പരിസ്ഥിതി സാക്ഷരത കേരളത്തിലെ രാഷ്ട്രീയ നേതാക്കള്ക്കന്യമാണ്. വികസനം അവര്‍ക്ക് നിബിഡ വനങ്ങളും തടാകങ്ങളും നീര്‍ത്തടങ്ങളും വയലുകളും നശിപ്പിക്കുക എന്നതാണ്. കേരളത്തിന്റെ ഹരിതഭംഗിയാണ് വിനോദ സഞ്ചാര വികസനത്തിന്റെ അടിത്തറ. ഈ ഹരിതാഭ നശിപ്പിച്ചാണ് ഇന്ന് എല്ലാവിധ വികസനവും-പ്രത്യേകിച്ച് വിനോദസഞ്ചാര വികസനം-ആസൂത്രണം ചെയ്യപ്പെടുന്നത്. ലീഗിന്റെ കൊടിയൊഴിച്ചാല് ഹരിതനിറം രാഷ്ട്രീയക്കാര്‍ക്ക് അരോചകമായി മാറുകയാണ്.
ഇപ്പോള്‍ കടുത്ത വിവാദം ഉയര്‍ത്തിയിരിക്കുന്ന എമര്‍ജിംഗ് കേരള അടിവരയിടുന്നതും ഈ സത്യത്തിനാണ്. ഈ സംരംഭം പരിസ്ഥിതിനാശം ക്ഷണിച്ചുവരുത്തുകയാണെന്ന വിമര്‍ശനം പുച്ഛിച്ചുതള്ളി മുന്നോട്ടുവച്ച കാല് പിന്നോട്ടില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ സിപിഎം ചക്രവര്‍ത്തിയും പ്രതിപക്ഷനേതാവുമായ വിഎസ് ഉയര്‍ത്തുന്ന പ്രതിഷേധം വെറും അധരവ്യായാമമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുന്നത് എമര്‍ജിംഗ് കേരളയിലെ ‘ഇന്‍കെല്‍’ പദ്ധതിയ്ക്ക് വേണ്ടി പാണക്കാട് 250 ഏക്കര്‍ 90 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയത് ഇടതുസര്‍ക്കാരാണെന്ന് അറിയുമ്പോഴാണ്. എമര്‍ജിംഗ് കേരളക്കെതിരെ ആരോപണം ഉയര്‍ത്തുന്ന വിഎസിനോ പിണറായി പ്രഭൃതികള്‍ക്കോ പരിസ്ഥിതി സാക്ഷരതയില്ല, ലാഭ സാക്ഷരത മാത്രമേയുള്ളൂ എന്ന നഗ്നസത്യമാണ് അവരുടെ ഭരണത്തിലും പ്രത്യക്ഷമായത്.
ഇപ്പോള്‍ യുഡിഎഫ് ഭരണനിയന്ത്രണം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കായതിനാല് പാണക്കാട് 27 സ്ഥാപനങ്ങളാണ് ഇന്‍കെല്‍ തുടങ്ങുന്നത്. എഡ്യുഹെല്‍ത്ത് സിറ്റിക്കായി 2236 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമത്രെ. ഇതില്‍ 74 ശതമാനം സ്വകാര്യ നിക്ഷേപമാണ്. ഇന്‍കെല്‍ പദ്ധതിയില്‍ വിനോദസഞ്ചാര വികസനത്തിന് അടിത്തറയിട്ട ടി.ബാലകൃഷ്ണന് തന്നെയാണ് വികസനത്തിന്റെ പേരില്‍ കേരളത്തെ മരുഭൂമിയാക്കാനും യത്നിക്കുന്നത്. ഒട്ടകങ്ങളെ വളര്‍ത്തലും എമര്‍ജിംഗ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഭാവിയില്‍ മരുഭൂമി ടൂറിസത്തിന് സഹായകമായേക്കാം. കെഎസ്ഐഡിസിയുടെ 250 ഏക്കര്‍, കിന്‍ഫ്രയുടെ 85 ഏക്കര്‍, സിഡ്കോയുടെ 1.3 ഏക്കര്‍, ടെല്‍ക്കിന്റെ കൈവശമുള്ള 35 ഏക്കര്‍ എന്നിവയാണ് ഇപ്പോള്‍ ഇന്‍കെലിന് കൈമാറിയത്. ഭരണം കൈകാര്യം ചെയ്യുന്നവര്‍ ഇന്ന് കമ്മീഷന് ഏജന്റുമാരാകുകയാണോ? കോടികളുടെ വിലയുള്ള ഭൂമി നിസ്സാരമായ ഓഹരി കയ്യില്‍ വച്ച് ദാനം ചെയ്തിരിക്കുന്നത് ജനക്ഷേമത്തിന് വേണ്ടിയാണെന്ന് വിശ്വസിക്കത്തക്ക മൂഢത്വം കേരള ജനതയ്ക്കില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജിം പദ്ധതികള്‍ പുതിയ പേരില്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് വി. എം. സുധീരന് ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ഒരിഞ്ചു ഭൂമിപോലും വില്‍ക്കില്ലെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ബോധപൂര്‍വം മറക്കുന്നത് 90 വര്‍ഷത്തെ പാട്ടവ്യവസ്ഥ വില്ക്കുന്നതിനേക്കാള് ദോഷകരമാണെന്ന യാഥാര്‍ത്ഥ്യമാണ്. പരിസ്ഥിതി ഐക്യവേദി കണ്‍വെന്‍ഷനും ആവശ്യപ്പെട്ടത് ആറന്മുളയിലേയും വയനാട്ടിലെ ചിക്കനല്ലൂരിലേയും വിമാനത്താവള പദ്ധതി വേണ്ടെന്ന് വയ്ക്കണമെന്നാണ്. വികസനത്തിന്റെ പേരില്‍ വിമാനത്താവള പദ്ധതികള്‍ കോര്‍പ്പറേറ്റ് പ്രീണനത്തിനായി ആദിവാസി മേഖലയിലും പൈതൃക മേഖലയായ ആറന്മുളയിലും അനുവദിക്കരുത്. ഏത് ആദിവാസിയാണാവോ വിമാനയാത്ര നടത്തുന്നത്!
പരിസ്ഥിതിവാദികളെ വികസന വിരോധികളായി മുദ്രകുത്തി കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് യുഡിഎഫ് സര്‍ക്കാര്‍. പക്ഷെ ഏത് പശ്ചാത്തലത്തിലാണ് ഇതിന് ശ്രമിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല-അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. ആരോഗ്യവികസന സൂചികകളില്‍ മുന്നില്‍നിന്നിരുന്ന കേരളം ഇന്ന് രോഗഗ്രസ്തമാണ്. ഇവിടെ വികസിക്കുന്നത് സ്വകാര്യ ആശുപത്രികളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉയര്‍ന്ന ജനസാന്ദ്രതയുമുള്ള കേരളം പരിസ്ഥിതി സമ്പന്നമെന്നപോലെ പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ് എന്ന സത്യം തമസ്കരിക്കപ്പെടുകയാണ്.
ഇവിടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യപ്പെട്ട് പ്രകൃതി-മനുഷ്യബന്ധം നശിച്ച്, വനവും മരങ്ങളും വന്യമൃഗങ്ങളും ഇല്ലാതായി. കുന്നുകളും പാറക്കെട്ടുകളും തകര്‍ത്ത് തണ്ണീര്‍ത്തടങ്ങളും തോടുകളും നികത്തി, നദികളുടെ ഒഴുക്ക് മണല്‍വാരല്‍മൂലം നിലച്ച് ഉപ്പുവെള്ളം കയറി ശുദ്ധജലവും ശുദ്ധവായുപോലുമില്ലാത്ത നാടായി മാറിയ കേരളത്തിലേക്കാണ് എമര്‍ജിംഗ് കേരള നിക്ഷേപകരെ ആനയിച്ച് കൊണ്ടുവന്ന് അവശേഷിക്കുന്ന പ്രകൃതി സമ്പത്തും അടിയറ വയ്ക്കാന്‍ തുനിയുന്നത്. നേര്‍ത്ത മഴയില്‍പോലും അടുത്തിടെ ഉരുള്‍പൊട്ടലുണ്ടായത് പാറഖനനം മൂലമാണെന്ന് കണ്ടെത്തുകയുണ്ടായി. മൂലധന ശക്തികള്‍ വികസനം കൊണ്ടുവരുമ്പോള്‍ നശിക്കുന്നത് മണ്ണും വെള്ളവും നദികളും ജൈവവൈവിധ്യവുമായിരിക്കും. പശ്ചിമഘട്ടം പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണെന്ന പഠനം പോലും അവഗണിച്ചാണ് നെല്ലിയാംപതിയിലും വാഗമണിലും പീരുമേട്ടിലും മറ്റും നിക്ഷേപകരെ കൊണ്ടുവരുന്നത്. ഉള്വനങ്ങള് വൃക്ഷങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന വസ്തുതയും നിരാകരിക്കപ്പെടുന്നു.
കേരളത്തിലെ 5,56,000 ഹെക്ടര്‍ നെല്‍വയലാണ് 1975-2011 കാലഘട്ടത്തില്‍ നശിച്ചത്. ഇതില്‍ 16781 ചതുരശ്ര ഹെക്ടര്‍ വയല്‍ നിശ്ശേഷം അപ്രത്യക്ഷമായി. വേമ്പനാട്ട് കായലിന്റെ വിസ്തൃതി 37,000 ഹെക്ടറില്‍നിന്ന് 13,000 ഹെക്ടര്‍ ആയി ചുരുങ്ങി. ഈ കണക്കുകള്‍ കഴിഞ്ഞ പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടതാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപീകരിക്കണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അതിന്റെ തലപ്പത്ത് വരുന്നതും അഴിമതിയില്‍ ആറാടിയവര്‍ തന്നെ! 200 മീറ്റര്‍ തീരപ്രദേശം വികസനത്തിനുപയോഗിക്കരുതെന്ന നിയമവും ലംഘിക്കപ്പെടുകയാണ്.
ഇപ്പോള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും വനങ്ങളെ വനങ്ങളായി തന്നെ സംരക്ഷിക്കണമെന്നും എസ്റ്റേറ്റ് ഭൂമി വനഭൂമിയാണോ എന്ന് പരിശോധിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വികസനപരിവേഷം നല്കി മൂലധനശക്തികളെ വരവേല്‍ക്കുന്ന സര്‍ക്കാര്‍ വികസനത്തില്‍ ദരിദ്രരെ പങ്കാളികളാക്കുന്നതേയില്ല. വനങ്ങള്‍ നിക്ഷേപകര്‍ക്ക് തീറെഴുതുമ്പോള്‍ ആദിവാസി സംസ്ക്കാരവും ആദിവാസികളും അപ്രത്യക്ഷരാകും. മാനവശേഷി വികസനം വികസന അജണ്ടയിലില്ല. എല്ലാം സ്വകാര്യ മേഖലയ്ക്ക് കാഴ്ചവച്ച് നിക്ഷേപകര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കുന്ന തന്ത്രമാണ് എമര്‍ജിംഗ് കേരള എന്ന് പരിസ്ഥിതി സമ്മേളനം വിമര്‍ശിക്കുകയുണ്ടായി. വനപരിപാലനമോ കാര്‍ഷിക-ആദിവാസി സമൂഹ പങ്കാളിത്തമോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമോ എമര്‍ജിംഗ് കേരളയിലില്ല. ജിസിഡിഎ അറിയാതെയാണ് അവരുടെ ഭൂമിയും എമര്‍ജിംഗ് കേരളയുടെ ഭാഗമായത്. സാമൂഹിക വനവല്ക്കരണത്തില് ലക്ഷക്കണക്കിന് കോടികള്‍ ഒഴുകിയപ്പോള്‍ വനവല്‍ക്കരണം വിദേശമരങ്ങള്‍ നട്ടുപിടിപ്പിച്ചായിരുന്നു എന്ന വസ്തുത പഴയ പത്രപ്രവര്‍ത്തകര്‍ ഇന്നും മറന്നിട്ടില്ല.
പരിസ്ഥിതി ഐക്യവേദി സംഘടിപ്പിച്ച പരിസ്ഥിതി കോണ്‍ഗ്രസില്‍ വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞത് മഹാത്മാഗാന്ധിപോലും ഭരണത്തിലേറിയാല്‍ സ്ഥാപിത താല്പ്പര്യക്കാരാല് സ്വാധീനിക്കപ്പെടും എന്നാണ്. അത്രയ്ക്ക് സമര്‍ത്ഥരാണത്രെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍. അപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സ്ഥിതി എന്തായിരിക്കുമെന്നാണ് ബല്‍റാം പരോക്ഷമായി ചോദിച്ചത്.
ഐടി വികസനത്തിനായി ഐടി മുതലാളിമാര്‍ക്ക് ഭൂമി നല്കുമ്പോള് അവരും റിയല്‍ എസ്റ്റേറ്റ് മാഫിയകളായി മാറിയ ചരിത്രവും കേരളത്തിലുണ്ട്. കേരളം ഐടി വികസനത്തില്‍ പിന്നിലായത് ഇടതുപക്ഷത്തിന്റെ അന്ധമായ കമ്പ്യൂട്ടര്‍ വിരോധമാണെന്നത് ഒരു വസ്തുതയാണെങ്കിലും ഐടി വികസനവും ഇപ്പോള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഭൂമിയും അതിന്റെ ഭാഗമാകുന്നതിനാലാണ്.
കരിമണല്‍ ഖാനനവും മണല്‍വാരലും എന്നും കേരളത്തിന് ദുഃസ്വപ്നമാണ്. നദികള്‍ നിലച്ച്, കിണര്‍ വറ്റി ആവാസവ്യവസ്ഥ ശോഷിക്കുമ്പോഴും അധികൃതര്‍ വിഭാവനം ചെയ്യുന്നത് നദികളില്‍ അണക്കെട്ട് നിര്‍മിച്ചുള്ള ഊര്‍ജോല്‍പ്പാദനമാണ്. ഊര്‍ജ്ജം കേരളത്തിന് ഒരു പ്രശ്നം തന്നെയാണ്. പക്ഷെ കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയെ മാത്രമാണ് കേരളം ആശ്രയിക്കുന്നത്. കാറ്റാടി വൈദ്യുതിയോ സൗരോര്‍ജ്ജമോ അധികാരികളുടെ വീക്ഷണകോണിലില്ല എന്നത് പരിസ്ഥിതിവാദികള്‍ നിരന്തരം ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണ്.
വികസനവാദികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. മൂവായിരം മില്ലിലിറ്റര്‍ മഴ കിട്ടുന്ന, 44 നദികളും അരുവികളും കായലുകളും പതിനായിരക്കണക്കിന് കിണറുകളുമുള്ള കേരളത്തില്‍ ലിറ്ററിന് 15 രൂപ നല്കി പച്ചവെള്ളം കുടിക്കുന്നവരാണ് നാം എന്ന് സി.ആര്.നീലകണ്ഠന് പറയുന്നു. കേരളം ഇന്ന് കോണ്‍ക്രീറ്റ് വനമായി മാറി. പക്ഷെ ഇവിടത്തെ കെട്ടിട നിര്‍മ്മാണം പ്രകൃതിവിരുദ്ധമാണെന്ന് പറഞ്ഞത് ലാറി ബേക്കര്‍ എന്ന സായിപ്പായിരുന്നു. മലയാളികള്‍ക്ക് എന്നും വലിയ വീടിനോട് ഭ്രമമാണ്. ഏത് വിദേശ മലയാളി പണിയുന്ന വീടും കൊട്ടാരസദൃശമായിരിക്കും. വീടിനായി പാടങ്ങള്‍ നികത്തി, കുന്നുകള്‍ ഇടിച്ച് ഒറ്റപ്പെട്ട്, ഫ്ലാറ്റ് നിവാസികളും ടിവി അഡിക്റ്റുകളുമായി ഉള്‍വലിഞ്ഞ സമൂഹമായി മലയാളി മാറുന്നു. കൂട്ടായ്മ എന്ന വാക്കുപോലും അറിയാത്തവര്‍. ഒരേക്കര്‍ നെല്‍പ്പാടം നികത്തിയാല്‍ അത് പ്രതിവര്‍ഷം ശേഖരിക്കുന്ന 500 കോടി ലിറ്റര്‍ ജലം നഷ്ടപ്പെടുമെന്നിരിക്കെയാണ് ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്തി ആര്‍ക്കും പ്രയോജനകരമല്ലാത്ത വിമാനത്താവളങ്ങള്‍ വികസനത്തിന്റെ പേരില്‍ കൊണ്ടുവരുന്നത്. കാര്‍ഷിക സംസ്ക്കാരത്തിന്റെ മരണമണിയാണിത്.
എമര്‍ജിംഗ് കേരളയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കേരളം ഇന്നഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. പക്ഷെ വികസന ഭൂതം ബാധിച്ചവരുടെ കണ്ണില്‍ ലക്ഷങ്ങള്‍ വരുന്ന ഭൂരഹിതര്‍ക്കോ വീടില്ലാത്തവര്ക്കോ മാലിന്യം കൊല്ലുന്ന രോഗബാധിതരായ മനുഷ്യര്‍ക്കോ പരിഗണന ലഭിക്കുമോ?
എമര്‍ജിംഗ് കേരള കൊച്ചിയെ ത്രില്ലടിപ്പിക്കുന്നത് ഇവിടെ 60,000 കോടി നിക്ഷേപവും അരലക്ഷത്തില്‍ അധികം പേര്‍ക്ക് തൊഴിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍ തന്നെ വല്ലാര്പാട ടെര്‍മിനലും മെട്രോ റെയിലും സ്മാര്‍ട്ട് സിറ്റിയും മറ്റും കൊച്ചിയെ മറ്റൊരു ദുബായിയോ സിംഗപ്പൂരോ ആക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന റോഡുകളെയും മാലിന്യം നിറഞ്ഞ തോടുകളേയും എങ്ങനെ മറക്കുന്നു? മൂലമ്പിള്ളി-വല്ലാര്‍പാടം പദ്ധതികളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍, ഇപ്പോള്‍ തന്നെ ദുരിതക്കയത്തിലാണ്. റോഡ് വീതി കൂട്ടല്‍ ഇവിടെ എന്നും കീറാമുട്ടിയാണ്. പെട്രോ കെമിക്കല്‍ പാര്‍ക്ക് നടപ്പാക്കുന്നത് പതിനായിരം ഏക്കറിലാണത്രെ. വികസനവും തൊഴിലവസരവും സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍ കുടിയിറക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേരളത്തില്‍ വരേണ്ടത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: