ പരമാനന്ദ മാധവം.
കുട്ടിക്കാലം മുതലെ ചൊല്ലി ശീലിച്ചതാണ് ഭഗവദ്ഗീതയുടെ ഗാനശ്ലോകത്തിലെ ഈ വരികള്‍. മൂകനെ വാചാലനാക്കുന്നവനും മുടന്തനെ പര്വ്വതാരോഹകനാക്കുന്നവനുമായ മാധവന്റെ കൃപയെ ഞാന്‍ വന്ദിക്കുന്നു എന്ന് ചൊല്ലുമ്പോഴൊന്നും എനിക്ക് എന്നെങ്കിലും ആ അനുഭവം ഉണ്ടാവും എന്ന് കരുതിയിരുന്നില്ല. ഒരിക്കലെങ്കിലും മുടന്തനാവുമെന്ന ഭീതിയോ മുടന്തനായാല്‍ പിന്നെ മലകയറാനാവുമെന്ന പ്രത്യാശയോ തെല്ലും ഇല്ലാതിരുന്നതിനാലാണത്. പക്ഷെ ഞാന്‍ മുടന്തനായി-നാല് മാസം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്ന്. ഈ പംക്തിയില്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നതുപോലെ കാലിന്റെ മുട്ടെല്ല് തകര്‍ന്നു. രണ്ട് മാസത്തിനുള്ളില്‍ മുടന്തിയാണ് ഞാന്‍ നടന്നു തുടങ്ങിയത്. നാല് മാസം പിന്നിട്ടപ്പോള്‍ മുടന്തനായ എനിക്ക് മലകയറണമെന്ന് തോന്നി.
ധ്യാനശ്ലോകത്തിലെ വരികളാണ് എനിക്ക് ആവേശവും വിശ്വാസവും നല്‍കിയത്. ബുദ്ധി ഉറച്ച നാള് മുതല്‍ എന്റെ ജീവിതാഭിലാഷമാണ് ഹിമാലയ ദര്‍ശനം. വാഹനാപകടത്തില്‍പ്പെട്ട് കാല്‍മുട്ട് തകര്‍ന്നപ്പോള്‍ ഉയര്‍ന്ന ആദ്യ ചിന്തകളിലൊന്ന് ഹിമാലയദര്‍ശനം എന്ന എന്റെ ചിരകാലസ്വപ്നം ഇനി സാക്ഷാത്ക്കരിക്കാനാവില്ലല്ലൊ എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഊന്നുവടിയില്ലാതെ നടക്കാനായാലുടനെ ആദ്യയാത്ര ഹിമാലയത്തിലേക്കാവണമെന്ന് ഞാന്‍ തീരുമാനിക്കുകയും ചെയ്തു. സാഹസികമായൊരു തീരുമാനം തന്നെ ആയിരുന്നു അത്. അതിലേറെ ഒരു വാശിയോ വ്രതമോ. ഹിമാലയപര്യടനത്തിന് പുറപ്പെടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ എന്റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ഏക പ്രതികരണം ‘ ഈ കാലുമായോ’ എന്നതായിരുന്നു. അതിശൈത്യം ദോഷം ചെയ്യുമെന്നും കാലിന് കഠിനമായ വേദനയും തളര്‍ച്ചയും അനുഭവപ്പെടുമെന്നും എന്നെ ചികിത്സിക്കുന്ന ആയുര്‍വേദ വൈദ്യന് എനിക്ക് മുന്നറിയിപ്പ് നല്കി. പക്ഷെ സാക്ഷാല്‍ വൈദ്യനാഥനിലായിരുന്നു എന്റെ വിശ്വാസം. അന്ധമായി ആ വിശ്വാസത്തിലുറച്ച് മാത്രമായിരുന്നു എന്റെ തീരുമാനം. ഏറ്റവും അപ്രതീക്ഷിതമായിരുന്നത് എന്റെ കുടുംബിനിയുടെ പ്രതികരണമാണ്. പോവാന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെയാണ് ഞാന്‍ വിഷയം അവതരിപ്പിച്ചത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പോയ് വരാനായിരുന്നു മറുപടി. എന്റെ ഏറ്റവും വലിയ ആഗ്രഹമാണതെന്ന് അറിയാവുന്നതുകൊണ്ടാവാം അത്. പക്ഷെ പതിനൊന്നാം മണിക്കൂറില്‍ സ്ത്രീസഹജമായ ആശങ്ക എന്റെ ധര്‍മ്മ പത്നിയേയും ബാധിച്ചു. മകളെക്കൂടി കൊണ്ടുപോവണമെന്നൊരു വ്യവസ്ഥ മുന്നോട്ടു വെച്ചു. മുമ്പൊക്കെ പതിവായി പറയാറുള്ള പോലെ, ഹിമാലയത്തില്‍ എത്തിയാല്‍ ഞാന്‍ പിന്നെ മടങ്ങിവരില്ലെന്ന ഭീതിയാവാം ഒരുപക്ഷെ മകളെക്കൂടി കൂട്ടണമെന്ന വ്യവസ്ഥയ്ക്ക് പിന്നില്‍. എന്തായാലും ഈ ചെറിയ പ്രായത്തില്‍ ഇത്ര മഹത്തായൊരു അനുഭവത്തിനുള്ള മഹാഭാഗ്യം അക്കാരണത്താല്‍ എന്റെ മകള്‍ക്കും ഉണ്ടായി. ഹിമാലയത്തിന്റെ അപാരതയും ഗംഗ, യമുനാ, സരസ്വതി നദികളുടെ അഗാധതയും കണ്ടറിഞ്ഞ അവള് ഈ ചെറുപ്രായത്തില്‍ ഇന്ത്യയെന്ന ഭാരതത്തേയും അതിന്റെ മഹത്തായ സംസ്ക്കാരത്തേയും തൊട്ടറിയുകയായിരുന്നു. ഒരച്ഛനെന്ന നിലയ്ക്ക് എനിക്ക് എന്റെ മകള്‍ക്ക് നല്കാന് കഴിയുന്നതില്‍ ഏറ്റവും മികച്ചതാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദല്‍ഹിയില്‍ വിമാനമിറങ്ങി, ആ രാത്രി തന്നെ ട്രെയിനില്‍ ഹരിദ്വാറിലെത്തി. അടുത്ത പ്രഭാതത്തില്‍ ഗംഗയില്‍ മുങ്ങി ദേഹശുദ്ധി വരുത്തി ഒരു ‘ഇന്നോവ’യില്‍ ഋഷികേശിലൂടെ ഹിമാലയത്തിലേക്കുള്ള പ്രയാണം തുടങ്ങി. വസിഷ്ഠ ഗുഹയും ദേവപ്രയാഗയും കടന്നപ്പോഴാണ് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായത്. ഏതാണ്ട് ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും മലയിടിഞ്ഞു വീണ മലമ്പാതകള്‍, നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴകള്‍, അവയ്ക്ക് മീതെ എപ്പോള്‍ വേണമെങ്കിലും ഒലിച്ചുപോകാമെന്ന നിലയില്‍ ആടിയുലയുന്ന പാലങ്ങള്‍, മുകളില്‍നിന്ന് ഉരുണ്ട് വന്ന പാറകള്‍ വീണ് തകര്‍ന്ന വാഹനങ്ങള്‍- ഭീതിജനകമായിരുന്നു ആ കാഴ്ചകള്‍. അവയൊന്നും ഞങ്ങളുടെ ആറംഗസംഘത്തിന്റെ ആവേശത്തെയോ ആത്മവിശ്വാസത്തേയോ ബാധിച്ചില്ല. കലി തുള്ളുന്ന പ്രകൃതിയെ കണ്ടും ഇടയ്ക്കിടെ യാത്രയ്ക്ക് അനുഭവപ്പെടുന്ന തടസ്സങ്ങള്‍ കാരണവും മുന്നോട്ട് പോവാതെ മടങ്ങിപ്പോയ സംഘങ്ങള്‍ നിരവധിയുണ്ട്. യാത്രയ്ക്കിടയില്‍ തന്നെ അവിടെയും ഇവിടെയും പാറകള്‍ വന്ന് പതിക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഭരതന്റെ ‘വൈശാലി’ സിനിമയില്‍ പ്രകൃതി കോപിക്കുമ്പോള്‍ പാറകള്‍ പര്‍വതമുകളില്‍നിന്ന് താഴേക്ക് വീഴുന്നപോലെയെന്ന് എന്റെ മകള്‍ ആ പ്രതിഭാസത്തെ ഉപമിച്ചു. പ്രകൃതിയുടെ, പുഴയുടെ, പര്‍വ്വതത്തിന്റെ ശാന്തസൗന്ദര്യവും രൗദ്രഭീകരതയും ഞങ്ങള്‍ അവിടെ കണ്ടു. അതിനുമുന്നില്‍ കൈകൂപ്പി കണ്ണടച്ച് പ്രാര്‍ത്ഥിക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുളളൂ.
‘പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത’ എന്ന മുന്നറിയിപ്പ് തരുന്ന ബോര്‍ഡുകള്‍ വഴിനീളെ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വേഗത കുറയ്ക്കാതെ ഓടിച്ചു പോവണമെന്നും ഒരിടത്തും നിര്‍ത്തരുതെന്നും മുന്നറിയിപ്പുണ്ട്. മൂന്നിടത്ത് ഞങ്ങളുടെ യാത്ര തടസ്സപ്പെട്ടു മണിക്കൂറുകളോളം. ഒരു രാത്രി ഞങ്ങള്‍ക്ക് യാത്രാ തടസ്സം മൂലം രുദ്രപ്രയാഗയില്‍ തങ്ങേണ്ടിയും വന്നു. ഹിമാലയന്‍ കടുവകളുടെ വിഹാരരംഗമായാണ് ജിം കോര്‍ബറ്റ് രുദ്രപ്രയാഗയെ വിശേഷിപ്പിച്ചിട്ടുളളത്. നദികളുടെ സംഗമഭൂമിയെയാണ് പ്രയാഗയെന്ന് വിശേഷിപ്പിക്കുന്നത്. രുദ്രപ്രയാഗയില്‍ മന്ദാകിനിയും അളകനന്ദയും ഒത്തുചേരുന്നു. ദേവപ്രയാഗയില്‍ ഭാഗീരഥിയും അളകനന്ദയും, കര്ണപ്രയാഗയില് അളകനന്ദയും പിണ്ടാര്‍ നദിയും സംഗമിക്കുന്നു. മനാ പാസിലെ ദേവതാള് തടാകത്തില്‍ നിന്നാണ് സരസ്വതി ഉദ്ഭവിക്കുന്നത്. ഇന്തോ ചൈനീസ് അതിര്‍ത്തിയിലെ ഒരു ടിബറ്റന്‍ ഗ്രാമമാണ് മന. മണിഭദ്രാശ്രമം സ്ഥിതി ചെയ്തിരുന്നത് മനയിലാണത്രെ. വേദവ്യാസന് ഗണപതി ഭഗവാന് മഹാഭാരതം പറഞ്ഞുകൊടുത്തെഴുതിച്ചത് മനയിലെ ഒരു പര്വ്വതത്തിന് മുകളില്‍ വെച്ചായിരുന്നു. അവിടമാണ് വ്യാസഗുഹ, ഗണപതി ഗുഹ എന്നീ പേരുകളില്‍ ഇന്ന് അറിയപ്പെടുന്നത്. എന്നെ കൈകളില്‍ പിടിച്ച് എന്റെ മകളും അവളെ എന്റെ കൈകളില്‍ പിടിച്ച് ഞാനും ആയാസപ്പെട്ടെങ്കിലും വ്യാസഗുഹയിലേക്ക് നടന്നു കയറി. മന അതിര്‍ത്തിയില്‍ ഒരു ടിബറ്റന്‍ ആദിവാസി നടത്തുന്ന ‘ഡാബ’ യുണ്ട്. ‘ഇന്ത്യയിലെ അവസാനത്തെ ചായ പീടിക’ എന്ന് അവിടെ എഴുതി വെച്ചിരിക്കുന്നു. മനയിലെ സരസ്വതിയെന്ന നൂറ്റിനാലുവയസുകാരിയുമായി ഞാന്‍ സൗഹൃദത്തിലായി. ആപ്പിളും കമ്പളിയും വില്പ്പനയാണവരുടെ ഉപജീവനമാര്‍ഗ്ഗം. “ഞാന്‍ ചെറുപ്പത്തില്‍ അതിസുന്ദരിയായിരുന്നു. ഈ ഒഴുകുന്ന സരസ്വതി നദി പോലെ” ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആ മുത്തശ്ശി അവകാശപ്പെട്ടു.
എന്റെ ഹിമാലയാനുഭവങ്ങള്‍ വര്ണ്ണിക്കുന്നതിനല്ല ഈ കുറിപ്പ്. അതിന് അനേകം വാല്യങ്ങള്‍ തന്നെ വേണ്ടിവരും. നാളിതുവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ നേട്ടത്തെ കുറിച്ച് എന്റെ പംക്തിയില്‍ പരാമര്ശിക്കാതിരിക്കുന്നത് അനുചിതമാവുമെന്നതുകൊണ്ട് മാത്രമാണ് കുറെ കാര്യങ്ങള്‍ ഇവിടെ കോറിയിടുന്നത്. അവര്‍ണനീയവും അനിര്‍വചനീയവുമാണ് ആ അനുഭൂതി എന്നതില്‍ ആലങ്കാരികതയോ അതിശയോക്തിയോ അല്പ്പവുമില്ല. എന്നുമാത്രമല്ല, അത്ര വിശദമായിരുന്നില്ല എന്റെ ഹിമഗിരിവിഹാരം എന്നതും വസ്തുതയാണ്. അമര്‍നാഥും മാനസരസ്സും കൈലാസവും എനിക്കിനിയും അകലെയാണ്.
പത്തുദിവസംകൊണ്ടുമാത്രം പൂര്‍ത്തിയാക്കിയ, താഴെ ഹരിദ്വാര്‍ മുതല്‍ മുകളില്‍ ബദരിയ്ക്ക് സമീപമുള്ള ഇന്ത്യാ ചൈനാ അതിര്‍ത്തിപ്രദേശമായ മനാ പാസ് വരെയൊരു എത്തിനോട്ടം. അത് അനുഭവിച്ച് മാത്രം അറിയേണ്ടതാണ്. തപോസന സ്വാമികളുടെ ‘ഹിമഗിരി വിഹാരം’ മുതല്‍ വീരേന്ദ്ര കുമാറിന്റെ ‘ഹൈമവതഭൂമി’യില്‍ വരെ വായിച്ച ശേഷമാണ് ഞാന്‍ ഹിമാലയത്തിലെത്തിയത്. പക്ഷെ ഒന്നുറപ്പിച്ച് പറയാനാവും ഹിമാലയം തൊട്ടറിയേണ്ടതു തന്നെ; കണ്ടറിയേണ്ടതു തന്നെ. “ദിവി സൂര്യസഹസ്രാണാം…..” എന്ന ഗീതാശ്ലോകത്തിലെപോലെ ഒരായിരം സൂര്യന്മാര് ഒന്നിച്ചുദിച്ചാല്‍ അനുഭവപ്പെടുന്ന തേജസ്സാണ് ഹിമവാന്. അനുപമവും അഭൗമവുമായ ഊര്‍ജ്ജമാണ് അത് മനുഷ്യമനസ്സുകള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ആ മഹാനുഭൂതിയുടെ നേരിയൊരളവ് പോലും ഫലപ്രദമായി പകര്‍ത്താന്‍ ഒരു തൂലികയ്ക്കും ഒരു ക്യാമറയ്ക്കും ആവില്ല തന്നെ. മടങ്ങിയെത്തിയ ശേഷം ഓരോ പ്രഭാതത്തിലും ഉണര്ന്നെഴുന്നേല്ക്കുമ്പോള് മനസ്സിലുണരുന്ന ഹിമാലയസ്മൃതി ആരുടേയും ദിവസങ്ങളേയും ജീവിതവീക്ഷണത്തേയും അതുവഴി ജീവിതത്തെ തന്നെയും മാറ്റിമറിച്ചു കളയും. ആരുടെ അഹംഭാവവും അവിടെ അസ്തമിക്കും.
ഇന്ത്യയുടെ പൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുമ്പോഴും അതിന്റെ ഭാവിയെപ്പറ്റി അടുത്തകാലത്തായി അതിവേഗം വര്‍ധിക്കുന്ന ആശങ്കകളുമായാണ് ഞാന്‍ ഹിമവല്സാനുക്കളിലെത്തിയത്. അതിപുരാതനമായ ഈ രാഷ്ട്രത്തിന്റെ ചൈതന്യം വിളിച്ചോതുന്ന ഹിമവാനേയും ഗംഗാപ്രവാഹത്തേയും നേരിട്ടനുഭവിച്ചതോടെ എന്റെ ആശങ്കകള്‍ എന്നെന്നേക്കും അലിഞ്ഞില്ലാതെയാവുകയായിരുന്നു. ഇനി എത്ര ആഗോളീകരണമുണ്ടായാലും എത്ര അധിനിവേശവും ആക്രമണങ്ങളും ഉണ്ടായാലും ഹിമാലയവും ഗംഗയും ഉള്ളിടത്തോളം ഭാരതമെന്നും സുരക്ഷിതം തന്നെയെന്നും അതിന്റെ സംസ്കൃതി എന്നും സുദൃഢം തന്നെയെന്നും എനിക്കിപ്പോള്‍ ഉറപ്പാണ്. മഞ്ഞുമൂടി തല ഉയര്‍ത്തി നില്ക്കുന്ന ഈ മാമലകള്‍ മാലോകര്‍ക്ക് നല്കുന്ന മഹത്തായൊരു ‘ഗ്യാരണ്ടി’യാണത്.
ഓണക്കാലം ഹിമാലയത്തില്‍ ചെലവഴിക്കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചെങ്കിലും പിന്നീട് കേട്ട വാര്‍ത്തകള്‍ നിരുത്സാഹപ്പെടുത്തുന്നവയായിരുന്നു. യാത്ര പുറപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഉത്തരാഖണ്ഡില്‍ മുപ്പതിലേറെ പേരുടെ മരണത്തിനിടയാക്കിയ മേഘസ്ഫോടനവും മഴയും മണ്ണിടിച്ചിലും ഉണ്ടായത്. ബദരിനാഥിലേക്കുള്ള തീര്‍ത്ഥാടനത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഹിമാലയവീഥികള് പലയിടത്തും പാറ വീണ് തകരുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. ഗംഗയ്ക്ക് കുറുകെ, ഗംഗോത്രിയിലേക്കുള്ള പാലങ്ങള്‍ ചിലത് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഉത്തര്‍കാശിയിലെ ‘തപോവനകുടി’യിലെ സ്വാമിജിയുമായി താമസസൗകര്യത്തിനായി ബന്ധപ്പെട്ടപ്പോള്‍ കാലാവസ്ഥ വളരെ മോശമായതിനാല്‍ വരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ഉപദേശം. പക്ഷെ ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും സാധിച്ചില്ലെങ്കിലോ എന്ന ആശങ്ക എന്നെയും സഹയാത്രികരെയും എന്തുവന്നാലും പോവുക തന്നെയെന്ന തീരുമാനത്തിലെത്തിച്ചു. ഹിമഗിരി ദര്‍ശനം വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ സുരക്ഷിതരായി പോയി വരും. മറിച്ച് ജീവിതയാത്ര തന്നെ ആ പോക്കില്‍ അവസാനിക്കുന്നുവെങ്കില് അതും മഹാസായൂജ്യം. അതായിരുന്നു, അത് മാത്രമായിരുന്നു ഞങ്ങളുടെ മനസ്സില്‍.
ഒട്ടേറെ ഓര്‍മ്മകളാണ് ഹിമാലയ ദര്‍ശന മാത്രയില്‍ ഓരോ ഭാരതീയന്റെ മനസ്സിലൂടെയും കടന്നുപോവുക. അവയില്‍ പൈതൃകപരവും പുരാണേതിഹാസപരവും സാംസ്ക്കാരികവും രാജ്യസ്നേഹപരവുമൊക്കെയുണ്ട്. ഋഷീശ്വരന്മാര് ശ്വസിക്കുന്ന പവിത്രമായ വായു നമുക്കും ശ്വസിക്കാനാവുന്നു എന്നതും അവര്‍ നടന്നുപോവുന്നയിടങ്ങളിലൂടെ നമുക്കും നടക്കാനാവുന്നു എന്നതും ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനും കര്‍ണനും യുധിഷ്ഠിരനും അര്‍ജ്ജുനനും ഭീമനും ത്രേതായുഗത്തില്‍ ശ്രീരാമലക്ഷ്മണന്മാരും സീതയുമൊക്കെ നീരാടി ധന്യമാക്കിയ നദീസംഗമങ്ങളില്‍ ഈ കലിയുഗത്തില്‍ നമുക്കും മുങ്ങിക്കുളിക്കാനാവുന്നുവെന്നതും കോരിത്തരിപ്പിക്കുന്ന അനുഭൂതിയാണ് ഉളവാക്കുക. കമ്പളി വസ്ത്രങ്ങള്‍ കൊണ്ടു മൂടിയിട്ടും മണിക്കൂറുകള്‍ പോലും ചെലവിടാന്‍ കൊടും തണുപ്പ് മൂലം നാം ബുദ്ധിമുട്ടുമ്പോള്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ഇരുപത്തിനാല് മണിക്കൂറും വീടിനേയും വീട്ടുകാരേയും ഉപേക്ഷിച്ച് ഹിമവല്ശിഖരങ്ങളില് ഉറക്കമൊഴിഞ്ഞ് നമുക്ക് കാവല്നില്ക്കുന്ന ധീരജവാന്മാരുടെ മഹത്തായ ത്യാഗത്തെപ്പറ്റിയും അതിനിടെ ഞാന്‍ ഓര്‍ത്തുപോയി. ഇന്ത്യാ-ചൈനാ അതിര്‍ത്തിയായ മനാ പാസില്‍ നിന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ അറിയാതെ, അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുപോയി- മേരാ ഭാരത് മഹാന്. മഞ്ഞുമലകള്‍ അതേറ്റു വിളിക്കുന്നതുപോലെ അനുഭവപ്പെട്ടു അതിന്റെ പ്രതിധ്വനി കേട്ടപ്പോള്‍.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: